160 കിമീ വേഗത, മിൽട്ടണ്‍ ചുഴലിക്കാറ്റ് കരതൊട്ടു, 6 വിമാനത്താവളങ്ങൾ അടച്ചു
മിൽട്ടണ്‍ കൊടുങ്കാറ്റ് കര തൊട്ടു. അമേരിക്കയിലെ സിയെസ്റ്റകീ എന്ന നഗരത്തിൽ ആണ് കൊടുങ്കാറ്റ് കര തൊട്ടിട്ടുള്ളത്. ഫ്ലോറിഡയുടെ തീരപ്രദേശങ്ങളിൽ ഇപ്പോൾ കനത്ത കാറ്റും മഴയും ലഭിക്കുന്നുണ്ട്. ലക്ഷക്കണക്കിന് പേരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിയിട്ടുണ്ടെന്ന് അധികൃതർ. കനത്ത മഴയും കാറ്റും അനുഭവപ്പെടുന്നതിനാൽ ആറ് വിമാനത്താവളങ്ങൾ അടച്ചു. രണ്ടായിരത്തോളം വിമാന സർവ്വീസുകൾ റദ്ദാക്കി എന്നും അധികൃതർ. വെള്ളപ്പൊക്കത്തിനും മിന്നൽ പ്രളയത്തിനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ് നൽകിയിട്ടുള്ളത്.
മിൽട്ടണ്‍ കര തൊട്ടത് 160 കിലോമീറ്റർ വേഗതയിൽ കാറ്റഗറി 3 ചുഴലിക്കാറ്റായി ആണ്. 205 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാൻ സാധ്യത എന്നാണ് മുന്നറിയിപ്പ് . മിൽട്ടണെ നേരിടാൻ വലിയ മുന്നൊരുക്കങ്ങളാണ് ഫ്ലോറിഡയിൽ നടത്തിയിട്ടുള്ളത്. മുൻകരുതലിന്‍റെ ഭാഗമായി ഫ്ലോറിഡയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. 2005ലെ റീത്ത ചുഴലിക്കാറ്റിനുശേഷം ഏറ്റവും പ്രഹരശേഷിയുള്ള കൊടുങ്കാറ്റായിരിക്കും മിൽട്ടണ്‍ എന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നൽകുന്ന അറിയിപ്പ് . സുരക്ഷ മുൻനിർത്തി ജനങ്ങളോട് വീടുകളിൽ നിന്ന് ഒഴിഞ്ഞുപോകാൻ ഗവർണർ റോൺ ഡി സാന്റിസ് നിർദേശം നൽകിയിട്ടുണ്ടായിരുന്നു . ലക്ഷക്കണക്കിന് ആളുകൾക്ക് വൈദ്യുത ബന്ധം നഷ്ടമായി ഇരുട്ടിലാണ്.
ഫ്ലോറിഡയിലും പരിസര പ്രദേശങ്ങളിലും കനത്ത നാശം വിതച്ച ഹെലീൻ ചുഴലിക്കൊടുങ്കാറ്റിന് പിന്നാലെയാണ് മിൽട്ടണ്‍ ചുഴലിക്കാറ്റും എത്തിയത്. അമേരിക്കയിലെ തെക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ആഞ്ഞടിച്ച ഹെലീൻ 160 ലധികം മനുഷ്യ ജീവൻ കവർന്നെടുത്തിരുന്നു. നോർത്ത് കരോലിനയിൽ മാത്രം 73 പേരുടെ ജീവനാണ് നഷ്ടമായത് . സൗത്ത് കരോലിനയിൽ 36 പേർക്ക് ജീവൻ നഷ്ടപ്പെട്ടിരുന്നു. ജോർജിയയിൽ 25 പേരും ഫ്ലോറിഡയിൽ 17 പേരും ടെന്നേസിയിൽ ഒൻപത് പേരും ആണ് മരിച്ചത്.
കാലാവസ്ഥ അപ്‌ഡേറ്റായിരിക്കാന്‍ താഴെ കൊടുത്ത ഞങ്ങളുടെ ഗ്രൂപ്പുകളില്‍ ചേരാം.
വാട്‌സ്ആപ്
ടെലഗ്രാം
വാട്‌സ്ആപ്പ് ചാനല്‍
Google News
Facebook Page
Weatherman Kerala Fb Page