മഞ്ഞുകാലത്ത് മക്കയില്‍ ചൂട്; വിദഗ്ധർ പറയുന്നത് ഇങ്ങനെ
അതിശൈത്യത്തിന്റെ പിടിയിലാണ് സൗദിയിലെ മിക്ക പ്രദേശങ്ങളും. സമീപപ്രദേശങ്ങളില്‍ ശൈത്യകാലമെത്തുമ്പോഴും മക്ക മസ്ജിദുല്‍ ഹറാം ഉള്‍പ്പെടുന്ന മക്ക നഗരിയില്‍ ചൂടാണ്. ഇതിന് പിന്നിലെ കാരണം എന്താണ്. കാലാവസ്ഥാ വിദഗ്ധർ പറയുന്നതിങ്ങനെ.
ഭൂമിശാസ്ത്രപരമായ കാരണങ്ങളും കാലാവസ്ഥാ ഘടകങ്ങളുമാണ് ഈ വ്യത്യാസത്തിന് കാരണമെന്ന് സൗദി അറേബ്യയിലെ പ്രശസ്ത കാലാവസ്ഥാ വിദഗ്ധന്‍ വിശദീകരിച്ചു. മക്കയുടെ പ്രത്യേക സ്ഥാനം പ്രധാന ഘടകമാണെന്ന് അല്‍ ഖസീം യൂണിവേഴ്സിറ്റിയിലെ കാലാവസ്ഥാ വിഭാഗം മുന്‍ പ്രൊഫസറും സൗദി വെതര്‍ ആന്‍ഡ് ക്ലൈമറ്റ് സൊസൈറ്റി വൈസ് പ്രസിഡന്റുമായ അബ്ദുല്ല അല്‍ മിസ്നാദ് ചൂണ്ടിക്കാട്ടുന്നു. വടക്കു നിന്നും മധ്യഭാഗത്തുമുള്ള തണുത്ത മഞ്ഞും കാറ്റും മക്കയിലെത്തുന്നത് ഹിജാസ് പര്‍വതനിരകളിലെ ഭീമാകാരമായ മലകള്‍ തടയുന്നു.
സമുദ്രനിരപ്പില്‍ നിന്ന് ഏകദേശം 300 മീറ്റര്‍ മാത്രം ഉയരത്തിലാണ് മക്ക സ്ഥിതിചെയ്യുന്നത്. ഉയര്‍ന്ന ഭാഗങ്ങളിലെ മറ്റു സ്ഥലങ്ങളെ അപേക്ഷിച്ച് ഇത്തരം പ്രദേശത്ത് തണുപ്പ് വളരെ കുറവായിരിക്കും.രാജ്യത്തിന്റെ വടക്കന്‍, മധ്യമേഖലകളെ ബാധിക്കുന്ന തണുത്ത വടക്കന്‍ കാലാവസ്ഥാ സ്വാധീനങ്ങളില്‍ നിന്ന് മക്കയെ തടയാന്‍ ഭൂമിശാസ്ത്രപരമായ അതിന്റെ തെക്കന്‍ സ്ഥാനം കാരണമാവുന്നു. ചെങ്കടലില്‍ നിന്ന് അധികം ദൂരത്തല്ല മക്ക സ്ഥിതിചെയ്യുന്നത്. ചെങ്കടല്‍ വൈകുന്നേരങ്ങളില്‍ തീരങ്ങളെയും സമീപ പ്രദേശങ്ങളെയും കടല്‍ക്കാറ്റ് സംവിധാനത്തിലൂടെ ചൂടാക്കുന്നു.
ഏറ്റവും പുതിയ തൊഴിൽ വിദ്യാഭ്യാസ വാർത്തകൾ ലഭിക്കാൻ ഈ ഗ്രൂപ്പിൽ അംഗമാകാം