Oman Weather 14/05/24: കനത്ത മഴ; പ്രളയം, ഒമാനിൽ 9 സ്കൂൾ കുട്ടികൾ ഉൾപ്പെടെ 12 മരണം, നാളെ സ്കൂളിന് അവധി
Oman Weather 14/05/24: ഒമാനിൽ കനത്ത മഴയും പ്രളയവും കാരണം 9 സ്കൂൾ കുട്ടികൾ ഉൾപ്പെടെ 12 മരിച്ചു. ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ഒമാനിലെ അഞ്ച് ഗവർണറേറ്റുകളിലെ സ്‌കൂളുകൾക്ക് വിദ്യാഭ്യാസ മന്ത്രാലയം നാളെ (15/04/24) അവധി പ്രഖ്യാപിച്ചു.
പ്രതികൂല കാലാവസ്ഥ നിലനിൽക്കുന്ന മസ്‌കത്ത്, നോർത്ത് അൽ ശർഖിയ, സൗത്ത് അൽ ശർഖിയ, അൽ ദഖിലിയ, അൽ ദാഹിറ ഗവർണറേറ്റുകളിലാണ് അവധി. ഈ ഗവർണറേറ്റുകളിൽ കനത്ത മഴ പെയ്യുമെന്ന് ഇന്ന് Metbeat Weather റിപ്പോർട്ട് ചെയ്തിരുന്നു.
ഈ ഗവർണറേറ്റുകളിലെ എല്ലാ പൊതു, സ്വകാര്യ, അന്തർദേശീയ സ്‌കൂളുകൾക്കും തിങ്കളാഴ്ച (2024 ഏപ്രിൽ 15) അവധിയായിരിക്കുമെന്നാണ് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.
ന്യൂനമർദത്തിന്റെ സ്വാധീനം നിലനിൽക്കുന്ന ഒമാനിൽ വിവിധ ഗവർണറേറ്റുകളിൽ ശക്തമായ മഴ തുടരുകയാണ്. മസ്‌കത്ത്, നോർത്ത് അൽ ബാത്തിന, സൗത്ത് അൽ ബാത്തിന, സൗത്ത് അൽ ശർഖിയ, നോർത്ത് അൽ ശർഖിയ, അൽ ദാഹിറ, അൽ ദഖിലിയ എന്നീ ഗവർണറേറ്റുകളുടെ ചില ഭാഗങ്ങളിലാണ് ഇടിമിന്നലോടെയുള്ള മഴ ലഭിച്ചത്.
പലയിടങ്ങളിലും വെള്ളം കയറിയതായി റിപ്പോർട്ടുകളുണ്ട്. നോർത്ത് അൽ ശർഖിയ ഗവർണറേറ്റിലെ നിയാബത്ത് സമദ് അൽ ഷാനിൽ കുട്ടികളെയും കൊണ്ടുപോവുകയായിരുന്ന സ്കൂൾ ബസ് വാദിയിലെ വെള്ളക്കെട്ടിൽ കുടുങ്ങി. ഇവിടെ നിന്ന് രണ്ട് പേരെ രക്ഷിച്ചതായി റോയൽ ഒമാൻ പൊലീസ് അറിയിച്ചു.
കാണാതായവർക്കായി തെരച്ചിൽ തുടരുന്നുണ്ട്. രക്ഷപ്പെടുത്തിയ രണ്ട് പേരെ ഇബ്ര ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ഇബ്ര വിലായത്തിൽ 27 പേരെയും കൊണ്ടുപോവുകയായിരുന്ന ഒരു സ്കൂൾ ബസ് വാദിയിൽ കുടുങ്ങിയെന്നും മറ്റൊരു സംഭവത്തിൽ നിസ്‍വ വിലായത്തിൽ 21 വിദ്യാർത്ഥികൾ വെള്ളക്കെട്ടിൽ ബസിനുള്ളിൽ അകപ്പെട്ടുവെന്നും ഔദ്യോഗിക അറിയിപ്പുകളിൽ പറയുന്നു.
അതിശക്തമായ മഴ പെയ്ത നോർത്ത് അൽ ശർഖിയയിൽ പലയിടങ്ങളിലും വെള്ളം കയറി. വാദികളിൽ വെള്ളം നിറഞ്ഞ് ഒഴുകുകയാണ്. ഇവിടെയുള്ള ഒരു റൗദ സ്കൂളിൽ വെള്ളം കയറിയെങ്കിലും നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് നോർത്ത് അൽ ശർഖിയയിലെ വിദ്യാഭ്യാസ ഡയറക്ടറേറ്റ് വ്യക്തമാക്കി. ഇവിടെ സ്ഥിതിഗതികൾ നിയന്ത്രിക്കാൻ റോയൽ ഒമാൻ പൊലീസിന്റെ സഹായം തേടുകയായിരുന്നു.
പ്രവാസികൾ നാട്ടിലെയും ഗൾഫിലെയും കാലാവസ്ഥ അറിയാൻ ഈ WhatsApp ഗ്രൂപ്പിൽ ചേരുക.
FOLLOW US ON GOOGLE NEWS