സൂര്യാഘാതത്തിൽ 11 മരണം ; സംഭവം അമിത് ഷാ പങ്കെടുത്ത പരിപാടിയിൽ

നവീ മുംബൈയിലെ ഗാർഗറിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ പങ്കെടുത്ത അവാർഡ് ദാന പരിപാടിക്ക് എത്തിയ 600 പേർക്ക് സൂര്യാഘാതം ഏറ്റു. 11 പേർ മരിച്ചതായി മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ഒരു മരണം സ്ഥിരീകരിച്ചിട്ടില്ല. എല്ലാവരും ചികിത്സയിലാണ്. അപ്പാസാഹെബ് ധർമാധികാരി എന്നറിയപ്പെടുന്ന ആക്ടിവിസ്റ്റ് ദത്താത്രേയ നാരായണന് മഹാരാഷ്ട്ര ഭൂഷൺ പുരസ്കാരം നൽകുന്ന ചടങ്ങിൽ എത്തിയവർക്കാണ് സൂര്യാഘാതം ഏറ്റത്.

ഇവരെ ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും 11പേർ മരിക്കുകയായിരുന്നു. നവീ മുംബൈയിൽ ഞായറാഴ്ച ഉച്ചയോടെ ആയിരുന്നു സംഭവം . 10000 കണക്കിന് ആളുകൾ ചുട്ടുപൊള്ളുന്ന വെയിലിൽ അഞ്ച് മണിക്കൂറിൽ അധികം ഇരുന്നു. മന്ത്രിമാർ ഉൾപ്പെടെ നിരവധി വിഐപികൾ പങ്കെടുത്ത ചടങ്ങിനിടയാണ് സൂര്യാഘാതം ഉണ്ടായത്.

സമ്മേളനം നടന്ന സ്ഥലത്ത് 38 ഡിഗ്രി ചൂട് ഉണ്ടായിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. ചടങ്ങിൽ പങ്കെടുത്ത പലർക്കും ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടിരുന്നു. 125 ഓളം പേർക്ക് തളർച്ചയും നെഞ്ചുവേദനയും അനുഭവപ്പെട്ടിരുന്നതായും റിപ്പോർട്ടിൽ പറയുന്നു. രാവിലെ 11:30 ന് ആരംഭിച്ച ചടങ്ങ് ഉച്ചയ്ക്ക് ഒരു മണിക്ക് ആണ് അവസാനിച്ചത്.


മരിച്ചവരുടെ കുടുംബങ്ങൾക്ക് അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം നൽകുമെന്ന് മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ അറിയിച്ചു. സൂര്യാഘാതത്തെ തുടർന്ന് ചികിത്സ തേടിയവരുടെ ആശുപത്രി ചെലവുകള്‍ സര്‍ക്കാര്‍ വഹിക്കുമെന്നും മുഖ്യമന്ത്രി വിശദമാക്കി. അതേസമയം അപകടത്തിൽ സർക്കാരിനെ വിമർശിച്ചുകൊണ്ട് മുൻ മുഖ്യമന്ത്രി ഉദ്ദവ് താക്കറെ രംഗത്തെത്തി. ചികിത്സയിലിരിക്കുന്നവരെ ഞങ്ങൾ സന്ദർശിച്ചിരുന്നു. അഞ്ചിലധികം രോഗികളുമായി സംസാരിച്ചു. രണ്ടു പേർ ഗുരുതരാവസ്ഥയിലാണ്. കൃത്യമായ ആസൂത്രണത്തോട് കൂടിയല്ല അവാർഡ് ദാന ചടങ്ങ് സംഘടിപ്പിച്ചത്. സംഭവം ആര് അന്വേഷിക്കുമെന്നും ഉദ്ദവ് താക്കറെ ചോദിച്ചു.

എന്താണ് സൂര്യാഘാതം

അന്തരീക്ഷതാപം ഒരു പരിധിക്കപ്പുറം ഉയര്‍ന്നാല്‍ മനുഷ്യശരീരത്തിലെ താപനിയന്ത്രണ സംവിധാനങ്ങള്‍ തകരാറിലാകുകയും ഇതുമൂലം ശരീരത്തില്‍ ഉണ്ടാകുന്ന താപംപുറത്തുകളയുന്നതിന് തടസ്സം നേരിടുകയും ചെയ്യും. ഇത് ശരീരത്തിലെ പല നിർണായക പ്രവർത്തനങ്ങളെയും തകരാറിലാക്കും ഈ അവസ്ഥയാണ് സൂര്യാഘാതം എന്ന് പറയുന്നത്.

ലക്ഷണങ്ങൾ

ഉയർന്ന ശരീര താപം, വറ്റിവരണ്ട ചുവന്ന ചൂടായ ശരീരം, ശക്തമായ തലവേദന, തലകറക്കം, മന്ദഗതിയിലുള്ള നാഡീമിടിപ്പ്, മാനസികാവസ്ഥയിലുള്ള മാറ്റങ്ങൾ എന്നിവയോടൊപ്പം ചില അബോധാവസ്ഥയും കാണപ്പെടും ഈ ലക്ഷണങ്ങൾ കാണുകയാണെങ്കിൽ ഡോക്ടറുടെ സേവനം ഉടൻതന്നെ ലഭ്യമാക്കേണ്ടതാണ്.

എന്താണ് സൂര്യതപം

സൂര്യാഘാതത്തേക്കാള്‍ കുറച്ചുകൂടി കാഠിന്യം കുറഞ്ഞ അവസ്ഥയാണ് സൂര്യതപം. കൂടുതല്‍ സമയം വെയിലത്ത് ജോലി ചെയ്യുന്നവരില്‍ നേരിട്ട് വെയില്‍ ഏല്‍ക്കുന്ന ശരീരഭാഗങ്ങള്‍ സൂര്യാതപമേറ്റ് ചുവന്നു തടിക്കുകയും വേദനയും പൊള്ളലും ഉണ്ടാവുകയും ചെയ്യാം. ഇവര്‍ ഉടനടി ചികിത്സ തേടേണ്ടതാണ്. പൊള്ളലേല്‍ക്കുന്ന ഭാഗത്തുണ്ടാകുന്ന കുമിളകള്‍ പൊട്ടിക്കാന്‍ പാടില്ല.

ലക്ഷണങ്ങള്‍

ക്ഷീണം, തലകറക്കം, തലവേദന, പേശിവലിവ്, ഓക്കാനവും ഛര്‍ദ്ദിയും, അസാധാരണമായ വിയര്‍പ്പ്, കഠിനമായ ദാഹം, മൂത്രത്തിന്റെ അളവ് തീരെ കുറയുകയും കടും മഞ്ഞനിറം ആവുകയും ചെയ്യുക, ബോധക്ഷയം എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍.

സൂര്യാഘാതമേറ്റു എന്ന് തോന്നിയാല്‍ ഉടനടി സ്വീകരിക്കേണ്ട മാര്‍ഗങ്ങള്‍

സൂര്യാഘാതം, സൂര്യതപം എന്നിവയേറ്റതായി സംശയം തോന്നിയാല്‍ വെയിലുള്ള സ്ഥലത്തുനിന്ന് തണുത്ത സ്ഥലത്തേക്ക് മാറി വിശ്രമിക്കണം. ധരിച്ചിരിക്കുന്ന കട്ടി കൂടിയ വസ്ത്രങ്ങള്‍ നീക്കുക. തണുത്ത വെള്ളം കൊണ്ട് മുഖവും ശരീരവും തുടയ്ക്കുക. ഫാന്‍, എ.സി. അല്ലെങ്കില്‍ വിശറി എന്നിവയുടെ സഹായത്താല്‍ ശരീരം തണുപ്പിക്കുക.ധാരാളം പാനീയങ്ങള്‍ കുടിക്കാന്‍ നല്‍കണം. ഫലങ്ങളും സാലഡുകളും കഴിക്കുവാന്‍ നല്‍കുക ആരോഗ്യസ്ഥിതി മെച്ചപ്പെടുന്നില്ലെങ്കിലോ ബോധക്ഷയം ഉണ്ടാവുകയോ ചെയ്താല്‍ ഉടനടി അടുത്തുള്ള ആശുപത്രിയിലെത്തിച്ച് ചികിത്സ ലഭ്യമാക്കേണ്ടതാണ്.

പ്രതിരോധമാര്‍ഗങ്ങള്‍

വേനല്‍ക്കാലത്ത് പ്രത്യേകിച്ച് ചൂടിന് കാഠിന്യം കൂടുമ്പോള്‍ ദാഹം തോന്നിയില്ലെങ്കില്‍ പോലും ധാരാളം വെള്ളം കുടിക്കുക. കുടിക്കുന്ന വെള്ളം ശുദ്ധജലമാണെന്ന് ശുദ്ധജലമാണെന്ന് ഉറപ്പുവരുത്തണം. ധാരാളം വിയര്‍ക്കുന്നവര്‍ ഉപ്പിട്ട കഞ്ഞിവെള്ളം, മോര്, നാരങ്ങാവെള്ളം എന്നിവ ധാരാളമായി കുടിക്കുക. വെള്ളം ധാരാളം അടങ്ങിയിട്ടുള്ള തണ്ണിമത്തന്‍, ഓറഞ്ച് മുതലായ പഴങ്ങളും പച്ചക്കറി സാലഡുകളും കൂടുതലായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം. ശരീരം മുഴുവന്‍ മൂടുന്ന അയഞ്ഞ പരുത്തിവസ്ത്രങ്ങള്‍ ധരിക്കുക. വെയിലത്ത് ജോലി ചെയ്യേണ്ടി വരുന്ന അവസരങ്ങളില്‍ ഉച്ചയ്ക്ക് 11 മണി മുതല്‍ 3 മണി വരെയുള്ള സമയം വിശ്രമവേളയായി പരിഗണിച്ച് ജോലി സമയം ക്രമീകരിക്കുക. കുട്ടികളെ വെയിലത്ത് കളിക്കാന്‍ അനുവദിക്കരുത്.

കാറ്റ് കടന്ന് ചൂട് പുറത്ത് പോകത്തക്ക രീതിയില്‍ വീടിന്റെ വാതിലുകളും ജനലുകളും തുറന്നിടുക.വെയിലത്ത് പാര്‍ക്ക് ചെയ്യുന്ന കാറിലും മറ്റും കുട്ടികളെ ഇരുത്തിയിട്ട് പോകരുത്. കുട്ടികളെയും, പ്രായമായവരെയും, ഗര്‍ഭിണികളെയും, ഹൃദ്രോഗം മുതലായ ഗുരുതര രോഗം ഉള്ളവരെയും പ്രത്യേകം ശ്രദ്ധിക്കുക. ഇവര്‍ക്ക് ചെറിയ രീതിയില്‍ സൂര്യാഘാതം ഏറ്റാല്‍ പോലും ഗുരുതരമായ സങ്കീര്‍ണതകള്‍ ഉണ്ടാകാം.

വെള്ളം കുറച്ചു കുടിക്കുന്നവര്‍, വെയിലത്ത് ജോലി ചെയ്യുന്നവര്‍, പോഷകാഹാര കുറവുള്ളവര്‍, തെരുവുകളിലും തുറസായ സ്ഥലങ്ങളിലും താല്‍ക്കാലിക പാര്‍പ്പിടങ്ങളും താമസിക്കുന്ന അഗതികള്‍, കൂടുതല്‍ സമയം പുറത്ത് ജോലി ചെയ്യുന്ന അന്യസംസ്ഥാന തൊഴിലാളികള്‍, മദ്യപാനികള്‍ എന്നിവരും അപകടസാധ്യത കൂടിയവരില്‍ ഉള്‍പ്പെടുന്നു. ഇത്തരക്കാരില്‍ സൂര്യാഘാതത്തിന്റെ ലക്ഷണങ്ങള്‍ പ്രകടമാകുന്നു എങ്കില്‍ ഉടന്‍ തന്നെ ചികിത്സ തേടേണ്ടതാണ്.

WhatsApp Group Join Now
Telegram Group Join Now
Instagram Group Join Now

Weather Journalist at metbeatnews.com. Graduated in English from Calicut University, and holds a Diploma in Electronics and Communication from Thiruvananthapuram Press Club and master of communication and journalism (MCJ) from Bharatiyar University with 6 years of experience in print and online media.

Leave a Comment