സുനാമി തിരമാല ജപ്പാന്‍, ദ.കൊറിയ തീരത്തെത്തി
ജപ്പാനില്‍ 90 മിനുട്ടിനിടെ 21 ഭൂചലനങ്ങള്‍. 4 നു മുകളില്‍ തീവ്രതയുള്ള ഭൂചലനങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തതെന്ന് ജപ്പാന്‍ കാലാവസ്ഥാ ഏജന്‍സി പറഞ്ഞു. 7.6 രേഖപ്പെടുത്തിയതാണ് ഇതില്‍ ഏറ്റവും തീവ്രതയുള്ള ഭൂചലനം. ഇതേ തുടര്‍ന്ന് സുനാമി മുന്നറിയിപ്പും പുറപ്പെടുവിച്ചിരുന്നു. തിരമാലകള്‍ മൂന്നു മീറ്റര്‍ ഉയര്‍ന്നു പൊങ്ങി. പ്രാദേശിക സമയം വൈകിട്ട് 4.10 നാണ് ശക്തമായ ഭൂചലനം അനുഭവപ്പെട്ടത്.
ജപ്പാന്റെ പടിഞ്ഞാറന്‍ തീരത്താണ് സുനാമി മുന്നറിയിപ്പ് നല്‍കിയത്. ഭൂചലനത്തെ തുടര്‍ന്ന് 33,000 വീടുകളില്‍ വൈദ്യുതി മുടങ്ങി. വാജിമ തുറമുഖത്ത് കടല്‍ത്തിരമാലകള്‍ക്ക് 1.2 മീറ്റര്‍ ഉയരം റിപ്പോര്‍ട്ട് ചെയ്തു. ഭൂചലനം ഉണ്ടായി 10 മിനുട്ടിന് ശേഷമാണ് ഇതെന്ന് ജപ്പാന്‍ കാലാവസ്ഥാ ഏജന്‍സി പറഞ്ഞു.
ഭൂചലന പ്രഭവ കേന്ദ്രത്തില്‍ നിന്ന് 300 കി.മി വരെ അതിശക്തമായ സുനാമി ഉണ്ടായേക്കുമെന്നാണ് മുന്നറിയിപ്പ്. ജപ്പാനിലെ പ്രധാന ദ്വീപായ ഹൊന്‍ഷുവിന് സമീപമാണ് ഭൂചലന പ്രഭവ കേന്ദ്രമെന്ന് പസഫിക് സുനാമി വാണിങ് സെന്റര്‍ അറിയിച്ചു. ഭൂചലനത്തെ തുടര്‍ന്ന് നാശനഷ്ടങ്ങള്‍ കണക്കാക്കി വരുന്നതേയുള്ളൂവെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു.
അതിനിടെ, ദക്ഷിണ കൊറിയയില്‍ ചെറു സുനാമിത്തിരയെത്തി. 43 സെ.മി ഉയരമുള്ള തിരമാലയാണ് കിഴക്കന്‍ പ്രവിശ്യയായ ഗാങ്വോണിലെത്തിയതെന്ന് യൊന്‍ഹാപ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. 2011 ന് ശേഷം ജപ്പാനിലുണ്ടാകുന്ന ഏറ്റവും വലിയ ഭൂചലനമാണ് ഇത്. 2011 ന് ശേഷം നല്‍കുന്ന പ്രധാന സുനാമി മുന്നറിയിപ്പും ഇന്നത്തേതാണ്. ജ്പ്പാനിലെ സമീപ ദ്വീപുകളായ തൊയാമ, നിഗാട്ട എന്നിവിടങ്ങളില്‍ 3 മീറ്റര്‍ ഉയരത്തിലുള്ള തിരമാലകളെത്തി.
ജപ്പാനിലെ ആണവ നിലയങ്ങളില്‍ പ്രശ്‌നങ്ങളൊന്നുമില്ലെന്ന് ന്യൂക്ലിയാര്‍ റെഗുലേറ്ററി അതോറിറ്റി പറഞ്ഞു. കെന്‍സായ് ഇലക്ട്രിക് പവറിന് അഞ്ചു ആണവോര്‍ജ നിലയങ്ങളാണുള്ളത്. ഇവ തടസമില്ലാതെ പ്രവര്‍ത്തിക്കുന്നുണ്ട്. ഭൂചലന പ്രഭവ കേന്ദ്രത്തിനു സമീപം പ്രവര്‍ത്തിക്കുന്ന ഇഷികാവ ആണവ നിലയം താല്‍ക്കാലികമായി അടച്ചു. ഈ പ്ലാന്റ് പരിശോധനയ്ക്ക് ശേഷമേ തുറക്കുകയുള്ളൂ.
2011 ലാണ് ജപ്പാനില്‍ ഏറ്റവും തീവ്രതയുള്ള ഭൂചലനവും സുനാമി മുന്നറിയിപ്പും പുറപ്പെടുവിച്ചത്. 9 തീവ്രതയുള്ള ഈ ഭൂചലനത്തില്‍ 18,000 പേര്‍ കൊല്ലപ്പെട്ടിരുന്നു. ശക്തമായ സുനാമിയില്‍ ഒരു നഗരം ഭൂപടത്തില്‍ നിന്ന് ഇല്ലാതായിരുന്നു. ഈ സുനാമിയിലാണ് ഫുക്കുഷിമ ആണവ പ്ലാന്റിന് ചോര്‍ച്ച സംഭവിച്ചത്.