എറണാകുളത്ത് വായു മലിനീകരണം രൂക്ഷം: കാരണം കണ്ടെത്താൻ എൻ.ജി.ടി ഉത്തരവ്

എറണാകുളം നഗരത്തിലെ വായുവിലെ രാസഗന്ധം പരിശോധിച്ചു കാരണം കണ്ടെത്താൻ ദൗത്യസംഘത്തെ സജ്ജമാക്കി നിർത്താൻ ദേശീയ ഗ്രീൻ ട്രൈബ്യൂണൽ (NGT) ഉത്തരവിട്ടു.
ഇതിനായി സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിനെ (KSPCB) ട്രൈബ്യൂണൽ ചുമതലപ്പെടുത്തിയെന്നും മലയാള മനോരമ റിപ്പോർട്ട് ചെയ്തു.

അന്തരീക്ഷത്തിൽ രാസപദാർഥങ്ങളും കറുത്ത തരികളും തങ്ങി നിൽക്കുന്നതിനാൽ രാത്രിയിൽ ശ്വാസ തടസം അനുഭവപ്പെടുന്നതായി ചൂണ്ടിക്കാട്ടി എരൂർ സ്വദേശി എ.രാജഗോപാൽ സമർപ്പിച്ച നിവേദനത്തിൽ സ്വമേധയ കേസെടുത്താണു ഗ്രീൻ ട്രൈബ്യൂണലിന്റെ തുടർ നടപടി.

ഹർജിക്കാരൻ മാത്രമല്ല പ്രാണവായുവിൽ രാസഗന്ധം അനുഭവപ്പെടുന്നതായി ആര് വിവരം അറിയിച്ചാലും ഉടൻ പരിശോധന നടത്തി റിപ്പോർട്ട് സമർപ്പിക്കാനാണു ട്രൈബ്യൂണലിന്റെ ഉത്തരവ്. ഈ വിഷയം പഠിച്ചു റിപ്പോ‍ർട്ട് സമർപ്പിച്ച എറണാകുളം ജില്ലാ കലക്ടർ, കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ് സീനിയർ സയന്റിസ്റ്റ്, സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് സീനിയർ എൻവയൺമെന്റ് സയന്റിസ്റ്റ് എന്നിവരടങ്ങുന്ന 3 അംഗ ഉപസമിതിയുടെ ശുപാർശയിലാണു ട്രൈബ്യൂണൽ തുടർനടപടി സ്വീകരിച്ചു ഹർജി തീർപ്പാക്കിയത്.

നഗരത്തിൽ രാസപദാർഥങ്ങളുടെ ഗന്ധം വമിക്കാൻ സാധ്യതയുള്ള 14 ഉറവിടങ്ങൾ കണ്ടെത്തി ഉപസമിതി സമർപ്പിച്ച ചുരുക്കപ്പട്ടിക ഗ്രീൻ ട്രൈബ്യൂണൽ ഉത്തരവിന്റെ ഭാഗമാക്കിയിട്ടുണ്ട്. ഈ ഫാക്ടറികൾ നിൽക്കുന്ന പ്രദേശങ്ങളിൽ മലിനീകരണ നിയന്ത്രണ ബോർഡ് തുടർച്ചയായ നിരീക്ഷണം നടത്തും. ട്രൈബ്യൂണൽ ഉത്തരവു പ്രകാരം പരിശോധന നടത്തിയ 2 ദിവസങ്ങളിൽ രാസ ഗന്ധം കുറവ് അനുഭവപ്പെടാൻ കാരണം
പരിശോധനാ വിവരം ചോർന്നതാണെന്ന ആരോപണം ഉയർന്നിട്ടുണ്ട്. പരിശോധന നടത്തിയതിന്റെ അടുത്ത ദിവസങ്ങളിൽ കൂടിയ തോതിൽ രാസ ഗന്ധം അനുഭവപ്പെട്ടതായും പരാതിയുണ്ട്.

ഈ സാഹചര്യത്തിലാണു രാസ ഗന്ധത്തെ പറ്റി ആരുടെ പരാതി ലഭിച്ചാലും ഉടൻ പരിശോധന നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ഗ്രീൻ ട്രൈബ്യൂണൽ ഉത്തരവിട്ടത്. നാഷനൽ എയർ ക്വാലിറ്റി ഇൻഡെക്സ് പ്രകാരം ഇന്നലെ പുലർച്ചെ 12 മുതൽ രാവിലെ 8 വരെ കൊച്ചിയിലെ അതിസൂക്ഷ്മകണ (പി.എം2.5) വായു മലിനീകരണത്തിന്റെ തോത് ന്യൂഡൽഹിയിലെ വാഹനത്തിരക്കേറിയ സമയത്തെ മലിനീകരണത്തിനു തുല്യം. വാഹനങ്ങൾ നിരത്തുകളിൽ നിന്നു വിട്ടുനിൽക്കുന്ന അർധരാത്രി കഴിഞ്ഞുള്ള കൊച്ചിയിലെ വായുമലിനീകരണത്തിനു കാരണം അന്തരീക്ഷത്തിൽ രാസമാലിന്യം പുറന്തള്ളുന്ന കമ്പനികളെന്നാണു മലിനീകരണ നിയന്ത്രണ ബോർഡിന്റെ പ്രാഥമിക നിഗമനം.

Share this post
WhatsApp Group Join Now
Telegram Group Join Now
Instagram Group Join Now

Editorial Desk at metbeatnews.com, This is Team of Meteorologists and Senior Weather Journalist and Experts. Metbeat Weather The Only Pvt. Weather Firm In Kerala Since 2020

Leave a Comment