കുറഞ്ഞ ചിലവിൽ എല്ലാക്കാലവും വിളവെടുക്കാം; കോവൽ ഇങ്ങനെ നട്ടാൽ

കുറഞ്ഞ ചിലവിൽ എല്ലാക്കാലവും വിളവെടുക്കാം; കോവൽ ഇങ്ങനെ നട്ടാൽ

ദീര്‍ഘകാലം വിളവ് നല്‍കുന്ന വെള്ളരിവര്‍ഗ്ഗവിളയാണ് കോവല്‍. നടുന്നതിനായി ഉപയോഗിക്കുന്നത് പടര്‍ന്നുവളരുന്ന ഇതിന്‍റെ തണ്ടുകളാണ്. നടുന്നതിനായി വിത്തുകള്‍ ഉപയോഗിക്കാറില്ല. സാധാരണ വെള്ളരിവര്‍ഗ്ഗവിളകളില്‍ ഒരുചെടിയില്‍തന്നെ ആണ്‍പൂക്കളും പെണ്‍പൂക്കളും കാണാം. എന്നാല്‍ കോവലില്‍ ആണ്‍-പെണ്‍ ചെടികള്‍ വെവ്വേറെയാണ് ഉണ്ടാവുക. കോവല്‍ പ്രകൃതിദത്തമായ ഇന്‍സുലിന്‍ ധാരാളമുള്ള വിളയാണ്. അതിനാല്‍, പ്രമേഹരോഗികള്‍ കോവല്‍ പച്ചയായി കഴിക്കുന്നത് ഏറെ ഗുണം ചെയ്യും. കൂടാതെ ഇതിന്‍റെ വേരും തണ്ടും ഇലയുമൊക്കെ ഔഷധഗുണവുമുള്ളതാണ്.

നമ്മുടെ അടുക്കളത്തോട്ടത്തിൽ ആരോഗ്യകരമായ ഈ പച്ചക്കറി ചിലവ് കുറഞ്ഞ രീതിയിൽ കൃഷി ചെയ്യാൻ സാധിക്കും. ഏതു കാലാവസ്ഥയിലും ചെയ്യാവുന്ന ആദായകരമായ കൃഷിയാണ് കോവൽ.

നടീൽ രീതി

ആർക്കും വീട്ടു തൊടിയിൽ കോവൽ നിഷ്പ്രയാസം കൃഷി ചെയ്യാം. കോവയ്ക്ക ഒരു പടർന്നു കയറുന്ന വള്ളിച്ചെടിയാണ്. വള്ളി മുറിച്ചു നട്ടാണ് കോവൽ കൃഷി ചെയ്യുക. തുടർച്ചയായി വലിപ്പമുള്ള കായ് ഫലം തരുന്ന തായ് വള്ളികളിൽ നിന്നാണ് വള്ളി നടാൻ എടുക്കേണ്ടത്. നടീലിനു നല്ലത് നാലു മുട്ടുകൾ എങ്കിലുമുള്ള വള്ളിയാണ്. കവറിൽ നട്ടുപിടിപ്പിച്ചു പിന്നീട് കുഴിയിലേക്ക് മാറ്റി നടാം.

ഉണങ്ങിയ കാലിവളം, തരിമണൽ, മേൽമണ്ണ് എന്നിവ സമം കൂട്ടിയിളക്കിയത് പോളിത്തീൻ കവറിന്റെ മുക്കാൽ ഭാഗം വരെ നിറച്ച് വള്ളിയുടെ രണ്ടു മുട്ടുകൾ മണ്ണിൽ പുതയാൻ പാകത്തിൽ വള്ളികൾ നടുക. ഇവ തണലിൽ സൂക്ഷിക്കണം. ആവശ്യത്തിനു മാത്രം നന. ഒരു മാസത്തിനുള്ളിൽ തൈകൾ മാറ്റി നടാൻ പറ്റും. പോളിത്തീൻ കവറിന്റെ ചുവടു കീറി കുഴിയിലേക്കു വെക്കണം. അര മീറ്റർ വീതിയും താഴ്ചയും ഉള്ള കുഴികളിലാണ് എടുക്കേണ്ടത്.

വളപ്രയോഗം, കീടരോഗ നിയന്ത്രണം

അടിവളമായി ഉണങ്ങിയ ചാണകപ്പൊടി, കുറച്ചു എല്ല് പൊടി, വെപ്പിൻ പിണ്ണാക്ക് ഇവ ഇടാം. വള്ളി പടർന്നു തുടങ്ങിയാൽ പന്തലിട്ടു വള്ളി കയറ്റിവിടാണം. മരങ്ങളിൽ കയറ്റി വിടുന്നത് ഒഴിവാക്കുന്നതായിരിക്കും നല്ലത്, നമുക്ക് കയ്യെത്തി കായ്‌കൾ പറിക്കാൻ പാകത്തിൽ പന്തൽ ഇട്ട് അതിൽ വള്ളി പടർത്തുക.

വെർമിവാഷ്, അല്ലെങ്കിൽ ഗോമൂത്രം പത്തിരട്ടി വെള്ളത്തിൽ ചേർത്തു രണ്ടാഴ്ചയിൽ ഒരിക്കൽ തടത്തിൽ ഒഴിച്ചു കൊടുക്കുന്നത് ഗുണം ചെയ്യും. രാസവളം ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്. തണുത്ത കഞ്ഞി വെള്ളം ഒഴിച്ച് കൊടുക്കുന്നതും നല്ല വളമാണ് .

വേനൽക്കാലത്ത് ഇടയ്ക്കിടയ്ക്ക് നനയ്ക്കുന്നത് വിളവു വർധിപ്പിക്കാൻ ഗുണപ്രദമാണ്. കോവൽച്ചെടിക്ക് പ്രത്യേക ശുശ്രൂഷകളൊന്നും തന്നെ ആവശ്യമില്ല. സാധാരണ വളപ്രയോഗങ്ങളായ ചാണകപ്പൊടിയും ചാരവും മതി. കീടങ്ങളുടെ ആക്രമണം കുറവാണെന്നും പ്രത്യേകതയുമുണ്ട് കോവൽ ചെടിക്ക്. അതിനാൽ കാര്യമായ കീടനാശിനി പ്രയോഗം ആവശ്യമായി വരില്ല.

പ്രധാന കീടങ്ങള്‍

മുഞ്ഞ: കോവലിന്‍റെ വിളവിനെ ബാധിക്കുന്ന പ്രധാന കീടാക്രമണമാണ് മുഞ്ഞ. ഇലകളുടെ അടിയിലിരുന്ന് നീരൂറ്റിക്കുടിക്കുന്നതിനു പുറമേ മൊസൈക്ക് എന്ന വൈറസ് രോഗവും ഇവ പരത്തുന്നു. മുഞ്ഞകളും അവയുടെ കുഞ്ഞുങ്ങളും നീരൂറ്റിക്കുടിക്കുന്നതുമൂലം ചെടിയുടെ വളര്‍ച്ച മുരടിച്ചു പോകും. ഇവയെ നിയന്ത്രിക്കുവാന്‍ വെളുത്തുള്ളി-വേപ്പെണ്ണ മിശ്രിതമോ കഞ്ഞിവെള്ളം നേര്‍പ്പിച്ചതോ ഉപയോഗിച്ചാൽ മതി.

കായീച്ച: കോവലില്‍ ആദ്യവിളവ് തുടങ്ങുമ്പോഴാണ് കായീച്ചയുടെ ശല്യം ഉണ്ടാവുക. കായീച്ചയുടെ പുഴുക്കള്‍ കോവയ്ക്കയില്‍ ആക്രമണം നടത്തുന്നതുവഴി മൂപ്പെത്തുന്നതിനു മുമ്പേ കോവയ്ക്ക വീണുപോകുന്നു. ഫിറമോണ്‍ കെണികള്‍ ഉപയോഗിച്ച് കായീച്ചകളെ നിയന്ത്രിക്കാൻ പറ്റും. ബ്ലൂവേറിയ ബാസ്സിയാന എന്ന ജീവാണുകീടനാശിനി 10 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ കുറച്ച് ശര്‍ക്കരയും കലര്‍ത്തി കളിക്കുന്നത് കാഴ്ചയും ഒഴിവാക്കാൻ ഗുണപ്രദമാണ് .

വിളവെടുപ്പ്

കോവക്ക അധികം മൂക്കുന്നതിനു മുമ്പേ വിളവെടുപ്പ് നടത്തണം. മഴക്കാലത്തും ഒരു മടിയുമില്ലാതെ ഇഷ്ടം പോലെ വിളവു തരുന്ന ഒന്നാണ് കോവൽ . കോവക്ക ഉപയോഗിച്ചു സ്വാദിഷ്ടമായ മെഴുക്കുപുരട്ടി/ഉപ്പേരി, തോരൻ, തീയൽ തുടങ്ങി നിരവധി വിഭവങ്ങൾ ഉണ്ടാക്കാം. അവിയൽ, സാമ്പാർ തുടങ്ങിയ കറികളിലും കോവയ്ക്ക ഇടാറുണ്ട് . തോരൻ ഉണ്ടാക്കാൻ കോവലിന്റെ ഇലകളും ഉപയോഗിക്കുന്നു.

metbeat news

Share this post
WhatsApp Group Join Now
Telegram Group Join Now
Instagram Group Join Now

Weather Journalist at metbeatnews.com. Graduated in English from Calicut University, and holds a Diploma in Electronics and Communication from Thiruvananthapuram Press Club and master of communication and journalism (MCJ) from Bharatiyar University with 6 years of experience in print and online media.