ഏഷ്യയില്‍ ഏറ്റവും ശക്തിയേറിയ ചുഴലിക്കാറ്റായി യാഗി കരകയറി , ചൈനയില്‍ 4 ലക്ഷം പേരെ ഒഴിപ്പിച്ചു
ഈ വര്‍ഷത്തെ ഏറ്റവും ശക്തികൂടിയ രണ്ടാമത്തെ ചുഴലിക്കാറ്റായി യാഗി കരകയറി. മണിക്കൂറില്‍ 245 കി.മി ആയിരുന്നു ചുഴലിക്കാറ്റിന്റെ വേഗത. ഇന്നലെ യാഗി സൂപ്പര്‍ ടൈഫൂണ്‍ ആയി മാറിയിരുന്നു. ചൈനയുടെ ഹൈനാന്‍ പ്രവിശ്യയോട് ചേര്‍ന്നാണ് കരകയറിയത്.
യാഗി ചൈനീസ് ദ്വീപായ ഹൈനാനില്‍ കരകയറുമെന്നായിരുന്നു പ്രവചനം. ചൈനയില്‍ 4 ലക്ഷത്തോളം പേരെ മാറ്റിപാര്‍പ്പിച്ചു. ചൈനയില്‍ ഏറെ ജനസാന്ദ്രതയുള്ള ദ്വീപാണ് ഹൈനാന്‍. പ്രാദേശിക സമയം വൈകിട്ട് 4.20 ന് കരകയറുമെന്നാണ് ഹൈനാനിലെ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമായ മീറ്റിയോറോളജിക്കല്‍ സര്‍വിസ് അറിയിച്ചത്.
ലോക കാലാവസ്ഥ സംഘടനയുടെ ഡാറ്റ പ്രകാരം യാഗി 2024 ലെ ഏറ്റവും ശക്തമായ രണ്ടാമത്തെ ചുഴലിക്കാറ്റാണ്. അറ്റ്‌ലാന്റിക് സമുദ്രത്തിലെ ബെറില്‍ ചുഴലിക്കാറ്റാണ് ഈ വര്‍ഷത്തെ ഏറ്റവും ശക്തികൂടിയ ചുഴലിക്കാറ്റ്. ബെറില്‍ കാറ്റഗറി 5 തീവ്രതയിലെത്തിയിരുന്നു.
വെള്ളിയാഴ്ച ഹൈനാനില്‍ നിന്ന് 4,19,367 പേരെയാണ് മാറ്റിപാര്‍പ്പിച്ചത്. അവധിക്കാലം ആഘോഷിക്കാന്‍ സഞ്ചാരികളെത്തുന്ന ദ്വീപിലാണ് സൂപ്പര്‍ ടൈഫൂണ്‍ നാശനഷ്ടം വിതച്ചത്. കനത്ത കാറ്റും പേമാരിയുമാണ് തുടരുന്നതെന്ന് ചൈനീസ് വാര്‍ത്താ ഏജന്‍സിയായ സിന്‍ഹുവ റിപ്പോര്‍ട്ട് ചെയ്തു.
വടക്കന്‍ ഫിലിപ്പൈന്‍സില്‍ കഴിഞ്ഞ ദിവസങ്ങളില്‍ യാഗി ചുഴലിക്കാറ്റിനെ തുടര്‍ന്ന് 16 പേര്‍ മരിച്ചിട്ടുണ്ട്. തുടര്‍ന്നാണ് ചൈനയിലെത്തിയത്. ചൈനയിലെ ഹൈനാന് പുറമേ ഗ്വാങ്‌ഡോങ് പ്രവിശ്യയിലും നാശംവിതച്ചു. ബെയ്ബു കടലിടുക്കിലേക്ക് പ്രവേശിക്കും മുന്‍പാണ് ഇവിടെ നാശംവിതച്ചത്.
രണ്ടു പ്രവിശ്യകളില്‍ ചൈനീസ് ജലവിഭവ മന്ത്രാലയം പ്രളയ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ചൈനയുടെ തെക്കന്‍ തീരത്തെ 2014 ലെ ഏറ്റവും ശക്തമായ ചുഴലിക്കാറ്റാണ് യാഗിയെന്ന് ഉന്നത തല യോഗം വിലയിരുത്തി.
ഏഷ്യയിലെ ഏറ്റവും ശക്തമായ ചുഴലിക്കാറ്റാണ് യാഗി. വിയറ്റ്‌നാമിലും പതിനായിരങ്ങളെ യാഗി ബാധിച്ചു. വടക്കന്‍ വിയറ്റ്‌നാമിലെ ഹാനോയ് അന്താരാഷ്ട്ര വിമാനത്താവളം ഉള്‍പ്പെടെ നാലു വിമാനത്താവളങ്ങള്‍ അടച്ചു. ലാവോസിനെയും യാഗി ബാധിച്ചു.
തെക്കന്‍ ചൈനയില്‍ യാത്രാസംവിധാനങ്ങള്‍ ചുഴലിക്കാറ്റിനെ തുടര്‍ന്ന് താറുമാറായി. വെള്ളിയാഴ്ച വിമാന സര്‍വിസുകള്‍ റദ്ദാക്കി. ഹയ്‌നാന്‍, ഗ്വാങ്‌ഡോങ്, ഹോങ്കോങ്, മക്കാവു വിമാനത്താവളങ്ങള്‍ അടച്ചു. ഹോങ്കോങ്ങില്‍ സ്‌റ്റോക് എക്‌സേഞ്ചുകളും സ്‌കൂളുകളും ബാങ്കുകളും വെള്ളിയാഴ്ച അടച്ചു.
1946 മുതല്‍ 2023 , 106 ടൈഫൂണുകള്‍ ഹയ്‌നാനില്‍ കരകയറിയിട്ടുണ്ട്. ഇതില്‍ 9 എണ്ണമാണ് സൂപ്പര്‍ ടൈഫൂണുകള്‍. 2014 ടൈഫൂണ്‍ രാംസണ്‍ മൂലം 88 പേര്‍ മരിച്ചിരുന്നു. കാറ്റഗറി 5 തീവ്രതയുള്ളതായിരുന്നു ഈ ചുഴലിക്കാറ്റ്. 6.25 ബില്യണ്‍ ഡോളറിന്റെ സാമ്പത്തിക നഷ്ടമാണുണ്ടായത്.
കാലാവസ്ഥ അപ്‌ഡേറ്റായിരിക്കാന്‍ താഴെ കൊടുത്ത ഞങ്ങളുടെ ഗ്രൂപ്പുകളില്‍ ചേരാം.
വാട്‌സ്ആപ്
ടെലഗ്രാം
വാട്‌സ്ആപ്പ് ചാനല്‍
Google News
Facebook Page
Weatherman Kerala Fb Page