വനിതാ സംരംഭക മേളയും കാർഷിക പ്രദർശനവും
മൈക്രോഗ്രീൻസ്, മല്ലിക്കാപ്പി, ജാതിക്ക ചെറുധാന്യങ്ങൾ മുരിങ്ങയില എന്നിവയുടെ മൂല്യവർധിത ഉല്പന്നങ്ങൾ, തുടങ്ങി വിവിധയിനം ഉത്പന്നങ്ങളും കാഴ്ചകളും കൊണ്ട് സമ്പന്നമായി ഭാരതീയ സുഗന്ധവിള ഗവേഷണ സ്ഥാപനം (ഐ.ഐ.എസ്.ആർ) സംഘടിപ്പിച്ച ‘ഉദയം 2024’ വനിതാ സംരംഭക മേളയും കാർഷിക പ്രദർശന വിപണനവും. വനിതാ സംരംഭകരേയും അവരുടെ ഉത്പന്നങ്ങളെയും ജനശ്രദ്ധയിൽ കൊണ്ടുവരുക എന്ന ലക്ഷ്യത്തോടെ സുഗന്ധവിള ഗവേഷണ സ്ഥാപനത്തിലെ അഗ്രിബിസിനെസ്സ് ഇൻക്യൂബേഷൻ യൂണിറ്റ് ഇന്ത്യൻ കാർഷിക ഗവേഷണ കൗണ്സിലിന്റെ (ഐ.സി.എ.ആർ) ഇന്റലക്ച്വൽ പ്രോപ്പർട്ടി & ടെക്നിക്കൽ മാനേജ്‌മന്റ് (ഐ.പി & ടി.എം) യൂണിറ്റുമായി സഹകരിച്ചാണ് മേള സങ്കടിപ്പിച്ചത്.
മേള ഐ.സി.എ.ആർ ഐ.പി& ടി.എം യൂണിറ്റ് അസിസ്റ്റന്റ് ഡയറക്ടർ ജനറൽ ഡോ. നീരു ഭൂഷൺ ഓൺലൈനായി ഉദ്‌ഘാടനം ചെയ്തു. എക്സിബിഷൻ സ്റ്റാളുകളുടെ ഉത്ഘാടനം മുഖ്യാതിഥിയായ ജില്ലാ കുടുംബശ്രീ മിഷൻ കോഓർഡിനേറ്റർ ശ്രീമതി. സിന്ധു ആർ നിർവഹിച്ചു. ഐ.ഐ.എസ്.ആർ ഡയറക്ടർ ഡോ.ആർ ദിനേശ് അധ്യക്ഷത വഹിച്ച ചടങ്ങിൽ അനന്തകുമാർ . ടി.കെ, ഡോ. ടി.ഇ.ഷീജ, ഡോ. മനീഷ എസ്.ആർ എന്നിവർ സംസാരിച്ചു. അറുപതോളം സ്റ്റാളുകളിലായി നൂറോളം വനിതകളാണ് തങ്ങളുടെ ഉല്പന്നങ്ങൾ പൊതുജനങ്ങളിലേക്ക് എത്തിക്കാൻ വേണ്ടി മേളയുടെ ഭാഗമായത്.
പൊതുജനങ്ങൾക്ക് പരിചിതമല്ലാത്ത ഉൽപ്പന്നങ്ങൾ അവയുടെ ഉല്പാദകരാൽ തന്നെ നേരിട്ട് പരിചയപ്പെടുത്തുകയും, ഇത്തരം സംഭരംഭകർക്ക് ആവശ്യക്കാരിലേക്ക് നേരിട്ട് എത്തിക്കാനും ആണ് മേളകൊണ്ട് ഉദ്ദേശിക്കുന്നത് എന്ന് ഡയറക്ടർ ഡോ. ആർ ദിനേശ് പറഞ്ഞു. കാർഷിക പ്രദർശനത്തോടനുബന്ധിച്ച് വിവിധയിനം തൈകളും ചെടികളും വില്പനക്ക് ഉണ്ടായിരുന്നു.