കാട്ടുതീ: ലോസാഞ്ചലസിൽ 5 മരണം, നിരവധി വീടുകളും വാഹനങ്ങളും കത്തി നശിച്ചു; ഒന്നരലക്ഷത്തോളം ആളുകളെ ഒഴിപ്പിച്ചു
ചൊവ്വാഴ്ച മുതൽ ലോസാഞ്ചലസിൽ പടരുന്ന കാട്ടുതീയിൽ അഞ്ച് പേർ മരിച്ചു. അഗ്നിരക്ഷാ സേനാംഗങ്ങളുൾപ്പെടെ ഒട്ടേറെ പേർക്ക് ഗുരുതര പൊള്ളലേറ്റിട്ടുണ്ട്. വീടുകളുൾപ്പെടെ ആയിരത്തിലേറെ കെട്ടിടങ്ങളും നിരവധി കാറുകളും കത്തി നിശിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
2.2 ലക്ഷം വീടുകളിൽ വൈദ്യുതി ഇല്ലാതായി. നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് ഒന്നര ലക്ഷത്തോളം പേരെ ഒഴിപ്പിച്ചു. കാലിഫോർണിയ സംസ്ഥാനത്ത് ഗവർണർ ഗാവിൻ ന്യൂസം അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. കാട്ടുതീ രൂക്ഷമായത് ഒട്ടേറെ ഹോളിവുഡ് താരങ്ങൾ പാർക്കുന്ന പസഫിക് പാലിസേഡ്സിലാണ്.
വീട്ടുകാരെ ഒഴിപ്പിക്കാനായെന്നും വീട് കത്തിപ്പോയിട്ടുണ്ടാകാമെന്നും ഹോളിവുഡ് നടൻ ജെയിംസ് വുഡ്സ് എക്സിലുടെ പറഞ്ഞു. പാലിസേഡ്‌സിലെ തീപിടുത്തത്തിൽ ഹോളിവുഡ് ഇതിഹാസം വിൽ റോജേഴ്‌സിന്റെ ചരിത്രപ്രസിദ്ധമായ റാഞ്ച് ഹൗസ് കത്തി നശിച്ചുപോയി.
സാന്റാ മോനിക്ക, മലീബു പട്ടണങ്ങൾക്കിടയിലുള്ള പ്രദേശമായ പസഫിക് പാലിസേഡ്സിൽ 5000 ഏക്കറിലേറെ പ്രദേശത്ത് തീപടർന്നിട്ടുണ്ട് . പസഡേനയ്ക്ക് സമീപവും സാൻ ഫെർണാണ്ടോ വാലിയിലെ സിൽമറിലുമുൾപ്പെടെ പലപ്രദേശങ്ങളിലും കാട്ടുതീ പടർന്നു പിടിക്കുകയാണ്.
പസഫിക് കോസ്റ്റ് ഹൈവേയിലെ മാലിബുവിലെ ഒരു ഐക്കോണിക് സീഫുഡ് ഷാക്കും മത്സ്യ മാർക്കറ്റും കത്തി നശിച്ചു. തീപടരാൻ കാരണം മഴയില്ലായ്മയും വരണ്ട കാലാവസ്ഥയും ഉണക്ക മരങ്ങളുമാണ്. വരണ്ട കാറ്റിന് സാധ്യതയുള്ളതിനാൽ സ്ഥിതി രൂക്ഷമാകുമെന്ന് ലോസ് ആഞ്ജലിസ് മേയർ കാരെൻ ബാസ് മുന്നറിയിപ്പ് നൽകി.
അമൂല്യമായ കലാസൃഷ്ടികൾ സൂക്ഷിച്ചിട്ടുള്ള മ്യൂസിയമായ ഗെറ്റി വില്ലയ്ക്ക് സമീപം മരങ്ങൾ കത്തി വീഴുന്നു. സമീപത്തെ കുറ്റിക്കാടുതെളിച്ച് തീ ഇവിടേക്കു പടരുന്നത് തടഞ്ഞെന്നും കലാസൃഷ്ടികൾ സുരക്ഷതമാണെന്നും മ്യൂസിയം അധികൃതർ അറിയിച്ചു.
കാട്ടുതീയിൽ നിന്നുള്ള പുക ഹൃദയാഘാതത്തിനും ആസ്ത്മ വഷളാകുന്നതിനും കാരണമാകുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകുന്നുണ്ട്. തണുപ്പ് കാലത്തെ പനി സീസൺ കാരണം ആശുപത്രികൾ ഇതിനകം നിറഞ്ഞിട്ടുണ്ട് . കാട്ടുതീയുടെ പുക ശ്വസിച്ച് ബുദ്ധിമുട്ടുന്ന രോഗികൾ എമർജൻസി റൂമുകളിൽ നിറയുന്നു എന്ന് ലോസ് ഏഞ്ചൽസ് കൗണ്ടി ഫയർ ഡിപ്പാർട്ട്‌മെന്റിന്റെ അസിസ്റ്റന്റ് മെഡിക്കൽ ഡയറക്ടർ ഡോ. പുനീത് ഗുപ്ത പറയുന്നു.