ശക്തമായ മഴ ലഭിച്ചിട്ടും മഴ വിട്ടുമാറുമ്പോൾ ചൂട് വർധിക്കുന്നത് എന്തുകൊണ്ട്? കാലവർഷം ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതിനുള്ള മാനദണ്ഡങ്ങൾ എന്തെല്ലാം?
തിങ്കളാഴ്ച മുതൽ കേരളത്തിൽ ശക്തമായ മഴ ലഭിക്കുന്നുണ്ട്. എങ്കിലും മഴ വിട്ടു മാറുമ്പോൾ ശക്തമായ ചൂടും അനുഭവപ്പെടുന്നു. എന്തുകൊണ്ടാണ് മഴ വിട്ടു മാറുമ്പോൾ ചൂട് അനുഭവപ്പെടുന്നത്. കാലവർഷക്കാറ്റ് വിവിധ ഉയരങ്ങളിൽ സജീവമായി നിലനിൽക്കാത്തതുകൊണ്ടാണ് മഴവിട്ടു മാറുമ്പോൾ ചൂട് വർധിക്കുന്നത്. കാലവർഷക്കാറ്റ് കേരളതീരത്ത് മുഴുവനായിട്ട് വ്യാപിക്കുന്നതേ ഉള്ളൂ. ഇപ്പോൾ അനുഭവപ്പെടുന്ന ചൂട് കുറയണമെങ്കിൽ കാലവർഷം കേരളം മുഴുവൻ വ്യാപിച്ച് കാറ്റ് നിലനിൽക്കണം.
അതേസമയം കേരളത്തിൽ മഴ ലഭിച്ചു തുടങ്ങിയിട്ടും കാലാവസ്ഥ വകുപ്പ് കേരളത്തിൽ കാലവർഷം എത്തിയതായി പ്രഖ്യാപിച്ചിട്ടില്ല. കാലവർഷം എത്തിയതായി ഔദ്യോഗികമായി പ്രഖ്യാപിക്കാൻ കാലാവസ്ഥ വകുപ്പിന് ചില മാനദണ്ഡങ്ങൾ ഉണ്ട്. അവ എന്തെല്ലാം എന്ന് നോക്കാം.
1) മഴയുടെ അളവ്
മേയ് 10-നു ശേഷം, പട്ടികപ്പെടുത്തിയ 14 സ്റ്റേഷനുകളിലെ (മിനിക്കോയ്, അമിനി, തിരുവനന്തപുരം, പുനലൂർ, കൊല്ലം, ആലപ്പുഴ, കോട്ടയം, കൊച്ചി, തൃശൂർ, കോഴിക്കോട്, തലശ്ശേരി, കണ്ണൂർ, കുഡ്‌ലു , മംഗളൂരു) 60% ഇടങ്ങളിൽ തുടർച്ചയായ രണ്ട് ദിവസങ്ങളിൽ 2.5 mm മഴയോ അതിനേക്കാൾ കൂടുതൽ മഴ രേഖപ്പെടുത്തുകയാണെങ്കിൽ, താഴെ പറയുന്ന മറ്റ് മാനദണ്ഡങ്ങൾക്കും കൂടി അനുസൃതമായി രണ്ടാം ദിവസം കേരളത്തിൽ കാലവർഷം ആരംഭിച്ചതായി പ്രഖ്യാപിക്കും.
2) കാറ്റ്
ഭൂമധ്യരേഖ മുതൽ 10°ഉത്തര അക്ഷാംശം വരെയും , 55° – 80° കിഴക്ക് രേഖാംശം വരെയുള്ള മേഖലയിലായി 600 hPa ( 4 .2 km ) വരെയായുള്ള ഉയരത്തിൽ പടിഞ്ഞാറൻ കാറ്റിന്റെ സാന്നിധ്യം .5°-10°ഉത്തര അക്ഷാംശം, 70°-80°കിഴക്ക് രേഖാംശം വരെയുള്ള മേഖലയിയിൽ 925 hPa-( 750 m ) ഉയരം വരെ കാറ്റിന്റെ വേഗത 15 മുതൽ 20 kts വരെ ( 27 .8 -.37 km /hr ) ആയിരിക്കണം. ( ഉപഗ്രഹ ഡാറ്റ പ്രകാരം )
3) ഔട്ട്ഗോയിംഗ് ലോങ് വേവ് റേഡിയേഷൻ (OLR)
INSAT ഉപഗ്രഹം രേഖപ്പെടുത്തുന്ന OLR മൂല്യം, 5°-10°ഉത്തര അക്ഷാംശം, 70°-75°കിഴക്ക് രേഖാംശം പരിധിയിൽ 200 wm-2 ന് താഴെ ആയിരിക്കണം.
അതേസമയം വിവിധ ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടും നാളെ മുതൽ മൂന്നുദിവസം വിവിധ റെഡ് അലർട്ടും നിലനിൽക്കുന്നു. ഇന്ന് തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്,കണ്ണൂർ ജില്ലകളിൽ ഓറഞ്ച് അലർട്ട് ആണ്. നാളെ കണ്ണൂർ, കാസർകോട് ജില്ലകളിൽ റെഡ് അലർട്ട് ഉണ്ട്. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം കോഴിക്കോട്, വയനാട് ജില്ലകളിൽ നാളെ ഓറഞ്ച് അലർട്ട് നൽകിയിട്ടുണ്ട്. ഞായറാഴ്ച മലപ്പുറം, കാസർകോട്, വയനാട്, കണ്ണൂർ, കോഴിക്കോട് ജില്ലകളിൽ റെഡ് അലർട്ട് ആണ്. തിങ്കളാഴ്ച കൊല്ലം, ഇടുക്കി,മലപ്പുറം കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ റെഡ് അലർട്ട് ഉണ്ട്.
Tag:Why does the temperature increase after heavy rains? What are the criteria for officially declaring monsoon?