കടുത്ത ഉഷ്ണത്തിൽ വലയുമ്പോൾ ആരോഗ്യപരിപാലനത്തിൽ ശ്രദ്ധ വേണം

കടുത്ത ഉഷ്ണത്തിൽ വലയുമ്പോൾ ആരോഗ്യപരിപാലനത്തിൽ ശ്രദ്ധ വേണം

കേരളത്തിൽ ദിവസം ചെല്ലുംതോറും ചൂട് കൂടിക്കൂടി വരുന്ന അവസ്ഥയാണ്. ചൂടിനോടൊപ്പം അൾട്രാവയലറ്റ് (യുവി) രശ്മികളിൽ നിന്നുള്ള ഉയർന്ന വികിരണ തോതും വില്ലൻ ആകുന്നുണ്ട്. കടുത്ത ഉഷ്ണത്താൽ വലയുകയാണ് ആളുകൾ . പുറമേ ജോലി ചെയ്യുന്നവരുടെ കാര്യം പറയുകയേ വേണ്ട, വിയർത്തു തളർന്നാണ് മിക്കവരും വീടുകളിലേക്ക് എത്തുന്നത്. വൈകിട്ട് അഞ്ചു മണിയായാൽ പോലും ചൂടും ഉഷ്ണവും കുറയാത്ത സാഹചര്യം ആണ് ഇപ്പോൾ.

വേനൽ തുടക്കത്തിൽ തന്നെ ഇതാണ് അവസ്ഥ എങ്കിൽ അടുത്തമാസത്തോടെ വേനൽ കടുക്കുമ്പോൾ ഉഷ്ണ തരംഗത്തിനും സാധ്യതയുണ്ടാകുമെന്നാണ് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകുന്നത്. ചൂട് വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ കുട്ടികളും മുതിർന്നവരും ഉൾപ്പെടെ എല്ലാവരും ആരോഗ്യ കാര്യത്തിലും ശ്രദ്ധ ചെലുത്തേണ്ടത് അത്യാവശ്യമാണ്. ചൂടുകാലത്ത് എന്തൊക്കെ കാര്യങ്ങളാണ് ആരോഗ്യപരിപാലനത്തിൽ ശ്രദ്ധിക്കേണ്ടതെന്ന് നോക്കാം.

അമിതമായി ചൂട് കൂടുന്നത് ഏതൊരു മനുഷ്യന്റെയും ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്ന ഒന്നാണ്. എങ്കിലും 65 വയസ്സിനു മുകളിലുള്ളവർ, ശിശുക്കൾ, കുട്ടികൾ, ഗർഭിണികൾ, ഗുരുതരമോ വിട്ടുമാറാത്തതോ ആയ ആരോഗ്യപ്രശ്നങ്ങൾ ഉള്ളവർ എന്നിവരാണ് കൂടുതൽ ശ്രദ്ധ ആരോഗ്യ കാര്യത്തിൽ നൽകേണ്ടത് . സൂര്യപ്രകാശം നേരിട്ട് ശരീരത്തിൽ ഏൽക്കുന്നത് ആരോഗ്യപ്രശ്നങ്ങൾക്കും ചർമരോഗങ്ങൾക്കും ഇടയാക്കും. തിമിരത്തിനും നേത്രരോഗങ്ങൾക്കും സാധ്യത. ഹൃദയാഘാതം, പക്ഷാഘാതം എന്നിങ്ങനെയുള്ള പെട്ടെന്ന് അനുഭവപ്പെടുന്ന ഗുരുതര പ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ ഒറ്റയ്ക്ക് താമസിക്കുന്നവരും, ഒറ്റപ്പെട്ട സ്ഥലങ്ങളിൽ താമസിക്കുന്നവരും പ്രത്യേക കരുതൽ സ്വീകരിക്കണം. കൂടാതെ നിലവിൽ വൃക്ക സംബന്ധമായോ ശ്വാസകോശ സംബന്ധമായോ ഏതെങ്കിലും വിധത്തിലുള്ള പ്രശ്നങ്ങൾ നേരിടുന്നവരും ചൂടുകാലത്ത് പ്രത്യേകം ശ്രദ്ധിക്കണം.

ചൂട് കൂടുന്നതുമൂലം ശരീര താപനിലയിൽ ഗണ്യമായ വർദ്ധനവ് ഉണ്ടാകുന്നത് ആന്തരിക അവയവങ്ങളെ ദോഷകരമായി ബാധിച്ചേക്കും ആവശ്യത്തിന് വെള്ളം കുടിച്ചുകൊണ്ട് ശരീരത്തിൽ ഉണ്ടാകുന്ന ദ്രാവക നഷ്ടം നികത്താൻ കഴിഞ്ഞില്ലെങ്കിൽ വിയർപ്പ് വർദ്ധിക്കുകയും നിർജ്ജലീകരണം ഉണ്ടാവുകയും ചെയ്യും. നിർജ്ജലീകരണം ബലഹീനതയ്ക്കും ബോധക്ഷയത്തിനും . ഈ കാരണങ്ങളാൽ തന്നെ ചൂടുകാലത്ത് ശരീരത്തിന് പ്രത്യേകശ്രദ്ധ നൽകിയില്ലെങ്കിൽ വലിയ അപകടം ആവും ഉണ്ടാവുക.നമ്മുടെ ശരീരത്തിന് ആരോഗ്യകരമായ താപനില നിലനിർത്താൻ സ്വയം തണുപ്പിക്കാൻ കഴിയാതെ വരുമ്പോഴോ, വിയർപ്പ് മൂലം നിർജ്ജലീകരണം സംഭവിക്കുമ്പോഴോ ആണ് ചൂടുമായി ബന്ധപ്പെട്ട കടുത്ത ആരോഗ്യ പ്രശ്നങ്ങൾ സംഭവിക്കുന്നത്. ശരീരത്തിൽ തണുപ്പ് നിലനിർത്തുക, ജലാംശം നിലനിർത്തുക എന്നീ വഴികൾ ആണ് ചൂടുകാലത്ത് ശരീരത്തെ സംരക്ഷിക്കുന്നതിനായി ആദ്യം ചെയ്യേണ്ടത്.

ധാരാളം വെള്ളം കുടിക്കുക, പച്ചക്കറികളും പഴവർഗങ്ങളും കൂടുതലായി കഴിക്കുക, കുളി, നീന്തൽ തുടങ്ങി ശരീരത്തെ തണുപ്പിക്കാൻ സഹായിക്കുന്ന കാര്യങ്ങൾ ചെയ്യുക. നിർജലീകരണം ഉണ്ടാകുമ്പോൾ കടുത്ത ദാഹം, വായ വരളുക, മൂത്രത്തിന്റെ അളവ് കുറയുക, തലവേദന, തലകറക്കം എന്നിങ്ങനെയുള്ള ലക്ഷണങ്ങളാണ് അനുഭവപ്പെടുക. ഇത്തരം പ്രശ്നങ്ങൾ അനുഭവപ്പെട്ടാൽ എത്രയും പെട്ടെന്ന് ഒരു തണുത്ത സ്ഥലത്തേക്ക് മാറി വിശ്രമിക്കുകയാണ് ആദ്യം ചെയ്യേണ്ടത്. വെള്ളം മറ്റു ദ്രാവകങ്ങളോ ധാരാളമായി കുടിക്കുക, തണുത്ത വെള്ളത്തിൽ തുണി നനച്ച് ദേഹം തുടയ്ക്കുക എന്നീ കാര്യങ്ങളും ചെയ്യുക. ഇത്രയും ചെയ്തിട്ടും പ്രശ്നങ്ങൾക്ക് കുറവില്ലെങ്കിൽ എത്രയും പെട്ടെന്ന് തന്നെ വൈദ്യസഹായം തേടുക.

ഉഷ്ണമേഖലാ പ്രദേശങ്ങളിലും മലയോരങ്ങളിലും യുവി തോത് പൊതുവെ ഉയർന്നിരിക്കും. പകൽ 11 മുതൽ 3 വരെയുള്ള സമയത്ത് നേരിട്ടു കൂടുതൽ സമയം വെയിൽ ഏൽക്കാതിരിക്കണമെന്നാണു വിദഗ്ധരുടെ നിർദേശം. ദാഹമില്ലെങ്കിലും ധാരാളം ശുദ്ധജലം കുടിക്കണം. കുടയോ തൊപ്പിയോ സൺഗ്ലാസോ ഉപയോഗിക്കുക. അസംബ്ലി പോലെ പുറത്തുള്ള പരിപാടികളിൽ ജാഗ്രതയും നിയന്ത്രണവും വേണം. വളർത്തുമൃഗങ്ങൾക്കു തണലും തീറ്റയും വെള്ളവും ഉറപ്പാക്കണം. ജലാശയം, മണൽ പോലെയുള്ള പ്രതലങ്ങൾ യുവി രശ്മികളെ പ്രതിഫലിക്കുന്നതിനാൽ ഇത്തരം മേഖലകളലും യുവി സൂചിക ഉയർന്നിരിക്കും.

metbeat news

Share this post
WhatsApp Group Join Now
Telegram Group Join Now
Instagram Group Join Now

Weather Journalist at metbeatnews.com. Graduated in English from Calicut University, and holds a Diploma in Electronics and Communication from Thiruvananthapuram Press Club and master of communication and journalism (MCJ) from Bharatiyar University with 6 years of experience in print and online media.