തുലാമഴ പോയോ? ഇനിയും പെയ്യുമോ? അന്തരീക്ഷസ്ഥിതി പറയുന്നതെന്ത്
മിഗ്‌ജോങ് ചുഴലിക്കാറ്റ് കടന്നുപോകുകയും അതു സൃഷ്ടിച്ച അന്തരീക്ഷ പ്രതിസന്ധി മാറുകയും ചെയ്തതോടെ ഇനിയും തുലാവര്‍ഷം തുടരുമോയെന്ന ആശങ്കയിലാണ് പലരും. ഔദ്യോഗികമായി തുലാവര്‍ഷത്തിന്റെ ഭാഗമായുള്ള മഴയായി കണക്കാക്കുക ഡിസംബര്‍ 31 വരെയുള്ള മഴയാണ്. മിഗ്‌ജോങ് ചുഴലിക്കാറ്റിനെ തുടര്‍ന്ന് മഴ താല്‍ക്കാലികമായി വിട്ടു നിന്നത് കഴിഞ്ഞ ദിവസങ്ങളില്‍ തിരിച്ചുവന്നിരുന്നു.
അറബിക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദത്തെ തുടര്‍ന്നായിരുന്നു ഇത്. ഈ സിസ്റ്റവും കേരളത്തില്‍ നിന്ന് അകന്ന് ദുര്‍ബലപ്പെട്ടു. ഇതോടെ കേരളത്തില്‍ വീണ്ടും മഴ കുറഞ്ഞു. കേരളം ഉള്‍പ്പെടെ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലാണ് തുലാവര്‍ഷം സജീവമാകുന്നത്. ഇതുവരെയുള്ള കണക്കനുസരിച്ച് ദക്ഷിണേന്ത്യയില്‍ 15 ശതമാനം തുലാമഴയില്‍ കുറവുണ്ട്.
തെലങ്കാന, കര്‍ണാടക മഴ കുറവ്
തെലങ്കാന, വടക്കന്‍ ഉള്‍നാടന്‍ കര്‍ണാടകയിലാണ് ഏറ്റവും മഴക്കുറവ്. 56, 64 ശതമാനം മഴക്കുറവാണ് യഥാക്രമം ഈ സംസ്ഥാനങ്ങളില്‍ ഇന്നലെവരെയുണ്ടായത്. എന്നാല്‍ തമിഴ്‌നാട്ടില്‍ മിഗ്‌ജോങ് ചുഴലിക്കാറ്റ് കനത്ത മഴ നല്‍കിയതിനാല്‍ മഴക്കുറവില്‍ നിന്ന് തമിഴ്‌നാട് രക്ഷപ്പെട്ടു. മൂന്നു ശതമാനം മഴക്കുറവാണ് തമിഴ്‌നാട്ടിലുള്ളത്. ഇത് ഔദ്യോഗികമായി സാധാരണ മഴ എന്ന കണക്കിലാണ് ഉള്‍പ്പെടുത്തുക.
കേരളത്തില്‍ 22 ശതമാനം അധിക മഴ
കേരളത്തില്‍ 22 ശതമാനം അധികമഴയാണ് ഇതുവരെ രേഖപ്പെടുത്തിയത്. മിഗ്‌ജോം ചുഴലിക്കാറ്റിനെ തുടര്‍ന്നും അറബിക്കടലിലെ ന്യൂനമര്‍ദത്തെ തുടര്‍ന്നും ഒക്ടോബര്‍ തുടക്കത്തിലെ ചക്രവാതച്ചുഴിയെ തുടര്‍ന്നുമാണ് കേരളത്തില്‍ തുലാമഴ നന്നായി ലഭിച്ചത്.
15 ന് ശേഷം വീണ്ടും മഴ
ഡിസംബര്‍ 15 ന് ശേഷം കേരളത്തില്‍ വീണ്ടും മഴ തിരികെ എത്തും. എന്നാല്‍ എല്ലാ ജില്ലകളിലും മഴ സജീവമാകില്ല. ഇതേ കുറിച്ച് കഴിഞ്ഞ പോസ്റ്റുകളില്‍ സൂചിപ്പിച്ചിരുന്നു. അടുത്ത പോസ്റ്റുകളില്‍ ഇതേ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പ്രതീക്ഷിക്കാം.