പശ്ചിമവാതം ശക്തം; പാകിസ്താനില്‍ 37 മരണം, അഫ്ഗാനില്‍ 15 മരണം, ഗള്‍ഫില്‍ മഴ കൊടുംതണുപ്പ്, ഉത്തരേന്ത്യയില്‍ 500 റോഡുകള്‍ അടച്ചു
മെഡിറ്ററേനിയന്‍ കടല്‍ (മധ്യധരണ്യാഴി) യില്‍ നിന്നുള്ള ശൈത്യക്കാറ്റായ പശ്ചിമവാതം (western disturbance) ശക്തിപ്പെട്ടതിനെ തുടര്‍ന്ന് വിവിധ രാജ്യങ്ങളില്‍ കനത്ത മഴയും മഞ്ഞുവീഴ്ചയും ശക്തമാകുന്നു. അഫ്ഗാനിസ്ഥാനില്‍ കനത്ത മഞ്ഞുവീഴ്ചയില്‍ 15 പേര്‍ മരിച്ചു. പാകിസ്താനില്‍ 48 മണിക്കൂറിനിടെയുണ്ടായ കനത്ത മഴയിലും പ്രളയത്തിലും 37 പേര്‍ മരിച്ചു. ഇറാനിലും കനത്ത മഞ്ഞുവീഴ്ചയുണ്ടായി. ഒമാനിലും തെക്കുകിഴക്കന്‍ സൗദി അറേബ്യയിലും യു.എ.ഇയിലും നാളെ മുതല്‍ ശക്തമായ മഴക്കും കാറ്റിനും സാധ്യതയുണ്ട്. വടക്കുപടിഞ്ഞാറന്‍ ഇന്ത്യയിലും മഴ സാധ്യതയുണ്ട്.
എന്താണ് പശ്ചിമവാതം?
മധ്യധരണ്യാഴിയില്‍ നിന്നുള്ള ശൈത്യക്കാറ്റ് തുര്‍ക്കി, ഇറാന്‍, അഫ്ഗാനിസ്ഥാന്‍, സൗദി അറേബ്യ, ഒമാന്‍, യു.എ.ഇ, പാകിസ്താന്‍ വഴി വടക്കേ ഇന്ത്യയിലേക്ക് വീശാറുണ്ട്. ഇതാണ് ഉത്തരേന്ത്യയില്‍ ഹിമാലയന്‍ മേഖലയില്‍ മഞ്ഞുവീഴ്ചയ്ക്ക് കാരണമാകുന്നത്. സാധാരണ പശ്ചിമവാതം ഗള്‍ഫ് മേഖലയില്‍ പ്രവേശിക്കാറില്ലെങ്കിലും അവിടെ അതിന്റെ സ്വാധീനം മൂലമുള്ള ശൈത്യം അനുഭവപ്പെടാറുണ്ട്.
ഒമാനിലും യു.എ.യിലും നാളെ താപനില കുത്തനെ കുറയും
ഇത്തവണ നാളെ യു.എ.ഇയിലും ഒമാനിലും ന്യൂനമര്‍ദത്തിലേക്ക് പശ്ചിമവാതത്തിന്റെ ഭാഗമായ ശൈത്യകാറ്റ് എത്തുന്നതിനാല്‍ പെട്ടെന്ന് താപനില കുറയും. 25 ഡിഗ്രിയായിരുന്ന കൂടിയ താപനില നാളെ 12 ഡിഗ്രിയിലേക്ക് കുറയും. തീരദേശത്താണ് മഴക്കൊപ്പം താപനില ഇത്രയും കുറയുക. മലയോര മേഖലയില്‍ താപനില 9 ഡിഗ്രിയിലേക്ക് കുറയും.
പാകിസ്താനില്‍ 48 മണിക്കൂറിനിടെ 37 മരണം
കഴിഞ്ഞ 48 മണിക്കൂറിലെ ശക്തമായ മഴയില്‍ പാകിസ്താനില്‍ 37 പേര്‍ കൊല്ലപ്പെട്ടു. വടക്കു പടിഞ്ഞാറന്‍ പാകിസ്താനിലാണ് മഴ ശക്തമായത്. നിരവധി വീടുകള്‍ തകര്‍ന്നു. ചിലയിടത്ത് മണ്ണിടിച്ചിലുമുണ്ടായി. ഖൈബര്‍ പക്തുന്‍ക്വ പ്രവിശ്യയില്‍ 23 പേര്‍ മഴയെ തുടര്‍ന്ന് മരിച്ചു. അഫ്ഗാനിസ്ഥാനുമായി അതിര്‍ത്തി പങ്കിടുന്ന മേഖലയാണിത്. വ്യാഴാഴ്ച രാത്രിയാണ് പേമാരിയും മണ്ണിടിച്ചിലുമുണ്ടായതെന്ന് പ്രവിശ്യാ ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.
തെക്കുപടിഞ്ഞാറന്‍ ബലൂചിസ്ഥാനില്‍ തീരദേശ പട്ടണമായ ഗവാഡാര്‍ പ്രളയത്തില്‍ മുങ്ങി. ബോട്ടുകളും മറ്റും ഉപയോഗിച്ച് ഇവിടെ നിന്ന് 10,000 പേരെ മാറ്റിപാര്‍പ്പിച്ചു. പക്ക് അധീന കശ്മീരില്‍ കനത്ത നാശനഷ്ടം റിപ്പോര്‍ട്ട് ചെയ്തതായി ദേശീയ ദുരന്ത മാനേജ്‌മെന്റ് അതോറിറ്റി പ്രസ്താവനയില്‍ പറഞ്ഞു. പ്രളയ ബാധിത മേഖലകളില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നുണ്ട്.
പാകിസ്താനും ചൈനയും തമ്മില്‍ ബന്ധിക്കപ്പെടുന്ന കരാകോറം ഹൈവേയിലും മണ്ണിടിച്ചിലിനെ തുടര്‍ന്ന് ഗതാഗതം തടസ്സപ്പെട്ടുവെന്ന് വടക്കന്‍ ഗില്‍ജിത്ത് ബാള്‍ട്ടിസ്ഥാന്‍ വക്താവ് ഫൈസുല്ല ഫാറൂഖ് പറഞ്ഞു. ടൂറിസ്റ്റ് മേഖലയായ ഇവിടെ ഒരാഴ്ചയിലേറെയായി കനത്ത മഞ്ഞുവീഴ്ച തുടരുന്നുണ്ട്. കഴിഞ്ഞ ആഴ്ചയും നിരവധി പേര്‍ കുടുങ്ങിയിരുന്നു. 2022 ല്‍ മണ്‍സൂണ്‍ സീസണിലെ പ്രളയത്തെ തുടര്‍ന്ന് 1,800 പേര്‍ കൊല്ലപ്പെട്ടിരുന്നു. 3.3 കോടി പേരെ പ്രളയം ബാധിച്ചു.
അഫ്ഗാനില്‍ 15 പേര്‍ മഞ്ഞുവീണ് മരിച്ചു
അഫ്ഗാനിസ്ഥാനില്‍ കഴിഞ്ഞ ദിവസം 15 പേരാണ് മഞ്ഞുവീണ് മരിച്ചത്. 30 പേര്‍ക്ക് പരുക്കേറ്റു. ബാല്‍ഖ്, ഫര്‍യൂബ് പ്രവിശ്യകളിലാണ് കൂടുതല്‍ നാശനഷ്ടമുണ്ടായത്. ബാദ്ഗിസ്, ഹെറാത്ത് പ്രവിശ്യകളിലും മഞ്ഞൂവീഴ്ച ജനജീവിതത്തെ ബാധിച്ചു. ആടുമാടുകളും മഞ്ഞുവീഴ്ചയെ തുടര്‍ന്ന് ചത്തു. നാശനഷ്ടങ്ങള്‍ വിലയിരുത്താന്‍ വിവിധ മന്ത്രാലങ്ങളുടെ സബ്കമ്മിറ്റി രൂപീകരിച്ചു.
ഉത്തരേന്ത്യയില്‍ശക്തമായ മഞ്ഞുവീഴ്ച; 500 റോഡുകള്‍ അടച്ചു
ഉത്തരേന്ത്യയിലും കനത്ത മഞ്ഞുവീഴ്ചയാണ്. ലഹോള്‍ ആന്റ് സ്പ്തിയില്‍ മഞ്ഞുവീഴ്ച ശക്തമായി. 5 ദേശീയപാതകള്‍ ഉള്‍പ്പെടെ 500 റോഡുകള്‍ അടച്ചിരുന്നു. ഡല്‍ഹിയിലും തണുപ്പ് ശക്തിപ്പെട്ടു. ഇന്ന് രാവിലെ 13.7 ഡിഗ്രിയാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മാപിനിയില്‍ രേഖപ്പെടുത്തിയത്. ജമ്മു-ശ്രീനഗര്‍ ദേശീയപാതയില്‍ ദേശീയപാത അതോറിറ്റി ഗതാഗതം പുനരാരംഭിക്കാനുള്ള നടപടി സ്വീകരിച്ചിട്ടുണ്ട്.
270 കി.മി ദൈര്‍ഘ്യമുള്ള ഹൈവേയാണ് മഞ്ഞില്‍പുതഞ്ഞത്. പലയിടത്തും കുടുങ്ങിയവരെ കണ്ടെത്താന്‍ പൊലിസ് തെരച്ചില്‍ ആരംഭിച്ചു.
200 സഞ്ചാരികളാണ് കുടുങ്ങിയത്. ഇവര്‍ക്ക് രംഭാന്‍ ജില്ലയില്‍ താമസമൊരുക്കി.
കഴിഞ്ഞ 24 മണിക്കൂറില്‍ ഡല്‍ഹിയില്‍ 4 എം.എം മഴയാണ് റിപ്പോര്‍ട്ട് ചെയ്തത്. രാവിലെ 9 ന് വായുനിലവാരം 103 ആണ്. ഹിമാചല്‍ പ്രദേശിലെ ലഹോള്‍ ആന്റ് സ്പിതിയില്‍ 290 റോഡുകളും കിന്നൗറില്‍ 75 റോഡുകളും ചാംമ്പയില്‍ 72 റോഡുകളും ഷിംലയില്‍ 35 റോഡുകളും കുളുവില്‍ 18 റോഡുകളും മണ്ഡിയില്‍ 16 റോഡുകളും കംഗ്ര, സിര്‍മൗര്‍ ജില്ലകളില്‍ ഓരോ റോഡുകളും കനത്ത മഞ്ഞു വീഴ്ചയെ തുടര്‍ന്ന് അടച്ചു.