Weather updates 19/12/24: താപനില കുത്തനെ കുറയുന്നു : ചെന്നൈയിൽ മഞ്ഞും കുളിരും ഇത്തവണ ഒരു മാസം മുൻപേയെത്തി
തുടർച്ചയായ മഴയ്ക്കു പിന്നാലെ നഗരത്തിലെ താപനില കുത്തനെ കുറഞ്ഞതോടെ ചെന്നൈ നഗരത്തിൽ തണുപ്പ് അനുഭവപ്പെട്ടു തുടങ്ങി. ഡിസംബർ മാസം തുടങ്ങിയതിനു പിന്നാലെ പുലർച്ചെ നേരിയ മഞ്ഞും തണുപ്പും തുടങ്ങിയിട്ടുണ്ട്. തണുപ്പു കൂടിയത് മഴ ശക്തമായതോടെയാണ് . സാധാരണ ജനുവരി പകുതി മുതൽ ഫെബ്രുവരി വരെ കാണാറുള്ള മഞ്ഞും കുളിരും ഇത്തവണ ഒരു മാസം മുൻപേയെത്തിയെന്നതും പ്രത്യേകതയാണ്. ബംഗാൾ ഉൾക്കടലിൽ കഴിഞ്ഞ ദിവസം രൂപപ്പെട്ട ന്യൂനമർദ മേഖല ചെന്നൈയ്ക്കു സമീപമെത്തിയതിനെ തുടർന്നു പെയ്യുന്ന മഴകൂടി ലഭിച്ചപ്പോൾ നഗരത്തിലെ താപനില കുറയുകയായിരുന്നു.
തണുപ്പ് കൂടുമെന്ന് കാലാവസ്ഥാ വിദഗ്ധർ
അടുത്ത വാരത്തിൽ നഗരത്തിലെയും സമീപ പ്രദേശങ്ങളിലെയും താപനിലയിൽ ഇനിയും കുറവുണ്ടാകുമെന്നാണ് കാലാവസ്ഥാ വിദഗ്ധർ നൽകുന്ന സൂചന. 20 മുതൽ കൂടിയ താപനിലയിലും കുറഞ്ഞ താപനിലയിലും സാധാരണയിൽ നിന്നും ഒന്നോ രണ്ടോ ഡിഗ്രി സെൽഷ്യസ് വരെ കുറഞ്ഞേക്കാം. ഏതാനും ആഴ്ചകളായി നഗരത്തിലെ ശരാശരി ഉയർന്ന താപനില 26 ഡിഗ്രി സെൽഷ്യസും കുറഞ്ഞ താപനില 22 ഡിഗ്രി സെൽഷ്യസുമായിരുന്നു. ഇന്നലെ 25 ഡിഗ്രി സെൽഷ്യസായിരുന്നു പകൽ സമയത്തെ കൂടിയ താപനില.
അടുത്ത 2 ദിവസം കൂടി ഈ നില തുടരുമെന്നും പിന്നീട് താപനിലയിൽ വീണ്ടും കുറവുണ്ടാകുമെന്നും മേഖലാ കാലാവസ്ഥാ കേന്ദ്രം അധികൃതർ അറിയിച്ചു. മഴ പെയ്യുന്ന ദിവസങ്ങളിൽ ചൂട് കുറയുന്നതു സാധാരണമാണെങ്കിലും താപനിലയിൽ അപ്രതീക്ഷിതമായ കുറവുണ്ടാകാൻ കാരണം തുടർച്ചയായ ദിവസങ്ങളിൽ അന്തരീക്ഷം മേഘാവൃതമായതും സൂര്യപ്രകാശം ലഭിക്കാത്തതുമാണ് .
നഗരത്തിൽ ഇതുവരെ രേഖപ്പെടുത്തിയതിൽ ഏറ്റവും കുറഞ്ഞ താപനില അനുഭവപ്പെട്ടത് ഒരു നൂറ്റാണ്ട് മുൻപ് 1905 ജനുവരി 29നാണ്. അന്നത്തെ താപനില 13.9 ഡിഗ്രി സെൽഷ്യസാണ്. 2008 ഡിസംബർ 30ന് ആയിരുന്നു കഴിഞ്ഞ കാൽനൂറ്റാണ്ടിനിടെ ചെന്നൈയിൽ ഏറ്റവും കുറഞ്ഞ താപനില അനുഭവപ്പെട്ടത് . അന്ന് 18.3 ഡിഗ്രി സെൽഷ്യസാണ് നഗരത്തിൽ രേഖപ്പെടുത്തിയ താപനില. 2002 ഡിസംബർ 21ന് 18.4 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തി.
അതേസമയം ബംഗാൾ ഉൾക്കടലിന്റെ തെക്കു–പടിഞ്ഞാറൻ മേഖലയിൽ രൂപപ്പെട്ട ന്യൂനമർദ മേഖല ശക്തിപ്രാപിച്ച് ചെന്നൈയ്ക്കു സമീപത്തേക്കു നീങ്ങിയതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇതിന്റെ ഫലമായി നഗരത്തിലും സമീപ ജില്ലകളായ ചെങ്കൽപെട്ട്, കാഞ്ചീപുരം, തിരുവള്ളൂർ എന്നിവിടങ്ങളിലും വ്യാപകമായി മഴ ലഭിച്ചു. ന്യൂനമർദ മേഖല വടക്കു പടിഞ്ഞാറൻ ദിശയിൽ നീങ്ങി ആന്ധ്ര തീരത്തേക്കടുക്കുന്നതോടെ നഗരത്തിൽ മഴ കുറയുമെന്നും ഐ എം ഡി. അതിനാൽ വരും ദിവസങ്ങളിൽ നഗരത്തിൽ ഒറ്റപ്പെട്ട മഴയ്ക്ക് മാത്രമാണ് സാധ്യത എന്നും കാലാവസ്ഥ വകുപ്പ്.