Weather updates 18/03/25: തിരുവനന്തപുരം നഗരത്തിൽ കനത്ത മഴയും മിന്നലും, മുക്കാല്‍ മണിക്കൂറിൽ 65 മില്ലിമീറ്റർ, രണ്ട് വിമാനങ്ങൾ വഴിതിരിച്ചുവിട്ടു
തിരുവനന്തപുരം നഗരത്തിൽ കനത്ത മഴ ലഭിച്ചു. വൈകുന്നേരം ഏഴരയോടെ തുടങ്ങിയ മഴ ഒരുമണിക്കൂറിലേറെ സമയം നീണ്ടു നിന്നു. മഴ കനത്തതോടെ പലയിടങ്ങളിലും വെള്ളം കയറിയിട്ടുണ്ട്.തിരുവനന്തപുരം വിമാനത്താവളത്തിൽ ഇറങ്ങേണ്ട രണ്ട് വിമാനങ്ങൾ വഴി തിരിച്ചിവിട്ടു. തമ്പാനൂരിലും, വഞ്ചിയൂരിലും ചാലയിലും വെള്ളം പൊങ്ങിയിട്ടുണ്ട്.
സെക്രട്ടറിയേറ്റിന് മുന്നിൽ സമരം ചെയ്ത ആശമാർ മഴയിൽ നനഞ്ഞുകുളിച്ചു. തിരുവനന്തപുരം സിറ്റിയിൽ 77 മില്ലി മീറ്ററും കിഴക്കേ കോട്ടയില്‍ 67 മില്ലി മീറ്ററും മഴയാണ് ലഭിച്ചത്. മാർച്ച് 22 വരെ സംസ്ഥാനത്ത് വേനൽമഴയും മിന്നലുമുണ്ടാകുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. കഴിഞ്ഞ ദിവസം മലപ്പുറത്തും കോഴിക്കോടും കനത്ത മഴ ലഭിച്ചിരുന്നു. പലയിടത്തും നാശനഷ്ടവുമുണ്ടായിരുന്നു.
പത്തനംതിട്ടയിൽ വേനൽമഴക്കിടെ ഇടിമിന്നലേറ്റ് മരണം. കോന്നി ചെങ്ങറ സമര ഭൂമിയിലെ താമസക്കാരനായ നീലകണ്ഠൻ (70) ആണ് മരിച്ചത്. ഇന്ന് വൈകിട്ടോടെയാണ് സംഭവം. നീലകണ്ഠൻ്റെ മൃതദേഹം കോന്നി താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.