മാറിമറിഞ്ഞ് കാലാവസ്ഥ: മഴയിൽ മുങ്ങി അറബ് രാജ്യം, ശീത തരംഗംത്തിൽ വിറച്ച് അമേരിക്ക

മാറിമറിഞ്ഞ് കാലാവസ്ഥ: മഴയിൽ മുങ്ങി അറബ് രാജ്യം, ശീത തരംഗംത്തിൽ വിറച്ച് അമേരിക്ക

ഓരോ വർഷം കഴിയുന്തോറും അറബ് രാജ്യങ്ങളിലെ കാലാവസ്ഥ മാറിമറിയുകയാണ്. വരണ്ട കാലാവസ്ഥയും വേനലും നിലനിന്നിരുന്ന അറബ് രാജ്യങ്ങളിൽ ഇപ്പോൾ മഴ ശക്തമാണ്. സൗദിയിലെ മഞ്ഞുമൂടികിടക്കുന്ന മരുഭൂമിയുടെ ചിത്രങ്ങൾ പുറത്തുവന്ന് ചുരുങ്ങിയ ആഴ്ചകൾ മാത്രം പിന്നിടുമ്പോൾ ഇപ്പോൾ രാജ്യം കനത്ത മഴയ്ക്കാണ് സാക്ഷ്യം വഹിച്ചത്. ഈ കാലാവസ്ഥ മാറ്റം സൗദിയിൽ മാത്രമല്ല. സൗദി കനത്ത മഴയും വെള്ളപ്പൊക്കവും നേരിടുമ്പോൾ കലിഫോർണിയ കാട്ടുതീയെ തടയാനുള്ള ശ്രമത്തിലാണ്. ഇതിനൊപ്പം അമേരിക്കയെ പിടിമുറുക്കിയിരിക്കുന്നത് അതിശൈത്യവും.

സൗദിയിലെ ശക്തമായ മഴയെ തുടർന്ന് മക്ക, മദീന തുടങ്ങിയ സുപ്രധാന മേഖലകളിലെല്ലാം വ്യാപകമായ വെള്ളക്കെട്ട് അനുഭവപ്പെടുന്നുണ്ട് . പ്രധാന റോഡുകളിലൂടെയുള്ള വാഹന ഗതാഗതത്തെ വെള്ളക്കെട്ടുകൾ സാരമായി ബാധിച്ചിട്ടുണ്ട്. വെള്ളത്തിന്റെ ശക്തമായ പ്രവാഹത്തിൽ കാറുകൾ ഒലിച്ചു പോയെന്നും റിപ്പോർട്ടുകൾ വരുന്നു . ഇത്തരത്തിൽ ഒഴുക്കിൽപ്പെട്ട കാറിൽ കുടുങ്ങിപ്പോയതിനെ തുടർന്ന് നാലുപേർക്ക് ജീവൻ നഷ്ടപ്പെട്ടു. 

ശക്തമായ മഴയിൽ റോഡുകളും നഗരങ്ങളും വെള്ളത്തിൽ മുങ്ങിയതോടെ രാജ്യത്തിന്റെ വിവിധ മേഖലകളിലെ ജനങ്ങൾക്ക് അടിയന്തര ജാഗ്രത നിർദ്ദേശം നൽകിയിരിക്കുകയാണ് അധികൃതർ. കനത്ത മഴയ്ക്കു പുറമേ ശക്തമായ കാറ്റ് വീശിയടിക്കുന്നത് ജനജീവിതത്തെ സാരമായി ബാധിച്ചിട്ടുണ്ട് . ഓസ്ട്രേലിയ, സൗദി, ചൈന, ജർമനി തുടങ്ങിയ രാജ്യങ്ങളിലെ ഗവേഷകർ അടങ്ങുന്ന സംഘം തയ്യാറാക്കിയ ‘2024 ഗ്ലോബൽ വാട്ടർ മോണിറ്റർ റിപ്പോർട്ട്’ കാലാവസ്ഥാ വ്യതിയാനം ഭൂമിയുടെ ജലചക്രത്തിൽ നാശം വിതച്ചു കൊണ്ടിരിക്കുകയാണെന്നും അപ്രതീക്ഷ മേഖലകളിൽ ഉണ്ടാകുന്ന തീവ്രമഴകൾ ഇതിന്റെ ഉദാഹരണമാണെന്നും പറയുന്നു. ഈ റിപ്പോർട്ടുകൾ ശരിവയ്ക്കുന്ന തരത്തിലാണ് സൗദിയിലെ നിലവിലുള്ള കാലാവസ്ഥ മാറ്റം.

കലിഫോർണിയയിലാകട്ടെ കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി അതിവേഗം പടരുന്ന കാട്ടുതീയിൽ അഞ്ചുപേരുടെ ജീവനാണ് നഷ്ടമായത് . കാട്ടുതീ ഭയാനകമായ രീതിയിൽ വ്യാപിച്ച് ഹോളിവുഡ് ഹില്ലിലും എത്തിയതോടെ സെലിബ്രിറ്റികൾ അടക്കമുള്ളവരുടെ വീടുകൾ നഷ്ടപ്പെട്ടു. ലൊസാഞ്ചലസ്, ഗ്രേറ്റർ ലൊസാഞ്ചലസ് മേഖലകളിൽ നിന്നും എഴുപതിനായിരത്തിൽ പരം ആളുകളെയാണ് ഇതിനോടകം മാറ്റി പാർപ്പിച്ചിട്ടുള്ളത്. അഗ്നിശമന സംവിധാനങ്ങളുടെ അപര്യാപ്തതയും ജലക്ഷാമവും നേരിടുന്നതിനിടെ ചരിത്രത്തിലെ ഏറ്റവും വലിയ കാട്ടുതീക്കാണ് ഇപ്പോൾ കലിഫോർണിയ സാക്ഷ്യം വഹിക്കുന്നത്. 

സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കാൻ കഠിനപ്രയത്നം നടത്തുന്നതിനിടെ പ്രദേശത്ത് അടിയന്തരാവസ്ഥ നിലനിൽക്കുന്നു . ആയിരത്തിലധികം കെട്ടിടങ്ങൾ കാട്ടുതീയിൽ കത്തി നശിച്ചു. ഒന്നിലധികം സ്ഥലങ്ങളിൽ ഒരേസമയം തീ പടർന്നതാണ് അപകടത്തിന്റെ വ്യാപ്തി വർധിപ്പിക്കുന്നത്. ഈ കൂട്ടത്തിൽ തന്നെ പസഫിക് പാലിസൈഡ്സ് മേഖലയിൽ ആരംഭിച്ച തീയാണ് ഏറ്റവുമധികം നാശം ഉണ്ടാക്കിയത്. 

പൊതുവേ വരണ്ട കാലാവസ്ഥയുള്ള മെയ് – ജൂൺ മാസങ്ങൾ മുതൽ ഒക്ടോബർ വരെ നീണ്ടുനിൽക്കുന്ന കാലയളവിലാണ് സാധാരണയായി കലിഫോർണിയൽ കാട്ടുതീ ഉണ്ടാവുക. എന്നാൽ ഈ പതിവുകളെല്ലാം തെറ്റിച്ചുകൊണ്ട് ജനുവരിയിൽ കാട്ടുതീ ഉണ്ടായത് ആശങ്കാജനകമായ സാഹചര്യമാണ് സൃഷ്ടിക്കുന്നത്. ഇടിമിന്നലും ശക്തമായ കാറ്റും അടക്കമുള്ള സ്വാഭാവിക കാരണങ്ങൾ മൂലം കാട്ടുതീ പടരുമെങ്കിലും അടുത്തകാലങ്ങളിലായി അടിക്കടി തീ ഉണ്ടാവുന്നത് കാലാവസ്ഥാ വ്യതിയാനത്തിന്റെ ഫലമായാണെന്ന് ശാസ്ത്രജ്ഞർ പറയുന്നു. 

അതേസമയം കലിഫോർണിയ സംസ്ഥാനം ശക്തമായ കാട്ടുതീക്ക് സാക്ഷ്യം വഹിക്കുന്ന സമയത്ത് അമേരിക്ക കൊടുംതണുപ്പിന്റെ പിടിയിലാണ്. വാരാന്ത്യത്തിൽ യുഎസിന്റെ  വലിയൊരു മേഖലയിൽ ശീത കൊടുങ്കാറ്റ് വീശിയടിച്ചതിനെത്തുടർന്ന് അഞ്ചു പേർ മരിച്ചിരുന്നു . അതിശൈത്യം പിടിമുറുക്കിയതോടെ ഗതാഗത സംവിധാനങ്ങൾ താറുമാറാവുകയും സ്കൂളുകൾ അടച്ചു പൂട്ടുകയും പവർകട്ടുകൾ സാധാരണമാവുകയും ചെയ്തു. 30 സംസ്ഥാനങ്ങളിലായി ഏകദേശം 60 ദശലക്ഷം ആളുകൾക്ക് കാലാവസ്ഥാ മുന്നറിയിപ്പിന് നൽകിയിട്ടുണ്ട് അധികൃതർ . ഇവയിൽ ഏഴ് സംസ്ഥാനങ്ങളിൽ അടിയന്തരാവസ്ഥയും പ്രഖ്യാപിച്ചിട്ടുണ്ട്.

ശീതക്കാറ്റിനെ തുടർന്ന് നൂറുകണക്കിന് വാഹനാപകടങ്ങളാണ് അമേരിക്കയുടെ വിവിധ മേഖലകളിൽ നിന്നായി ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ റിപ്പോർട്ട് ചെയ്യപ്പെട്ടത്. ആലിപ്പഴ വർഷവും ചുഴലിക്കാറ്റും ഇടിമിന്നലും അടക്കമുള്ള പ്രതിഭാസങ്ങൾ അടുത്ത ഏതാനും ദിവസങ്ങളിലേക്ക് കൂടി പ്രതീക്ഷിക്കണമെന്നാണ് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നൽകിയിരിക്കുന്ന മുന്നറിയിപ്പ് . അതിശൈത്യം അമേരിക്കയിൽ പിടിമുറുക്കിയിരിക്കുന്നത് ഉത്തര ധ്രുവത്തിന് ചുറ്റും വ്യാപിച്ചുകിടക്കുന്ന പോളാർ വോർടെക്സ്, അഥവാ ധ്രുവ ചുഴലിക്കാറ്റ് തെക്കൻ മേഖലയിലേക്ക് പടർന്നതോടെയാണ്.

Share this post
WhatsApp Group Join Now
Telegram Group Join Now
Instagram Group Join Now

Weather Journalist at metbeatnews.com. Graduated in English from Calicut University, and holds a Diploma in Electronics and Communication from Thiruvananthapuram Press Club and master of communication and journalism (MCJ) from Bharatiyar University with 6 years of experience in print and online media.