ദുരന്ത ഭൂമിയായി വയനാട് ; ഉരുൾപൊട്ടലിൽ 21 മരണം, രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു

ദുരന്ത ഭൂമിയായി വയനാട് ; ഉരുൾപൊട്ടലിൽ 21 മരണം, രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു

വയനാട് മേപ്പാടി മുണ്ടക്കൈയില്‍ വൻ ഉരുള്‍പൊട്ടൽ ഉണ്ടായി. ഇന്ന് പുലര്‍ച്ചെ രണ്ടു മണിയോടെയാണ് മുണ്ടക്കൈയിൽ ഉരുള്‍പ്പൊട്ടിയത്. ഇതേതുടര്‍ന്നുണ്ടായ മണ്ണിടിച്ചിലിലും മലവെള്ളപ്പാച്ചിലിലും പലസ്ഥലങ്ങളും ഒറ്റപ്പെട്ടു.
വയനാട് മേപ്പാടി മുണ്ടക്കൈയിലുണ്ടായ ഉരുൾപൊട്ടലിൽ ഇതുവരെ 21 മരണം സ്ഥിരീകരിച്ചതായി ജില്ലാഭരണകൂടം. മരിച്ചവരില്‍ മൂന്ന് കുട്ടികളാണ്. മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കും. ചാലിയാറിൽ നിന്നും മൃതദേഹങ്ങൾ കണ്ടെടുത്തിട്ടുണ്ട്.

മലപ്പുറം നിലമ്പൂർ ഭാഗത്ത് ചാലിയാർ പുഴയിൽ നിന്ന് 9 മൃതദേഹങ്ങൾ കണ്ടെടുത്തു. ഉരുൾപൊട്ടലിൽ വ്യാപ്തി ഇതുവരെയും അറിയാൻ സാധിക്കാത്തതിനാൽ അപകടം എത്രത്തോളം വലുതാണെന്ന് വ്യക്തമല്ല. കൂടുതൽ സംഘത്തെ ദുരന്ത സ്ഥലത്തേക്ക് എത്തിക്കുമെന്ന് മന്ത്രി കെ.രാജന്‍. നിരവധി കുടുംബങ്ങളെ കാണാതായി. സ്ഥലത്ത് രക്ഷാപ്രവർത്തനം പുരോ​ഗമിക്കുന്നു. മുണ്ടക്കൈയിൽ മാത്രം നൂറോളം കുടുംബങ്ങളെയാണ് ദുരന്തം ബാധിച്ചിട്ടുള്ളത്. കുടുങ്ങിയവരിൽ വിദേശികളും അകപ്പെട്ടതായി സംശയമെന്ന് ടി സിദ്ദിഖ് എംഎൽഎ. രക്ഷാദൈത്യത്തിനായി സൈന്യം എത്തിച്ചേരുമെന്ന് അറിയിപ്പുണ്ട്.

ചൂരല്‍മല പാലവും ഉരുള്‍പൊട്ടലില്‍ ഒലിച്ചുപോയി. ഇതേ തുടര്‍ന്ന് ആളുകള്‍ ഒറ്റപ്പെട്ട സ്ഥലത്തേക്ക് രക്ഷാപ്രവര്‍ത്തകര്‍ക്ക് എത്താൻ സാധിക്കുന്നില്ല . പൊലീസും നാട്ടുകാരും ഫയര്‍ഫോഴ്സും രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. പുലര്‍ച്ചെ രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനിടെ വലിയ രീതിയില്‍ മലവെള്ളപ്പാച്ചിലുണ്ടാകുകയായിരുന്നു. രക്ഷാപ്രവര്‍ത്തകര്‍ ഉള്‍പ്പെടെ ഓടിരക്ഷപ്പെട്ടു. നിരവധി വാഹനങ്ങള്‍ ഒഴുകിപോയി. വീടുകളിലും വെള്ളവും ചെളിയും കയറി. കിലോമീറ്ററോളം സ്ഥലത്ത് വൻനാശനഷ്ടമാണുണ്ടായിരിക്കുന്നത്. മേപ്പാടി പഞ്ചായത്തിലാണ് മുണ്ടക്കൈ,ചൂരൽമല , പുത്തുമല പ്രദേശങ്ങൾ സ്ഥിതി ചെയ്യുന്നത്.

ചൂരൽമല വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ സ്ഥിതിചെയ്യുന്ന ഭാഗത്ത് വരെ വൻ മണ്ണിടിച്ചിലുണ്ടായതായി നാട്ടുകാര്‍ പറയുന്നു. ചൂരൽ മലയിലേക്ക് പോകുന്ന റോഡിൽ പലയിടത്തും ഗതാഗത തടസ്സം. മേഖലയിൽ പലയിടങ്ങളും ഒറ്റപ്പെട്ട അവസ്ഥയാണ്. ആളുകള്‍ മണ്ണിനടിയിൽപ്പെട്ടു കിടക്കുന്നതായും സംശയമുണ്ടെന്നും നാട്ടുകാര്‍ പറഞ്ഞു. മുണ്ടക്കൈ പുഞ്ചിരി മട്ടം ഭാഗത്തുനിന്ന് രണ്ടുമണിയോടെ വലിയ ശബ്ദത്തോടെ ഉരുൾപൊട്ടിയെന്നാണ് പ്രദേശവാസികൾ പറയുന്നത്.

ഇന്നലെ പുഞ്ചിരി മട്ടം മുണ്ടക്കൈ ഭാഗത്ത് നിന്ന് കുറച്ച് കുടുംബങ്ങളെ ഒഴിപ്പിച്ചിരുന്നു. മുണ്ടക്കൈ മലയിൽ കഴിഞ്ഞദിവസം മണ്ണിടിച്ചിൽ ഉണ്ടായതിനെ തുടർന്നാണ് ആളുകളെ ഒഴിപ്പിച്ചിരുന്നത്. ഇന്നലെ തന്നെ മുണ്ടക്കൈ പുഴയിൽ വലിയ കുത്തൊഴുക്കും മലവെള്ളപ്പാച്ചിലും രൂപപ്പെട്ടിരുന്നു. വയനാട്ടിൽ അതിശക്തമായ മഴ തുടരുകയാണ്. ഇതിനാല്‍ തന്നെ രക്ഷാപ്രവര്‍ത്തനവും ദുഷ്കരമാണ്.

സൈന്യത്തിന്റെ എൻജിനീയറിങ് ഗ്രൂപ്പ് വയനാട്ടിലേക്ക്

ഉരുൾപൊട്ടൽ ഉണ്ടായ പ്രദേശത്ത് രക്ഷാപ്രവർത്തനത്തിനും അനുബന്ധ പ്രവർത്തനങ്ങൾക്കുമായി സൈന്യത്തിന്റെ എഞ്ചിനീയറിംഗ് ഗ്രൂപ്പും അടിയന്തരമായി വയനാട്ടിലെത്തും. സൈന്യത്തിൻ്റെ മദ്രാസ് എഞ്ചിനിയറിംഗ് ഗ്രൂപ്പ് (MEG) ബാഗ്ലൂരിൽ നിന്നാണ് എത്തുക.

ഉരുൾപൊട്ടലിൽ പാലം തകർന്ന സാഹചര്യത്തിൽ ബദൽ സംവിധാനം അടക്കമുള്ള കാര്യങ്ങൾ സൈന്യത്തിന്റെ എഞ്ചിനീയറിംഗ് വിഭാഗം നടപ്പാക്കും. മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം റവന്യു സെക്രട്ടറി സൈന്യത്തിൻ്റെ കേരള – കർണാടക ചുമതലയുള്ള മേജർ ജനറൽ വി.ടി. മാത്യൂസുമായി സംസാരിച്ചതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.

രക്ഷാപ്രവർത്തനത്തിന് ഡ്രോണുകളും പോലീസ് നായകളെയും ഉപയോഗിക്കാൻ മുഖ്യമന്ത്രി നിർദ്ദേശിച്ചുപോലീസിൻ്റെ ഡ്രോണുകൾ വിന്യസിച്ച് തിരിച്ചിൽ നടത്താൻ മുഖ്യമന്ത്രി നിർദേശം നൽകി. രക്ഷാപ്രവർത്തനത്തിന് ഡോഗ് സ്ക്വാഡും രംഗത്തിറങ്ങും.

metbeat news

കാലാവസ്ഥ അപ്‌ഡേറ്റായിരിക്കാന്‍ താഴെ കൊടുത്ത ഞങ്ങളുടെ ഗ്രൂപ്പുകളില്‍ ചേരാം.
വാട്‌സ്ആപ്
ടെലഗ്രാം
വാട്‌സ്ആപ്പ് ചാനല്‍
Google News
Facebook Page
Weatherman Kerala Fb Pag

Share this post
WhatsApp Group Join Now
Telegram Group Join Now
Instagram Group Join Now

Weather Journalist at metbeatnews.com. Graduated in English from Calicut University, and holds a Diploma in Electronics and Communication from Thiruvananthapuram Press Club and master of communication and journalism (MCJ) from Bharatiyar University with 6 years of experience in print and online media.

Leave a Comment