കൂടുതൽ വിളവ് വേണോ? എല്ലുപൊടി ഇങ്ങനെ ഉപയോഗിക്കൂ
ജൈവവളങ്ങളിൽ ഏറെ പ്രാധാന്യമുള്ള ഒന്നാണ് എല്ലുപൊടി (ബോൺമീൽ). ചെടികളുടെ ആരോഗ്യത്തിനും, മികച്ച വിളവിനും എല്ലുപൊടി ചേർക്കുന്നത് ഏറെ ഗുണകരമാണ്. ദീർഘകാല വിളകളായ തെങ്ങ്, പൈനാപ്പിൾ, കരിമ്പ് എന്നിവയ്ക്ക് എല്ലുപൊടി ചേർക്കുന്നത് അത്യുത്തമമാണ്. ചെടികളുടെ വളർച്ചയിൽ ആദ്യഘട്ടത്തിൽ തന്നെ എല്ലുപൊടി പ്രയോഗിക്കുന്നത് ഏറെ ഗുണം ചെയ്യും.
ബോൺമീൽ എന്നത് നേർപ്പിച്ചോ അല്ലാതെയോ പൊടിച്ച മൃഗങ്ങളുടെ എല്ലും അറവുശാലയിലെ മാലിന്യവും ചേർത്ത് ഉണ്ടാകുന്നതാണ്.
എല്ലുപൊടിയിൽ ശരാശരി നൈട്രജന് 3-5%വും ഫോസ്ഫറസ് 21%വും ആണ്.വളരെ സാവധാനത്തിൽ പോഷകം പുറത്തുവിടുന്നൊരു വളം എന്ന നിലയിൽ ഫോസ്ഫറസിന്റെയും പ്രോട്ടീന്റെയും സ്രോതസ്സ് എന്ന നിലക്കാണിത് ഉപയോഗിക്കുന്നത്. നേർപ്പിച്ചു പൊടിച്ച എല്ലുപ്പൊടി നന്നായി പൊടിക്കാത്ത എല്ലുപൊടിയെ അപേക്ഷിച്ചു വേഗത്തിൽ പോഷകം പുറത്തുവിടുന്നു.
അമ്ലത്വം ഉള്ള മണ്ണിൽ എല്ലുപൊടിയിൽ ധാരാളമടങ്ങിയ ഫോസ്ഫറസ് രാസ പ്രവർത്തനത്തിൽ ഏർപ്പെട്ട ചെടിയുടെ ഓരോ ഘട്ടത്തിലും ആവശ്യമായ പോഷകാംശങ്ങൾ നൽകാൻ സഹായിക്കും.
എല്ലുപൊടി ചെടിയുടെ ചുവട്ടിൽ നേരിട്ട് ഇട്ട് കൊടുത്താൽ ഏകദേശം നാല് മാസത്തോളം എടുക്കും അത് മണ്ണിൽ അലിഞ്ഞ് അതിൻറെ ഗുണങ്ങൾ ചെടിക്ക് ലഭിച്ചു തുടങ്ങാൻ.
അതുകൊണ്ടുതന്നെ ഇത് ഹസ്ര്യ കാല വിളകൾക്ക് അനുയോജ്യമായിരിക്കില്ല. ആറുമാസത്തിൽ കൂടുതൽ വിളവ് ലഭ്യമാകുന്ന ദീർഘകാല വിളകളായ കുരുമുളക്, പച്ചമുളക്, കോവൽ, ജാതി എന്നിവയ്ക്ക് ഇവ നേരിട്ട് ഉപയോഗിക്കാവുന്നതാണ്. എല്ലുപൊടി തെരഞ്ഞെടുക്കുന്നതിലും, അവ പ്രയോഗിക്കുന്നതിനും ചില കാര്യങ്ങൾ ശ്രദ്ധിക്കണം.
എല്ലുപൊടി രണ്ട് തരമുണ്ട് ആവി കേറ്റി ഉണങ്ങിയതും(steamed bone meal) ഉണക്കിപ്പൊടിച്ചതും. പച്ചക്കറികളിൽ നല്ല വിളവ് കിട്ടുവാനും, നല്ല വേരുപടലം ലഭ്യമാക്കുവാനും എപ്പോഴും വാങ്ങേണ്ടത് ആവി കേറ്റി ഉണക്കിയ എല്ലുപൊടിയാണ്. ഇതിൽ 24 % കാൽസ്യം,15 % മെഗ്നീഷ്യം, 15% ഫോസ്ഫറസ് എന്നിവയും ഇരുമ്പ്, സിങ്ക്, മാഗ്നനീസ്, നൈട്രജൻ എന്നീവ ഉണ്ട്.
ഇതിന്റെ നിറം ഉണക്കിപ്പൊടിച്ചതിനേക്കാൾ അൽപ്പം ഡാർക്ക് ആയിരിക്കും. എല്ലാ വള കടകളിലും steamed bone meal ലഭിക്കും.
എല്ലുപൊടിയുടെ ഉപയോഗരീതി
എല്ലുപൊടി ഉപയോഗിക്കുമ്പോൾ മേൽ മണ്ണിളക്കി വേര് തൊടാതെ ചെടികൾക്ക് ഇട്ടു കൊടുക്കണം . ഹസ്ര കാല വിളകൾക്ക് എല്ലുപൊടി ചേർക്കുമ്പോൾ ആദ്യം ഒരു പിടി കടലപ്പിണ്ണാക്ക് കുറച്ചു വെള്ളം ചേർത്ത് കുതിർത്തു വെച്ച്, പിന്നീട് ഇതിലേക്ക് ഒരു പിടി പച്ച ചാണകം, ഒരുപിടി എല്ലുപൊടി എന്നിവ 2 കപ്പ് വെള്ളം ചേർത്ത് അഞ്ചുദിവസം മൂടി വയ്ക്കണം. എല്ലാ ദിവസവും ഇത് നന്നായി ഇളക്കി കൊടുക്കാൻ മറക്കരുത്. ആറാമത്തെ ദിവസം ഇത് തുറന്ന് ഈ മിശ്രിതം ഒരു കപ്പിന് 10 കപ്പ് വെള്ളം എന്ന രീതിയിൽ എടുത്ത് ചെടികളിൽ ഒഴിച്ചുകൊടുക്കാവുന്നതാണ്. ഇങ്ങനെ ചെയ്യുമ്പോൾ നല്ല വിളവ് കിട്ടുവാനും, ചെടി ആരോഗ്യത്തോടെ ഇരിക്കുവാനും ഇത് സഹായിക്കും . തക്കാളി, ചീര തുടങ്ങിയവയ്ക്ക് ഈ പ്രയോഗം വേഗത്തിൽ ഫലം കിട്ടുന്നതിനു സഹായകമാണ്.