കാലാവസ്ഥാ വ്യതിയാനം നേരിടാന്‍ കൂടുതല്‍ നടപടി വേണമെന്ന് യു.എന്‍ സര്‍വേ ഫലം
യുനൈറ്റഡ് നേഷന്‍സ്: കാലാവസ്ഥാ വ്യതിയാനത്തെ നേരിടാനുള്ള പദ്ധതികള്‍ തങ്ങളുടെ രാജ്യം ശക്തിപ്പെടുത്തണമെന്ന് അഞ്ചില്‍ നാലു പേരും കരുതുന്നതായി യു.എന്‍ ഗ്ലോബര്‍ പോള്‍. 75,000 പേരാണ് പോളില്‍ പങ്കെടുത്തത്. വ്യാഴാഴ്ചയാണ് യു.എന്‍ ഡെവലപ്‌മെന്റ് പ്രോഗ്രാമിന്റെ നേതൃത്വത്തില്‍ നടന്ന സര്‍വേ വിവരങ്ങള്‍ പുറത്തുവിട്ടത്. ലോക ജനസംഖ്യയുടെ 87 ശതമാനത്തെയും പ്രതിനിധീകരിക്കുന്ന 77 രാജ്യങ്ങളിലെ ജനങ്ങളാണ് പോളില്‍ പങ്കെടുത്തത്. ഓക്‌സ്ഫഡ് സര്‍വകലാശാലയും ജിയോപോളും സഹകരിച്ച് 15 ചോദ്യാവലിയാണ് ഇതിനായി തയാറാക്കിയത്. ഫോണ്‍ കോള്‍ വഴിയാണ് ആളുകളോട് ക്രമരഹിതമായി ചോദ്യങ്ങള്‍ ചോദിച്ചത്.
ഇതില്‍ 80 ശതമാനം പേരും ആഗോള താപനത്തെ നേരിടാന്‍ സര്‍ക്കാരുകള്‍ കൂടുതല്‍ ജാഗ്രതയോടെ പ്രവര്‍ത്തിക്കണമെന്ന് അഭിപ്രായപ്പെട്ടു. ദരിദ്രരാജ്യങ്ങളിലുള്ളവര്‍ കൂടുതല്‍ ആശങ്കാകുലരായി. 89 ശതമാനം പേരാണ് ഇത്തരം രാജ്യങ്ങളില്‍ നിന്ന് കൂടുതല്‍ നടപടി വേണമെന്ന അഭിപ്രായ മുയര്‍ത്തിയത്. എന്നാല്‍ ജി 20 രാജ്യങ്ങളിലുള്ള 76 ശതമാനത്തിനായിരുന്നു ക്ലൈമറ്റ് ആക്ഷന്‍ കാര്യക്ഷമമാക്കണമെന്നുള്ള അഭിപ്രായം.
77 രാജ്യങ്ങളിലെ 62 രാജ്യങ്ങളിലുള്ളവരും ഫോസില്‍ ഇന്ധനങ്ങള്‍ക്ക് പകരം ശുദ്ധമായ ഊര്‍ജം ഉപയോഗിക്കണമെന്ന് അഭിപ്രായം ഉന്നയിച്ചു. ചൈനയിലെ 80 ശതമാനം പേരും യു.എസിലെ 54 ശതമാനം പേരും റഷ്യയിലെ 16 ശതമാനം പേരും അഭിപ്രായ വോട്ടെടുപ്പിനോട് അനുകൂലമായി പ്രതികരിച്ചു.
ആഗോള താപനത്തെ കുറിച്ച് ആശങ്കയുണ്ടെന്നും ആഴ്ചയിലൊരിക്കലെങ്കിലും കാലാവസ്ഥാ വ്യതിയാനത്തെ കുറിച്ച് ആലോചിക്കാറുണ്ടെന്നും 56 ശതമാനം പേരും പറഞ്ഞു. എന്നാല്‍ 53 ശതമാനം പേര്‍ക്ക് കാലാവസ്ഥാ വ്യതിയാനം ആശങ്കയില്ലെന്നും 15 ശതമാനം പേര്‍ അതേകുറിച്ച് ചിന്തിക്കാറില്ലെന്നും അഭിപ്രായപ്പെട്ടു.
കാലാവസ്ഥാ വ്യതിയാനത്തെ കുറിച്ച് ഏറ്റവും കൂടുതല്‍ ആശങ്ക രേഖപ്പെടുത്തിയത് ഫിജിക്കാരാണ്. 80 ശതമാനം പേരാണ് പ്രതികരിച്ചത്. അഫ്ഗാനിസ്ഥാനില്‍ നിന്ന് 78 ശതമാനം പേരും തുര്‍ക്കിയില്‍ 77 ശതമാനം പേരും കാലാവസ്ഥാ വ്യതിയാനത്തില്‍ ആശങ്ക രേഖപ്പെടുത്തി.
കാലാവസ്ഥ അപ്‌ഡേറ്റായിരിക്കാന്‍ താഴെ കൊടുത്ത ഞങ്ങളുടെ ഗ്രൂപ്പുകളില്‍ ചേരാം.