Uae weather 16/04/24: മോശം കാലാവസ്ഥ യുഎഇയിലെ സ്കൂളുകൾ ഓൺലൈനായി
ഇന്ന് വൈകിട്ട് മുതൽ ബുധനാഴ്ച വരെ യുഎഇയിൽ ഉടനീളം ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. മോശം കാലാവസ്ഥയെ തുടർന്ന് യുഎഇയിലെ സ്കൂളുകൾ ഓൺലൈനായി നടത്തും എന്ന് അധികൃതർ. കുട്ടികളുടെയും അധ്യാപകരുടെയും സുരക്ഷ കണക്കിലെടുത്താണ് തീരുമാനം. എല്ലാ സർക്കാർ ഉദ്യോഗസ്ഥർക്കും വർക്ക് ഫ്രം ഹോം ആണ്. സ്വകാര്യ മേഖലയിലെ കമ്പനികളോട് പ്രവർത്തനം താൽക്കാലികമായി നിർത്തി വയ്ക്കാനും, പുറം ജോലിയിൽ ഏർപ്പെട്ടിരിക്കുന്ന ആളുകൾക്ക് മതിയായ സുരക്ഷാ ഏർപ്പെടുത്താനും മാനവ വിഭവശേഷി മന്ത്രാലയം നിർദ്ദേശിച്ചു.
രാജ്യവ്യാപകമായി സർക്കാർ സ്‌കൂൾ വിദ്യാർഥികൾ വ്യാഴാഴ്ച വരെ വീട്ടിലിരുന്ന് പഠിക്കും. ഷാർജ സ്വകാര്യ സ്കൂളുകളിലും ഓൺലൈൻ പഠനം ആയിരിക്കും എന്ന് പ്രഖ്യാപിച്ചു. ദുബായിലും അബുദാബിയിലും ചൊവ്വാഴ്ച സ്വകാര്യ സ്‌കൂളുകൾക്ക് അവധിയായിരിക്കും.
ബുധനാഴ്ച വരെ മണിക്കൂറിൽ 70 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശുമെന്ന് പ്രവചനമുണ്ട്, വാഹനമോടിക്കുന്നവർ റോഡുകളിൽ നിന്ന് വിട്ടുനിൽക്കാൻ അഭ്യർത്ഥിക്കുന്നു.
ചൊവ്വാഴ്ച മുഴുവൻ അബുദാബിയിലും ദുബായിയുടെയും തീരപ്രദേശങ്ങളിൽ തീവ്രമായ കൊടുങ്കാറ്റ് വീശുന്നതായി കാണിച്ചു.
ബുധനാഴ്‌ച അർധരാത്രിയോടെ മഴയുടെ ശക്തി കുറയും
അപകടകരമായ കാലാവസ്ഥയിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് യുഎഇ ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
എല്ലാ ദുബായ് സർക്കാർ സ്ഥാപനങ്ങളും സ്വകാര്യ സ്കൂളുകളും ഏപ്രിൽ 16 ചൊവ്വാഴ്ച വിദൂരമായി പ്രവർത്തിക്കുമെന്ന് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് പറഞ്ഞു.
ചൊവ്വ, ബുധൻ ദിവസങ്ങളിൽ പാർക്കുകളും ബീച്ചുകളും അടച്ചിടുമെന്നും റാസൽഖൈമയിലെ അധികൃതർ അറിയിച്ചു.
മേഖലയിലെ മറ്റിടങ്ങളിലെ പ്രതികൂല സാഹചര്യങ്ങളെ തുടർന്നാണ് പ്രവചനം. ഞായറാഴ്ചത്തെ കനത്ത മഴയെ തുടർന്ന് ഒമാനിൽ 14 പേർ മരിക്കുകയും നിരവധി പേരെ കാണാതാവുകയും ചെയ്തു.
ഒമാൻ്റെ ഭൂമിശാസ്ത്രപരമായ സ്വഭാവം യുഎഇയിലെ കാലാവസ്ഥയുടെ തീവ്രതയെ സ്വാധീനിക്കുമെന്ന് എൻ സി എമ്മിലെ മുതിർന്ന കാലാവസ്ഥ ഉദ്യോഗസ്ഥൻ ഡോ.അഹമ്മദ് ഹബീബ് പറഞ്ഞു.
കാലാവസ്ഥയുടെ ആദ്യ തരംഗം ഇന്ന് വൈകുന്നേരത്തോടെ ആരംഭിക്കാൻ സാധ്യത എന്നും അദ്ദേഹം. ഇത് അബുദാബിയിലെ പ്രധാന നഗരങ്ങളിലേക്കും തുടർന്ന് ദുബായിലേക്കും വടക്കൻ എമിറേറ്റുകളിലേക്കും വ്യാപിക്കുന്നതിന് മുമ്പ് തീവ്രത വർധിക്കുകയും വിവിധ തീവ്രതയോടെ മഴ പെയ്യുകയും ചെയ്യും. ഇവയിൽ ഭൂരിഭാഗവും കനത്തതായിരിക്കും, മിന്നൽ, ഇടി, ആലിപ്പഴം എന്നിവയ്ക്കും സാധ്യതയെന്ന് അദ്ദേഹം പറഞ്ഞു.
ന്യൂനമർദ്ദ വ്യവസ്ഥയുടെ രണ്ടാം തരംഗം ചൊവ്വാഴ്ച ഉച്ചയോടെ ആരംഭിക്കും, അൽ ദഫ്രയിൽ മഴ കൂടുതൽ ശക്തമാകും, പിന്നീട് അബുദാബിയിലേക്ക് നീങ്ങുകയും വൈകുന്നേരങ്ങളിൽ ദുബായിലേക്കും വടക്കൻ എമിറേറ്റുകളിലേക്കും വ്യാപിക്കുകയും ബുധനാഴ്ച രാവിലെ വരെ തുടരുകയും ചെയ്യും. ബുധനാഴ്ച ഉച്ച കഴിഞ്ഞതോടെ മഴയുടെ ശക്തി കുറഞ്ഞു തുടങ്ങും .
അബുദാബിയുടെ പടിഞ്ഞാറൻ മേഖലയിൽ ദൃശ്യപരത നിലവിൽ 1,000 മീറ്ററായി കുറഞ്ഞു. കാറ്റ് വീണ്ടും ശക്തമായി വീശുന്നതിനാൽ ദൃശ്യപരിത വീണ്ടും കുറയാൻ സാധ്യത.
കടൽ വളരെ പ്രക്ഷുബ്ധമായിരിക്കും. റാസൽ ഖൈമയിലും ഫുജൈറയിലും ജലപ്രവാഹം പ്രക്ഷുബ്ധമായേക്കാവുന്ന താഴ്‌വരകളിലേക്ക് പോകുന്നത് ഒഴിവാക്കാൻ നിർദ്ദേശം.
ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവാൻ
FOLLOW US ON GOOGLE NEWS