uae weather 07/06/25: ചൂടിന് ആശ്വാസമായി മഴ; ഷാർജയിലും ഫുജൈറയിലും കനത്ത മഴയ്ക്ക് സാധ്യത
യുഎഇയിൽ വർധിച്ചു വരുന്ന ചൂടിന് ആശ്വാസമായി എമിറേറ്റിലുടനീളം മഴ ലഭിച്ചു. ഷാർജ, ഫുജൈറ, ഖോർഫക്കാൻ തുടങ്ങിയ യുഎഇയിലെ വിവിധ ഇടങ്ങളിൽ ഇന്നലെ പുലർച്ചയോടെ മഴ ലഭിച്ചെന്ന് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി. യുഎഇയിൽ ഈദ് അൽ അദ്ഹ അവധിയുടെ നീണ്ട വാരാന്ത്യത്തിനിടെയാണ് കാലാവസ്ഥാ മാറ്റം. കൂടാതെ കഴിഞ്ഞ ആഴ്‌ചകളിലായി യുഎഇയിൽ താപനില വർധിച്ച് വരികയാണ് ഇതിനിടയിലാണ് ആശ്വാസ മഴ ലഭിച്ചത്. കൂടാതെ യുഎഇയിലെ കിഴക്കൻ മേഖലകളിലുടനീളം ദേശീയ കാലാവസ്ഥാ കേന്ദ്രം യെല്ലോ, ഓറഞ്ച് അലർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്.
കൂടാതെ ഈദ് അൽ അദ്ഹ അവധി കൂടെ ആയതിനാൽ അവധി ആഘോഷിക്കാൻ പോകുന്നവർ വെള്ളപ്പൊക്ക സാധ്യതയുള്ള താഴ്‌വരകളും പ്രദേശങ്ങളും ഒഴിവാക്കണമെന്നും ഒപ്പം തന്നെ താമസക്കാരും വാഹനമോടിക്കുന്നവരും ഈ മുന്നറിയിപ്പ് പാലിക്കണമെന്നും എൻസിഎം മുന്നറിയിപ്പ് നൽകി.
ഖോർഫക്കാൻ, നഹ്‌വ, അൽ റഫീസ അണക്കെട്ട്, ഷാർജയിലെ വാദി ഷീസ്, ഫുജൈറയിലെ അൽ ഖറയ്യ, മിർബിഹ് എന്നിവിടങ്ങളിലും മഴ ലഭിച്ചു. നേരത്തെ തന്നെ അവധിക്കാല വാരാന്ത്യത്തിൽ ചില പ്രദേശങ്ങളിൽ മഴ ലഭിക്കുമെന്ന് എൻസിഎം മുന്നറിയിപ്പ് നൽകിയിട്ടുണ്ടായിരുന്നു.
നിലവിൽ തീരദേശ പ്രദേശങ്ങളിലും ദ്വീപ് പ്രദേശങ്ങളിലും 41°C മുതൽ 37°C വരെയും ഉൾപ്രദേശങ്ങളിൽ 44°C മുതൽ 39°C വരെയും പർവതപ്രദേശങ്ങളിൽ 34°C മുതൽ 30°C വരെയും താപനില ഉയരുമെന്നാണ് കാലാവസ്ഥ വകുപ്പ് നൽകുന്ന മുന്നറിയിപ്പ് . കൂടാതെ ചില തീരദേശ, ഉൾപ്രദേശങ്ങളിൽ രാത്രിയിലും ഞായറാഴ്ച രാവിലെ വരെയും ഈർപ്പത്തിന്റെ അളവ് ഉയരും എന്നും എൻ സി എം .
മൂടൽ മഞ്ഞ് ഉണ്ടാകാൻ സാധ്യതയുള്ളതായും കാറ്റിന്റെ അവസ്ഥ നേരിയതോ മിതമായതോ ആയിരിക്കുമെന്നും ഇടയ്ക്കിടെ തീവ്രത വർധിക്കാൻ സാധ്യതയുള്ളതായും NCM. കൂടാതെ കാലാവസ്ഥ ചില സമയങ്ങളിൽ ഭാഗികമായി മേഘാവൃതമായിരിക്കുമെന്നും, കിഴക്കൻ, വടക്കൻ പ്രദേശങ്ങളിൽ കൂടുതൽ മഴയ്ക്ക് കാരണമായേക്കാവുന്ന മേഘങ്ങൾ രൂപപ്പെടാനുള്ള സാധ്യതയുള്ളതായും NCM റിപ്പോർട്ടിൽ വ്യക്തമാക്കി.
Tag: uae weather 07/06/25: Rain brings relief from the heat; Heavy rain likely in Sharjah and Fujairah