യു.എ.ഇയില്‍ സമൂഹ മാധ്യമങ്ങളില്‍ പ്രൊമോഷനല്‍ വീഡിയോ ചെയ്യാന്‍ ഇനി ലൈസന്‍സ് വേണം
ദുബൈ: യു.എ.ഇയില്‍ സമൂഹ മാധ്യമങ്ങള്‍ വഴി പ്രമോഷനല്‍ വീഡിയോകളും കണ്ടന്റുകളും ചെയ്യുന്നവര്‍ ശ്രദ്ധിക്കുക. ഇനി ലൈസന്‍സില്ലാതെ ഇത്തരം വീഡിയോകള്‍ ചെയ്താല്‍ പിടിവീഴും. കണ്ടന്റ് ക്രിയേറ്റര്‍മാര്‍ക്ക് പരസ്യ പെര്‍മിറ്റ് നിര്‍ബന്ധമാകുകയാണ്. സോഷ്യല്‍ മീഡിയ വഴി പരസ്യങ്ങള്‍ നല്‍കി പണം സമ്പാദിക്കാന്‍ ആഗ്രഹിക്കുന്ന അന്താരാഷ്ട്ര കണ്ടന്റ് ക്രിയേറ്റേഴ്‌സിന് പുതിയ മീഡിയ നിയമങ്ങള്‍ക്ക് കീഴില്‍ ‘സന്ദര്‍ശക പരസ്യ പെര്‍മിറ്റ്’ യു.എ.ഇ നിര്‍ബന്ധമാക്കി. യുഎഇ മീഡിയ കൗണ്‍സില്‍ പുറപ്പെടുവിച്ച ഈ നിയന്ത്രണം, ഇന്‍സ്റ്റാഗ്രാം, ഫേസ്ബുക്ക്, വാട്ട്‌സ്ആപ്പ് തുടങ്ങിയ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളില്‍ പ്രൊമോഷണല്‍ ഉള്ളടക്കം പങ്കുവയ്ക്കുന്നവര്‍ക്ക് ബാധകമാകും.
എന്താണ് പെര്‍മിറ്റ്
പുതിയ നിയമപ്രകാരം, യു.എ.ഇയില്‍ സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്ന അന്താരാഷ്ട്ര ഇന്‍ഫ്‌ളുവന്‍സര്‍മാര്‍ മീഡിയ കൗണ്‍സില്‍ അംഗീകരിച്ച, ലൈസന്‍സുള്ള പരസ്യ ഏജന്‍സികളോ ടാലന്റ് മാനേജ്‌മെന്റ് ഏജന്‍സികളോ വഴി ‘സന്ദര്‍ശക പരസ്യദാതാവ്’ ആയി രജിസ്റ്റര്‍ ചെയ്യണം. പെര്‍മിറ്റിന് മൂന്നു മാസത്തെ സാധുതയുണ്ടാകും. പുതുക്കുന്നത് വഴി മൂന്ന് മാസത്തേക്ക് കൂടി ഇത് നീട്ടിക്കിട്ടും. ആദ്യ മൂന്ന് വര്‍ഷത്തേക്ക് പെര്‍മിറ്റ് സൗജന്യമായി നല്‍കും. മൂന്ന് മാസത്തിനുള്ളില്‍ നിയമം പ്രാബല്യത്തില്‍ വരും.
നിയമത്തിന്റെ ലക്ഷ്യങ്ങള്‍
മാധ്യമ മേഖലയുടെ വളര്‍ച്ച നിയന്ത്രിക്കുകയും ശാക്തീകരിക്കുകയും ചെയ്യുക എന്നതാണ് നിയന്ത്രണത്തിന്റെ ലക്ഷ്യം. രണ്ട് വര്‍ഷത്തെ വികസന പ്രക്രിയയ്ക്ക് ശേഷം മെയ് മാസത്തില്‍ പ്രഖ്യാപിച്ച ഈ സംവിധാനം, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് പ്രവണതകളുമായി പൊരുത്തപ്പെടാന്‍ രൂപകല്‍പന ചെയ്തതാണ്. തെറ്റിദ്ധരിപ്പിക്കുന്ന ഉള്ളടക്കം നിരോധിക്കുക, പരസ്യവും മറ്റ് ഉള്ളടക്കവും തമ്മിലുള്ള ആശയക്കുഴപ്പം ഒഴിവാക്കുക, വ്യക്തമായ പരസ്യ സന്ദേശങ്ങള്‍ ഉറപ്പാക്കുക, ആരോഗ്യ മേഖലകളില്‍ തെറ്റായ ഉള്ളടക്കമുള്ള പരസ്യങ്ങള്‍ തടയുക എന്നിവയാണ് പ്രധാന വ്യവസ്ഥകള്‍.
പെര്‍മിറ്റില്‍ നിന്ന് ഒഴിവാക്കപ്പെട്ടവര്‍
സ്വന്തം ഉല്‍പ്പന്നങ്ങള്‍/സേവനങ്ങള്‍ : സ്വന്തം കമ്പനിയുടെ ഉടമസ്ഥതയിലുള്ള ഉല്‍പന്നങ്ങളോ സേവനങ്ങളോ പ്രൊമോട്ട് ചെയ്യാന്‍ സ്വന്തം സോഷ്യല്‍ മീഡിയ അക്കൗണ്ട് ഉപയോഗിക്കുന്നവര്‍.
18 വയസ്സിന് താഴെയുള്ളവര്‍: വിദ്യാഭ്യാസ, കായിക, സാംസ്‌കാരിക, ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍.
പെര്‍മിറ്റ് ഉടമകളുടെ ബാധ്യതകള്‍
പെര്‍മിറ്റ് കൈവശമുള്ളവര്‍ ഇനിപ്പറയുന്ന നിയമങ്ങള്‍ പാലിക്കണം
മാധ്യമ ഉള്ളടക്ക മാനദണ്ഡങ്ങള്‍ ലംഘിക്കരുത്.
സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ പെര്‍മിറ്റ് നമ്പര്‍ വ്യക്തമായി പ്രദര്‍ശിപ്പിക്കുക.
രജിസ്റ്റര്‍ ചെയ്ത അക്കൗണ്ട് വഴി മാത്രം പരസ്യങ്ങള്‍ പ്രസിദ്ധീകരിക്കുക.
മറ്റുള്ളവരെ രജിസ്റ്റര്‍ ചെയ്ത അക്കൗണ്ട് വഴി പരസ്യം ചെയ്യാന്‍ അനുവദിക്കരുത്.
നിയമം ആവശ്യപ്പെടുന്നുവെങ്കില്‍, പരസ്യം പ്രസിദ്ധീകരിക്കുന്നതിന് മുമ്പ് ആവശ്യമായ അനുമതികള്‍ നേടുക.
അംഗീകൃത പരസ്യ, ടാലന്റ് ഏജന്‍സികളുടെ ഔദ്യോഗിക പട്ടിക ഉടന്‍ പ്രഖ്യാപിക്കുമെന്ന് യുഎഇ മീഡിയ കൗണ്‍സില്‍ അറിയിച്ചു. ഈ നിയന്ത്രണം, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് മേഖലയില്‍ സുതാര്യതയും വിശ്വാസ്യതയും ഉറപ്പാക്കുമെന്നാണ് കരുതുന്നത്.
Tag: In the UAE, promotional videos on social media now require a license. Stay compliant and learn how to navigate this new regulation effectively.