ഓരോ മാസവും ഇത്തരം കൃഷികൾ ചെയ്തു നോക്കൂ
നാമെല്ലാം വീട്ടുമുറ്റത്ത് ചെറിയതോതിൽ പച്ചക്കറി തോട്ടം ഉണ്ടാക്കാറുണ്ട്. എന്നാൽ നമ്മൾ പലരും എല്ലാതരം വിത്തുകളും ഒന്നിച്ച് നടന്ന പതിവാണ്. എന്നാൽ ഓരോ മാസവും ഏതെല്ലാം വിത്തുകൾ നട്ടുവളർത്തണമെന്ന് നമുക്ക് നോക്കാം.
ജനുവരി
വെണ്ട, പാവല്‍, പടവലം, ചീര, തക്കാളി തുടങ്ങി പച്ചക്കറികള്‍ മിക്കതും കൃഷി ചെയ്യാന്‍ പറ്റിയ സമയമാണ് ജനുവരി. സൂര്യപ്രകാശം ലഭിക്കുന്ന, ജലസേചന സൗകര്യമുള്ള സ്ഥലത്ത് കൃഷി ചെയ്യാം. മണ്ണില്‍ തടമെടുത്ത് ചാണകപ്പൊടി, കോഴിവളം എന്നിവ അടിവളമായി ചേര്‍ക്കുക. പാവല്‍, തക്കാളി എന്നിവ തൈകള്‍ പറിച്ചുനട്ടും മറ്റുള്ളവ വിത്തുപാകിയും കൃഷി ചെയ്യാവുന്നതാണ്.
ഫെബ്രുവരി
ചേമ്പ്, ചേന അര മീറ്റര്‍ ആഴത്തിലും വീതിയിലും കുഴിയെടുത്ത് ചാണകപ്പൊടി, കമ്പോസ്റ്റ് എന്നിവ അടിവളമായി ചേര്‍ത്തു നടുക. ഒരു കിലോ ചേന ചാണകവെള്ളത്തില്‍ മുക്കിവയ്ക്കുക. ഒരാഴ്ചയ്ക്കകം മുള വരുമ്പോള്‍ നടുക. ഓരോ കുഴിയിലും രണ്ടു കിലോ ചാണകപ്പൊടി അടിവളമായി ചേര്‍ക്കുകയും വേണം. ഓഗസ്റ്റോടെ വിളവെടുത്തു തുടങ്ങാം.
മാര്‍ച്ച്
നട്ട് ഒന്നര മാസമാകുമ്പോഴേക്കും വിളവെടുക്കാവുന്ന ഒരു പച്ചക്കറിയാണ് വെള്ളരി . മാര്‍ച്ച് ആദ്യവാരത്തിലാണ് വെള്ളരി കൂടുതലായും നടുക. കാരണം വിഷുവിനു കണിവയ്ക്കാന്‍ പാകത്തില്‍ പറിച്ചെടുക്കാൻ ആണിത്. വിത്തു മുളപ്പിച്ചശേഷം പറിച്ചുനടുന്നതാണു കൂടുതൽ ഗുണം . 15 സെന്റീമീറ്റര്‍ വീതിയില്‍ തടമെടുത്തു ചാണകപ്പൊടി, കോഴിവളം എന്നിവ അടിവളമായി ചേര്‍ക്കണം. കീടശല്യം അകറ്റാൻ കാന്താരി, ഇഞ്ചി എന്നിവ അരച്ച് സോപ്പുലായനിയില്‍ ചേര്‍ത്തു തളിക്കുക.
ഏപ്രില്‍
ആദ്യമഴ മണ്ണിനെ നനയ്ക്കുന്നതോടെ ഇഞ്ചിയും മഞ്ഞളും കൃഷി ചെയ്തു തുടങ്ങാം . ചാണകപ്പൊടിയും ഉണങ്ങിയ ഇലകളും നിറച്ച് മണ്‍കൂനയെടുത്താണ് ഇഞ്ചിയും മഞ്ഞളും നടുക. ഇവക്ക് പൊതുവേ കീടശല്യം കുറവാണ്. മഴ പെയ്യുന്നതോടെ പച്ചച്ചാണകമിട്ടു മണ്ണിടുന്നതു കൂടുതൽ ഗുണം ചെയ്യും. കുരുമുളകും ആദ്യമഴയോടെയാണു കൃഷി ചെയ്യുക. ആഴ്ചയിലൊരിക്കല്‍ നനച്ചു കൊടുക്കുക. ഏപ്രില്‍ പകുതിയോടെ വയല്‍ ഉഴുതിട്ടു നെല്ലു വിതച്ചു തുടങ്ങാം.
മേയ്
അര മീറ്റര്‍ ആഴത്തിലും വീതിയിലും കുഴിയെടുത്ത് അതില്‍ രണ്ടു കിലോ ചാണകപ്പൊടി നിറയ്ക്കുക, ഇതോടൊപ്പം ചാരവും ചേര്‍ത്തുകൊടുക്കുക. ഇതിനു മുകളില്‍ മണ്ണിട്ട് കാച്ചിൽ നടാവുന്നതാണ്. മഴ പെയ്യുന്നതോടെ കമ്പുനാട്ടി വള്ളി പടര്‍ത്തിക്കൊടുക്കുക. ഇടയ്ക്കിടെ മഴ ലഭിക്കുന്നതോടെ നനകിഴങ്ങും കൂനയെടുത്തു നടാവുന്നതാണ്, ഒപ്പം വാഴയും ഈ മാസം തന്നെ കൃഷി ചെയ്യാം. ചാണകപ്പൊടി തന്നെയാണ് അടിവളമായി ചേർക്കുക.
ജൂണ്‍
മഴ തുടങ്ങുന്നതോടെ ചെയ്യാവുന്ന പച്ചക്കറിക്കൃഷിയാണ് വഴുതന, പച്ചമുളക്, വെണ്ട തുടങ്ങിയ ഇനം . വേനല്‍ക്കാലത്തു തടമെടുത്താണെങ്കില്‍ മഴക്കാലത്തു മണ്‍കൂന കൂട്ടിയാണു കൃഷി ചെയ്യുക. വെള്ളം കെട്ടിനിന്നു ചെടി ചീഞ്ഞുപോകാതിരിക്കാനാണ് ഇങ്ങനെ ചെയ്യുന്നത്. വഴുതന, വെണ്ട, പച്ചമുളക് എന്നിവയില്‍ മഴക്കാലത്തു കീടശല്യം മറ്റു പച്ചക്കറികളെ അപേക്ഷിച്ചു കുറവാണ് ഉണ്ടാവുക. വേനല്‍ക്കാലത്തു ലഭിക്കുന്നത്ര വിളവ് മഴക്കാലത്ത് ലഭിക്കില്ല.
ജൂലൈ
മഴ ശക്തമാകുന്നതോടെ ചെയ്യാവുന്ന കൃഷികളാണ് പയര്‍, ചോളം, മുത്താറി എന്നിവ. പറമ്പ് ഉഴുത്, ചാരം വിതറി പയറും ചോളവും മുത്താറിയും വിതറാം, ഒന്നര മാസംകൊണ്ടു പയര്‍ കായ്ച്ചു തുടങ്ങും. ചൂടുള്ള ചാരം വിതറുന്നത് കീടശല്യം അകറ്റാന്‍ നല്ലതാണ് .
ഓഗസ്റ്റ്
വേനല്‍ക്കാലത്തു ജലസേചനസൗകര്യമുള്ള സ്ഥലത്ത് ഓഗസ്റ്റില്‍ നേന്ത്രവാഴ നടാം. വയല്‍പ്രദേശത്താണെങ്കില്‍ അര മീറ്റര്‍ ഉയരത്തില്‍ കൂനയെടുത്തും കരപ്രദേശത്ത് ഒരു മീറ്റര്‍ ആഴത്തിലുമാണു നേന്ത്രവാഴകൾ നടുക. ചാണകപ്പൊടി അടിവളമായി ചേര്‍ക്കാം. വാഴയുടെ ഏറ്റവും കരുത്തുള്ള കന്നാണു നടാൻ ഉപയോഗിക്കേണ്ടത്.
സെപ്റ്റംബര്‍
കൈതച്ചക്ക, പച്ചക്കറി, നെല്ല്. രണ്ടാംവിള നെല്‍കൃഷിയിറക്കേണ്ട സമയമാണ് സെപ്റ്റംബർ. ഓണത്തോടനുബന്ധിച്ച് ഒന്നാംവിള കൊയ്ത്തുകഴിയും. ഞാറു പറിച്ചുനട്ടാണു രണ്ടാംവിള കൃഷി. ഓഗസ്റ്റില്‍ തന്നെ ഞാറു മുളപ്പിക്കണം. മഴ അല്‍പം കുറയുന്നതിനാല്‍ പച്ചക്കറിക്കൃഷി ആരംഭിക്കാം. കൈതയും ഈ സമയത്തുതന്നെയാണ് നടുക.
ഒക്ടോബര്‍
കാബേജ്, കോളിഫ്ലവർ, കാരറ്റ്, ബീറ്റ്‌റൂട്ട് തുടങ്ങി ശീതകാല പച്ചക്കറികള്‍ നടേണ്ട സമയമാണിത്. കാബേജ്, കോളിഫ്ലവർ എന്നിവ മണ്ണില്‍ ചാല്‍ എടുത്തും കാരറ്റ്, ബീറ്റ്‌റൂട്ട് എന്നിവ തടമെടുത്തുമാണു കൃഷി ചെയ്യുക. ആദ്യം തൈകള്‍ ഒരുക്കണം, വൈകുന്നേരമാണു പറിച്ചുനടാന്‍ ഉത്തമം. ചാലുകള്‍ തമ്മിലും ചെടികള്‍ തമ്മിലും 1.5 അടി അകലം ഉണ്ടാകണം. കീടബാധ അകറ്റാന്‍ തൈകള്‍ നടുമ്പോള്‍ സ്യൂഡോ മോണാസ് ലായനിയില്‍ മുക്കിയശേഷം നടുന്നതാണ് നല്ലത്.
നവംബര്‍
വേനല്‍ക്കാലത്തു വിളവെടുക്കാന്‍ പാകത്തിലാണ് ചേമ്പും ചേനയും കൃഷി ചെയ്യുക. മരച്ചീനിയും ഈ സമയത്തു തന്നെ കൃഷി ചെയ്യും. ആറാം മാസം വിളവെടുക്കുന്ന കമ്പ് നടുന്നതാണു കൂടുതൽ നല്ലത്.
ഡിസംബര്‍
വയലുകളില്‍ രണ്ടാംവിള കൊയ്തുകഴിയുന്നതോടെ മണ്ണ് ഉഴുതശേഷം എള്ള്, റാഗി, വന്‍പയര്‍ എന്നിവ വിതയ്ക്കാം. പ്രധാന വളം ചാരമാണ്. കീടശല്യം വേനല്‍ക്കാലത്തു കുറവായിരിക്കും.