മഴക്കെടുതിയിൽ താളം തെറ്റി ട്രെയിൻ ഗതാഗതം
മഴക്കെടുതിയിൽ താളം തെറ്റി ട്രെയിൻ ഗതാഗതം. കോഴിക്കോട് കല്ലായി ഫറോക്ക് റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയിലെ ട്രാക്കില്‍ ഇന്ന് വീണ്ടും മരം വീണതിനെത്തുടര്‍ന്ന് ഇതുവഴിയുള്ള ട്രെയിന്‍ ഗതാഗതം താറുമാറായിരുന്നു. ഇന്നലെ മരം വീണ സ്ഥലത്തിന് സമീപമാണ് ഷൊര്‍ണ്ണൂര്‍ ഭാഗത്തേക്കുള്ള ട്രാക്കില്‍ ഇന്നും മരം വീണത്. ഗതാഗതം പുനസ്ഥാപിച്ചെങ്കിലും വന്ദേഭാരത് അടക്കം ട്രെയിനുകൾ ഓടുന്നത് വൈകിയാണ് .
വന്ദേഭാരത് അടക്കം പല ട്രെയിനുകളും ഒരു മണിക്കൂറിലധികം വൈകുന്നു. തിരുവനന്തപുരം-മംഗലാപുരം വന്ദേഭാരത് എക്സ്പ്രസ് ഒരു മണിക്കൂർ 5 മിനുട്ട് നേരം വൈകുമെന്ന് ഇന്ത്യന്‍ റെയില്‍വേ അറിയിക്കുന്നു. തിരുവനന്തപുരത്ത് നിന്ന് വൈകിട്ട് 4.05 ന് പുറപ്പെടേണ്ട ട്രെയിന്‍ 5.10 നായിരിക്കും പുറപ്പെടുക. കണ്ണൂർ-ഷൊര്‍ണ്ണൂര്‍ പാസഞ്ചര്‍ (06032) ഒന്നര മണിക്കൂർ വൈകിയാണ് ഓടുക. കണ്ണൂർ- കോയമ്പത്തൂർ പാസഞ്ചർ മൂന്ന് മണിക്കൂർ വൈകിയാണ് ഓടുക. പരശുറാം എക്സ്പ്രസ് (16649) 2.50 മണിക്കൂറാണ് വൈകിയോടുന്നത്. നേത്രാവതി എക്സ്പ്രസും (16345) മംഗലാപുരം കോയമ്പത്തൂർ ഇൻ്റർസിറ്റി എക്സ്പ്രസും സമയക്രമം പാലിക്കുന്നുണ്ട്. നിസാമുദ്ദീന്‍ – എറണാകുളം മംഗള എക്സ്പ്രസ് നിലവിൽ കൃത്യസമയം പാലിക്കുന്നു.
ഇന്നലെ രാത്രി വീശിയടിച്ച കാറ്റില്‍ ട്രാക്കിലേക്ക് മരങ്ങളും ഇരുമ്പ് ഷീറ്റുകളും വീണത് കാരണം ട്രെയിന്‍ ഗതാഗതം താറുമാറായതിന് പിന്നാലെയാണ് പ്രശ്നം വീണ്ടും രൂക്ഷമാക്കി രാവിലെ എട്ട് മണിയോടെ മാത്തോട്ടം ഭാഗത്ത് ട്രാക്കില്‍ മരം വീണ്ടും വീണത്. ഷൊര്‍ണ്ണൂര്‍ ഭാഗത്തേക്കുള്ള ട്രാക്കില്‍ മരം വീണതോടെ, സാധാരണ നിലയിലേക്ക് വരികയായിരുന്ന ഇതുവഴിയുള്ള ട്രെയിന്‍ യാത്ര വീണ്ടും തടസപ്പെട്ടു. ട്രാക്കിന് മുകളിലുള്ള ഇലട്രിക് ലൈന്‍ തകരാറുകള്‍ റെയില്‍വേയുടെ കൂടുതല്‍ സംവിധാനങ്ങള്‍ എത്തിച്ചാണ് രണ്ടര മണിക്കൂറിന് ശേഷം പരിഹരിച്ചത്.
Tag: Train traffic disrupted due to heavy rains