തണ്ണിമത്തൻ നടാൻ സമയമായി
തണ്ണിമത്തന്‍ കൃഷി എന്ന് കേള്‍ക്കുമ്പോള്‍ എന്തോ വലിയ കാര്യം ചെയുന്നത് പോലെയാണ് തോന്നുക. എന്നാല്‍ നമുക്ക് ഏറ്റവും എളുപ്പം ചെയ്യാന്‍ കഴിയുന്നതും ധാരാളം ഫലം ലഭിക്കുന്നതുമായ ഒരു കൃഷിയാണ് തണ്ണിമത്തന്‍. നമ്മുടെ കാലാവസ്ഥക്ക് വളരെ അനുയോജ്യവുമാണ്. കേരളത്തില്‍ നവംബർ ഡിസംബര്‍ മുതല്‍ മാര്‍ച്ച് വരെയുള്ള സമയത്ത് തണ്ണിമത്തന്‍ കൃഷി ചെയ്യാവുന്നതാണ്.
സൂര്യപ്രകാശം ധാരാളമായി ലഭിക്കുന്ന തുറസ്സായ സ്ഥലം വേണം കൃഷിക്കായി തിരഞ്ഞെടുക്കാന്‍. അന്തരീക്ഷത്തിലെ ഈര്‍പ്പവും മഴയും കുറഞ്ഞ വരണ്ട കാലാവസ്ഥയാണ് തണ്ണിമത്തന്റെ വളര്‍ച്ചയ്ക്ക് അനുയോജ്യം. കായ്കള്‍ ഉണ്ടാകുന്ന സമയത്തുള്ള മഴ തണ്ണിമത്തന്‍റെ ഗുണവും മധുരവും കുറയാന്‍ ഇടയാക്കും. നന്നായി വിളഞ്ഞു പഴുത്ത കായ്കളില്‍ നിന്നെടുത്ത വിത്ത് നടാന്‍ ഉപയോഗിക്കാം.
വിത്തിട്ട് ഒരാഴ്ചക്കകം തൈ വളരും. ഏകദേശം മൂന്ന് ആഴ്ചയോളം കഴിയുമ്പോൾ ഇലകളൊക്കെ വന്ന് കുറച്ചു കൂടി നന്നായി വളർന്നിട്ടുണ്ടാകും. ചെടിക്ക് മൂന്നോ നാലോ ഇല വരുമ്പോൾ ഓരോ തടത്തിലും 100 ഗ്രാം കടലപ്പിണ്ണാക്ക്, 2 കിലോ മണ്ണിരവളം എന്നിവ ചേർത്തുകൊടുക്കണം. വിത്തിട്ട് 35 മുതൽ 45 ദിവസങ്ങള്‍ക്കുളളില്‍ പെണ്‍പൂക്കള്‍ വിരിഞ്ഞു തുടങ്ങും. ആൺപൂക്കളാണ് ആദ്യം വിരിയുക. അവ പെട്ടെന്നുതന്നെ കൊഴിഞ്ഞുവീഴും. ഒരാഴ്‌ചയ്‌ക്കകം പെൺപ്പൂക്കൾ വിരിയും.
ചെടി പടർന്നുവളരാൻ തുടങ്ങിയാൽ ഭൂമിയിൽ തെങ്ങോലകളോ ചുള്ളികളോ ഇട്ടുകൊടുക്കണം. ഭൂമിയുടെ ചൂട് തണ്ണിമത്തൻ വള്ളികൾക്ക് നേരിട്ട് ബാധിക്കാതിരിക്കാൻ ഇതു സഹായകമാകും. ആദ്യ കാലങ്ങളില്‍ രണ്ടോ മൂന്നോ ദിവസത്തിലൊരിക്കല്‍ നനച്ചുകൊടുക്കണം. കായ്പിടുത്തം തുടങ്ങുമ്പോള്‍ മണ്ണിന്‍റെ നനവനുസരിച്ച് ജലസേചനം കുറക്കാവുന്നതാണ്. മണ്ണില്‍ ഈര്‍പ്പം കൂടുന്നത് കായപൊട്ടലിനും മധുരം കുറയുന്നതിനും ഇടയാക്കും.
തണ്ണിമത്തന് നമ്മുടെ നാട്ടില്‍ താരതമേന്യന കീടങ്ങളും രോഗങ്ങളും കുറവാണ്. എന്നാല്‍ വെളളരിവര്‍ഗ്ഗ വിളകളെ ആക്രമിക്കുന്ന മത്തന്‍ വണ്ട്, കായീച്ച എന്നിവ വളരെ തണ്ണിമത്തനേയും ആക്രമിക്കാറുണ്ട്. കായ്കൾ മൂപ്പെത്തിക്കഴിഞ്ഞാൽ ജലസേചനം കുറയ്ക്കാം. വിളവെടുപ്പിനു 15 ദിവസം മുമ്പ് ജലസേചനം നിർത്തണം. 90-120 ദിവസങ്ങളാണ് വിളയുടെ ശരാശരി ദൈര്‍ഘ്യം. 90-120 ദിവസങ്ങളാണ് വിളയുടെ ശരാശരി ദൈര്‍ഘ്യം. ക്യത്യസമയത്തുളള വിളവെടുപ്പ് നല്ല ഗുണമേന്‍മയുളള കായ്കള്‍ നല്‍കും. നന്നായി വിളഞ്ഞ കായ്കളില്‍ വിരല്‍ കൊണ്ടു തട്ടുമ്പോൾ പതുപതത്ത ശബ്ദം കേള്‍ക്കാം.
നല്ലതുപോലെ വിളഞ്ഞു പഴുത്ത കായ്കളില്‍ നിന്നാണ് വിത്തെടുക്കേണ്ടത്. ഷുഗർബേബി, അർക്കജ്യോതി, അർക്കമണിക്., ശോണിമ, സ്വർണ(കുരുവില്ലാത്തത്) എന്നിവയാണ് കേരളത്തിൽ സാധാരണ കണ്ടുവരുന്ന തണ്ണീർമത്തൻ ഇനങ്ങൾ. കാർഷിക സർവകലാശാലയുടെ ഔട്ട്ലെറ്റുകളിൽ നിന്നും ഇവ ലഭിക്കും.