ഈ വർഷത്തെ തിരുവാതിര ഞാറ്റുവേല ഇന്ന്; തിരിമുറിയാത്ത മഴയോ?
തിരിമുറിയാത്ത മഴ പ്രതീക്ഷിക്കുന്ന തിരുവാതിര ഞാറ്റുവേല വെള്ളിയാഴ്ച രാത്രി (ഇന്ന്) തുടങ്ങും. അശ്വതി മുതൽ രേവതി വരെ 27 ഞാറ്റുവേലകൾ ഉണ്ടെങ്കിലും ഏറെ ശ്രദ്ധിക്കുക തിരുവാതിരയാണ്. കൃഷി ചെയ്യാൻ പറ്റിയ ഞാറ്റുവേല കൂടിയാണിത്. പഴമക്കാരുടെ കാർഷിക കലണ്ടറാണ് ഞാറ്റുവേല. അതനുസരിച്ച് എപ്പോൾ വിത്തിറക്കണമെന്നും, എപ്പോൾകൃഷി ചെയ്യണമെന്നും, എങ്ങനെ മഴ പെയ്യുമെന്നും ഒരേകദേശധാരണ അവർക്കുണ്ടായിരുന്നു. ഇത്തവണ സമീപകാലത്തെ ഏറ്റവും കൂടുതൽ സൂര്യകളങ്കങ്ങഉള്ള (സൺ സ്പോട്ട്) മാസമാണ്.
ഒരു വർഷം ലഭിക്കുന്ന മഴയുടെ അളവിനെയും കാർഷിക വിളകളുടെ വളർച്ചയെയും കൂടി അടിസ്ഥാനപ്പെടുത്തിയാണ് ഞാറ്റുവേലകൾ കുറിച്ചുട്ടുള്ളത്. ഭൂമിയിൽ നിന്നും സൂര്യനെ നോക്കുമ്പോൾ സൂര്യൻ ഏതു നക്ഷത്രത്തിന് അടുത്താണോ നിൽക്കുന്നത് അതാണ് ഞാറ്റുവേല എന്നറിയപ്പെടുന്നത്. കൊമ്പൊടിച്ചു കുത്തിയാലും കിളിര്‍ക്കും എന്നാണ് തിരുവാതിര ഞാറ്റുവേലയെ കുറിച്ചുള്ള പഴമൊഴി.
മലയാള മാസമായ മിഥുനം ഏഴിനാണ് തിരുവാതിര ഞാറ്റുവേല. സാധാരണ തിരിമുറിയാത്ത മഴയെന്നാണ് തിരുവാതിര ഞാറ്റുവേലയെകുറിച്ച് പറയുക. ഫലവൃക്ഷത്തൈകളും ചെടികളും നടാന്‍ ഏറ്റവും അനുയോജ്യമായ സമയം എന്നാണ് കര്‍ഷകര്‍ ഇതേ കുറിച്ച് പറയുന്നത്. ഒരാഴ്ച വെയിലും ഒരാഴ്ച മഴയുമാണ് ഞാറ്റുവേലയിലെ പ്രത്യേകത. രണ്ടാഴ്ചത്തോളം ആണ് ഞാറ്റുവേല നീണ്ടുനിൽക്കുക.
ഞാറ്റുവേലകള്‍ 27 തരം
27 നക്ഷത്രങ്ങള്‍ക്ക് 27 ഞാറ്റുവേലകളുണ്ട്. ഇതില്‍ 10 എണ്ണം നന്നായി മഴ ലഭിക്കുന്നവയാണ്. എല്ലാ ഞാറ്റുവേലകളുടെയും ശരാശരി ദൈര്‍ഘ്യം പതിമൂന്നര ദിവസമാണെങ്കില്‍ തിരുവാതിരയുടേത് 15 ദിവസമാണ്. ഇതില്‍ ഒരാഴ്ച മഴ കിട്ടുമെന്നാണ് കര്‍ഷകരുടെ വിശ്വാസം. കുരുമുളകിന്റെ പരാഗണം ഈ സമയത്താണ്. ഇതാണ് മുന്‍പ് സാമൂതിരി രാജാവ് പറഞ്ഞത്. വൈദേശികര്‍ നമ്മുടെ കുരുമുളക് കൊണ്ടുപോയാലും തിരുവാതിര ഞാറ്റുവേല കൊണ്ടുപോകാന്‍ കഴിയില്ലല്ലോ എന്ന്.
ഇത്തവണത്തെ ഞാറ്റുവേലയും മഴയും
ചെറിയൊരു ഇടവേളയ്ക്ക് ശേഷം കഴിഞ്ഞ ദിവസം ശക്തി പ്രാപിച്ച കാലവർഷം ഒരാഴ്ച കൂടെ ശക്തമായി തുടരുമെന്ന് മെറ്റ്ബീറ്റ് വെതർ നിരീക്ഷകർ. കേരളത്തിൽ മഴയ്ക്ക് അനുകൂല സാഹചര്യമാണ് നിലവിൽ. ശക്തമായതോ അതിശക്തമായതോ ആയ മഴയ്ക്കാണ് സാധ്യത.
കൃഷിയും കൃഷി രീതികളും മാറി
മുൻകാലങ്ങളിൽ തിരുവാതിര ഞാറ്റുവേലയ്ക്ക് വേണ്ടി ഒരുപാട് ഒരുക്കങ്ങൾ നടക്കും. കൃഷിക്ക് വേണ്ട നടീൽ വസ്തുക്കൾ എല്ലാം നേരത്തെ തയ്യാറാക്കി വെക്കും.
ഇടവ മാസത്തിലെ കനത്ത മഴയും അതിനെ തുടർന്ന് ഉയർന്ന പ്രദേശങ്ങളിൽ നിന്ന് എക്കൽ മണ്ണ് ഒലിച്ച് കൃഷിയിടങ്ങളിൽ വന്ന് അടിയുന്നു. ഈ ഫലപുഷ്ടമായ മണ്ണാണ് അന്നത്തെ കൃഷിയുടെ ഏറ്റവും വലിയ വളം. എന്നാൽ മലയാളിയുടെ കൃഷിയും കൃഷി രീതികളും മാറി, ഒപ്പം കാലാവസ്ഥയും, ഏത് സമയത്തും ഏത് വിളയും നടാമെന്നും വിളവെടുക്കാമെന്നുള്ള സ്ഥിതി വിശേഷം സംജാതമായി. കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് ഇത്തവണ തിരുവാതിര ഞാറ്റുവേലയുടെ തുടക്കത്തിൽ തന്നെ മഴ ലഭിച്ചത് കർഷകരെ സംബന്ധിച്ച് നല്ല പ്രതീക്ഷയാണ് നൽകുന്നത്.
അതേസമയം അടുത്ത 3 മണിക്കൂറിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മിതമായ മഴയ്ക്കും, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ഉയർന്ന തിരമാല ജാഗ്രത നിർദ്ദേശം
കേരളതീരത്തും കർണാടക തീരത്തും കള്ളക്കടൽ പ്രതിഭാസത്തിനും തുടർന്ന് ഉയർന്ന തിരമാലക്കും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു.
അതേസമയം മലപ്പുറം കോഴിക്കോട് കണ്ണൂർ ജില്ലകളിൽ ഇന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് നൽകിയിട്ടുണ്ട്.
photo credit: manorama online
കാലാവസ്ഥ അപ്‌ഡേറ്റായിരിക്കാന്‍ താഴെ കൊടുത്ത ഞങ്ങളുടെ ഗ്രൂപ്പുകളില്‍ ചേരാം.