തെങ്ങിൻ തൈകൾ തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
തെങ്ങിൻ തൈകൾ തിരഞ്ഞെടുക്കുമ്പോൾ എങ്ങിനെ തിരഞ്ഞെടുക്കണം, ഏത് തിരഞ്ഞെടുക്കണം എന്നത് എല്ലാവരെയും കുഴപ്പിക്കുന്ന ഒരു കാര്യം ആണ്.
ആദ്യമായി വേണ്ടത് സ്ഥലവും, സാഹചര്യവും അനുസരിച്ചു കൃഷി ചെയ്യുവാൻ യോജിച്ച തൈകൾ ഏത് എന്നതാണ്. അത് നെടിയ ഇനം, ശങ്കരഇനം, കുള്ളൻഇനം, എന്നിങ്ങനെയാണ് എന്ന് എല്ലാവർക്കും അറിയാം. ഇതിൽ നെടിയ ഇനം, ശങ്കര ഇനം, തെങ്ങിൻ തൈകൾ തിരഞ്ഞെടുക്കുമ്പോൾ എങ്ങിനെയുള്ളതാണ് തിരഞ്ഞെടുക്കേണ്ടതെന്നു നോക്കാം.
തീർച്ചയായും തൈകൾ തിരഞ്ഞെടുക്കുമ്പോൾ അത് ഏറ്റവും നല്ലത് ആയിരിക്കണം. അല്ലെങ്കിൽ അത് നല്ല കരുത്തുള്ളതായിരിക്കണം എന്നതിൽ സംശയമില്ല.
അങ്ങിനെയുള്ള തൈകൾ ആണ് വേഗത്തിൽ വളരുന്നതും വേഗത്തിൽ പുഷ്പിക്കുന്നതും. സാധരണയായി ഒരു വർഷം പ്രായമുള്ള തൈകൾ ആണ് കൃഷി ചെയ്യുവാനായി തിരഞ്ഞെടുക്കുന്നത്. തെങ്ങിൻ തൈ നടാനായി തിരഞ്ഞെടുക്കുമ്പോൾ രോഗ /കീടാബാധ ഇല്ലാത്ത നല്ലയിനം തൈകൾ തിരഞ്ഞെടുക്കുക, 5മുതൽ 6 വരെ ഓലകൾ ഉണ്ടാവണം, 9മുതൽ 12മാസം വരെ പ്രായം ഉള്ളതായിരിക്കണം. 9മാസം പ്രായമാകുബോൾ ചുരുങ്ങിയത് 6 ഓലകൾ ഉണ്ടായിരിക്കും. 10-12 cm കണ്ണാടികനം ഉണ്ടാവണം. നേരത്തെ ഓലകൾ വിരിഞ്ഞു ഓലകലുകൾ വേർപെട്ടിരിക്കണം. (കിളിയോല ). ഓലകൾക്ക് പച്ച നിറം ഉണ്ടായിരിക്കണം.
തൈകൾ 9-12 മാസം പ്രായമാകുമ്പോൾ പറിച്ചു നടണം. ആദ്യം മുളച്ചവ വേഗത്തിൽ വളരും. അവ നേരത്തെ പുഷ്പിക്കുകയും ചെയ്യും. നേരത്തെ മുളച്ച തൈകൾക്കാണ് ഏറ്റവും കൂടുതൽ വേരുണ്ടാകുക. കൂടുതൽ വേരുകൾ ഉള്ള തൈകൾക്കു കൂടുതൽ പൊക്കവുമുണ്ടായിരിക്കും.
കുള്ളൻ തൈകൾ
കുള്ളൻ തൈകളെ സംബന്ധിച്ചു അവ തിരഞ്ഞെടുക്കുമ്പോൾ പറ്റിക്കപ്പെടാതെ അവയുടെ തൈകൾ എങ്ങിനെ തിരഞ്ഞെടുക്കാം എന്നു നോക്കാം.
ഇപ്പോൾ ഏറ്റവും കൂടുതൽ പറ്റിക്കപ്പെടുന്ന ഒരു കാര്യം ആണ് കുള്ളൻ തെങ്ങുകളുടെ വില്പന. ഒരു വർഷം കൊണ്ടും രണ്ടുവർഷം കൊണ്ടും കായ്ക്കും എന്നു പറയുന്നതിന് പുറമെ 400,500 തേങ്ങകൾ ഉണ്ടാകും എന്നൊക്കെ ആയിരിക്കും പറയുക. അതിൽ വലിയ സത്യാവസ്ഥ ഇല്ലെങ്കിലും മൂന്നു വർഷം മുതൽ കായ്ക്കുകയും, വർഷത്തിൽ നൂറിൽ അടുത്ത തേങ്ങ കുള്ളൻ തെങ്ങിൽ നിന്നും പ്രതീക്ഷിക്കുകയും ചെയ്യാം. സ്ഥലപരിമിതിയും, വീടിനോടു അടുത്ത് തെങ്ങുകൾ വെക്കുന്നവർക്കും ഉയരമുള്ള തെങ്ങിനെക്കാൾ നല്ലത്, കുറിയ ഇനം തെങ്ങുകൾ കൃഷിച്ചെയ്യുന്നതായിരിക്കും . കുറിയ ഇനം തെങ്ങുകൾ ഇളനീർ ആവശ്യത്തിനും, സങ്കരയിനം തെങ്ങുകൾ ഉൽപാദിപ്പിക്കുന്നതിനും ആണ് കൂടുതലായി ഉപയോഗിക്കുക. അതിന്റെ തേങ്ങയിൽ എണ്ണയുടെ അളവ് കുറവാണ് എന്നതാണ് അതിനു കാരണം. എന്നാൽ ഇളനീരിനും, തേങ്ങയുടെ ആവശ്യത്തിനും ഉപയോഗിക്കുവാൻ പറ്റിയ കുറിയയിനം തെങ്ങുകളും ഇപ്പോൾ കൃഷിചെയ്തു വരുന്നുണ്ട്. അതിനു ഉദാഹരണമാണ് ഗംഗബോണ്ടം, മലേഷ്യൻ കുള്ളൻ എന്നിവ.
കുള്ളൻ തെങ്ങുകൾ നമ്മൾ തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ
കുള്ള തെങ്ങുകളുടെ ഓല സിൽകി ആയിരിക്കും.
മറ്റു തെങ്ങിൻ തൈകളുടെ അപേക്ഷിച്ചു ഓലയ്ക്കു കനം കുറവും മിനുസവും ആയിരിക്കും. മറ്റൊന്ന് അവയുടെ ഓല വിരിഞ്ഞിരിക്കുന്നത് കൂടുതൽ അടുപ്പത്തിൽ ആയിരിക്കും. അവയുടെ മുള പൊട്ടി വന്നിരിക്കുന്നത് തേങ്ങയുടെ അധികം തകർച്ച ഉണ്ടാകാതെ ആയിരിക്കും. ഇവയുടെ ഓലക്ക് നല്ല പച്ച കളറും ആയിരിക്കും. കുള്ളൻ തെങ്ങിന് കടവണ്ണം കുറവായിരിക്കും. ഓലയുടെ വീതി കുറവായിരിക്കും, ഈർക്കിലിന്റെ അകലം അടുത്ത് ആയിരിക്കും. ഓലയുടെ ആകൃതി വീതി കുറഞ്ഞു നീളത്തിൽ ആയിരിക്കും, ഓല കുത്തനെ ആയിരിക്കും. ഇതുപോലുള്ള കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഒരു പരിധിവരെ കുള്ളൻ തെങ്ങിൻ തൈ തിരഞ്ഞെടുക്കുമ്പോൾ പറ്റിക്കപെടാതിരിക്കാം.
കുള്ളൻ തെങ്ങുകൾക്കു മറ്റു തെങ്ങുകളെ അപേക്ഷിച്ച് പരിചരണം കൂടുതൽ ആവശ്യമാണ്. ഇവക്ക് രോഗ /കീടബാധക്ക് സാധ്യത കൂടുതലാണ്. മറ്റു തെങ്ങുകളെ അപേക്ഷിച്ചു പ്രധിരോധ ശേഷി കുറവാണ്. ഇവയുടെ തടിയും മറ്റു ഭാഗങ്ങളും എല്ലാം മറ്റു തെങ്ങുകളേക്കാൾ മൃദുലവും ആയിരിക്കും. ഉയരം കുറവ് ആയതിനാൽ കീടങ്ങളുടെ അക്രമണത്തിന് സാധ്യത കൂടുതലും ആണ്.
ഇപ്പോഴത്തെ സാഹചര്യത്തിൽ കുള്ളൻ, ഹൈബ്രിഡ്, തെങ്ങുകൾക്കു നല്ല രീതിയിലുള്ള പരിചരണം കൊടുത്താൽ മാത്രമേ അവയെ രക്ഷപ്പെടുത്തിയെടുക്കാൻ കഴിയുകയുള്ളു. ചെല്ലികൾ, ആണ് തെങ്ങുകളുടെ പ്രധാന ശത്രു. തെങ്ങിൻ തൈകൾ നടുമ്പോൾ കുഴിയിൽ മഞ്ഞൾ, കൂവ പോലുള്ളവ നടുന്നത് ചിതൽ ശല്യം കുറക്കാൻ നല്ലതാണ് തെങ്ങിൻ കുഴിയിൽ കരിങ്ങോട്ടയുടെ ഇലകൾ, കാഞ്ഞിരത്തിന്റെ ഇലകൾ എന്നിവ ഇടുന്നത് ചിതൽ ശല്യം കുറയ്ക്കും. തെങ്ങിൻ തൈകളുടെ കുഴിയിലേക്ക് മഴ വെള്ളം ഒഴുകി വീഴാതെ 4 സൈഡിലും വരമ്പുകൾ ഉണ്ടാകുക. തയ്യിന്റെ കണ്ണാടി ഭാഗത്തു മണ്ണ് വീഴാതെ നോക്കുകയും ചെയ്യുക.