ലോകത്തെ ഏറ്റവും വലിയ പവിഴപ്പുറ്റ് ശാന്തസമുദ്രത്തില്‍ കണ്ടെത്തി
കാലാവസ്ഥാ വ്യതിയാനം മൂലം ലോകത്ത് പവിഴപ്പുറ്റുകള്‍ അപ്രത്യക്ഷമാകുന്നതിനിടെ (Coral Bleaching) പസഫിക് സമുദ്രത്തിൽ ലോകത്തെ ഏറ്റവും വലിയ പവിഴപ്പുറ്റിനെ കണ്ടെത്തി. തിമിംഗലത്തിന്റെ വലുപ്പമുള്ള പവിഴപ്പുറ്റ് മനോഹരമാണെന്ന് ശാസ്ത്രജ്ഞര്‍ പറഞ്ഞു.
തെക്കുപടിഞ്ഞാറ് പസഫിക് സമുദ്രത്തിലാണ് 300 വര്‍ഷം പഴക്കമുള്ള പവിഴപുറ്റ് കണ്ടെത്തിയത്. പാപ്പുവ ന്യൂ ഗുനിയക്കും ആസ്‌ത്രേലിയക്കും സമീപം സോളമന്‍ ദ്വീപിനോട് ചേര്‍ന്നാണ് പവിഴപ്പുറ്റ് കണ്ടെത്തിയത്. സോളമന്‍ ദ്വീപ് ലോകത്ത് ഏറ്റവും കൂടുതല്‍ കാലാവസ്ഥാ വ്യതിയാനം നേരിടുന്ന പ്രദേശവുമാണ്. എങ്കിലും ഇവിടെ മനോഹരമായ പവിഴപ്പുറ്റ് കണ്ടെത്തിയത് ശാസ്ത്രജ്ഞരെ അമ്പരപ്പിച്ചിട്ടുണ്ട്.
നാഷനല്‍ ജോഗ്രഫിക് ചാനലിന്റെ വിഡിയോ ഗ്രാഫറായ മനു സാന്‍ ഫെലിക്‌സ് ആണ് പവിഴപുറ്റ് കണ്ടെത്തിയത്. തകര്‍ന്ന കപ്പലിന്റെ അവശിഷ്ടമുണ്ടെന്ന് ഗൂഗിള്‍ മാപ്പില്‍ മനസിലാക്കിയാണ് ആ പ്രദേശത്ത് തെരച്ചില്‍ നടത്തിയതെന്ന് മനു സാന്‍ ഫെലിക്‌സ് പറഞ്ഞു. 34 മീറ്റര്‍ വീതിയിലും 32 മീറ്റര്‍ നീളത്തിലും 5.5 മീറ്റര്‍ ഉയരത്തിലുമാണ് പവിഴപ്പുറ്റുള്ളത്.
നാഷനല്‍ ജോഗ്രഫിക് സൊസൈറ്റിയാണ് പവിഴപ്പുറ്റിന്റെ വിവരങ്ങളും ചിത്രങ്ങളും പുറത്തുവിട്ടത്. തിളക്കമുള്ള മഞ്ഞ, നീല, ചുവപ്പ് എന്നീ നിറങ്ങളിലാണ് പവിഴപ്പുറ്റുള്ളത്. 183 മീറ്റര്‍ (600 അടി) ചുറ്റളവിലാണ് പവിഴപ്പുറ്റ് വ്യാപിച്ചു കിടക്കുന്നത്. ജോഗ്രഫിക് ചാനലിന്റെ പ്രിസ്റ്റിന്‍ സീ എന്ന സംഘമാണ് പര്യവേക്ഷണം നടത്തിയത്. തെക്കുപടിഞ്ഞാറന് പസഫിക് സമുദ്രത്തില്‍ ഒക്ടോബറിലാണ് ഇവര്‍ പര്യവേക്ഷണം നടത്തിയത്.