ജലം മുഴുവൻ ചുവപ്പ് ; ദുർഗന്ധം, അർജന്റീനയിലെ നദിയുടെ നിറം മാറിയതിൽ ആശങ്ക
അർജന്റീനയുടെ തലസ്ഥാനമായ ബ്യൂണസ് ഐറിസിലെ ജനങ്ങളെ ആശങ്കയിലാക്കി നദിയിലെ ജലത്തിന്റെ നിറം ചുവപ്പായി മാറി. ബ്യൂണസ് ഐറിസിന്റെ പ്രാന്തപ്രദേശത്തു കൂടി ഒഴുകുന്ന സരണ്ടി നദിയിലെ ജലത്തിന്റെ നിറമാണു പെട്ടെന്ന് ചുവപ്പുനിറമായി മാറിയത്. വ്യവസായ ശാലകളിൽനിന്നു പുറന്തള്ളുന്ന രാസവസ്തുക്കളാണു നദി പൂർണമായും ചുവപ്പു നിറമാകാൻ കാരണമെന്നു പരിസരവാസികൾ ആശങ്ക പറഞ്ഞു. കിലോമീറ്ററുകളോളം നദിയിലെ ജലം ചുവപ്പുനിറമായി മാറിയതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ നിറഞ്ഞിട്ടുണ്ട്.
സരണ്ടി അർജന്റീനയ്ക്കും യുറഗ്വായ്ക്കും ഇടയിലുള്ള പ്രധാന ജലാശയമായ റിയോ ഡി ലാ പ്ലാറ്റയിലേക്കു ഒഴുകുന്ന നദിയാണു. നദിയുടെ തീരത്തുള്ള വ്യവസായ ശാലകളിൽനിന്നും രാസവസ്തുക്കൾ ധാരാളമായി നദിയിലേക്കു ഒഴുക്കിവിടാറുണ്ടെന്നു പരിസരവാസികൾ ആരോപണം ഉന്നയിക്കുന്നുണ്ട്. ശക്തമായ ദുർഗന്ധം വന്നതോടെയാണു നദിയിലെ ജലത്തിന്റെ നിറം മാറിയതായി ശ്രദ്ധയിൽപ്പെട്ടതെന്നും പരിസരവാസികൾ പറഞ്ഞു. സരണ്ടി നദിയിലെ ജലം ചുവപ്പ് നിറമായതോടെ പരിശോധനയ്ക്കായി ജലസാമ്പിളുകൾ ശേഖരിച്ചതായി ബ്യൂണസ് ഐറിസ് പ്രവിശ്യയിലെ പരിസ്ഥിതി മന്ത്രാലയം അധികൃതർ അറിയിച്ചു.
![](http://metbeatnews.com/wp-content/uploads/2025/02/downloadfile-1024x607.webp)
ഫെബ്രുവരി 4ന് പെറുവിന്റെ തലസ്ഥാനമായ ലിമയിലെ റിമാക് നദിയിലെ ജലവും ചുവപ്പ് നിറമായി മാറിയിട്ടുണ്ടായിരുന്നു. സംഭവത്തിൽ മെട്രോപൊളിറ്റൻ മുനിസിപ്പാലിറ്റി ഓഫ് ലിമ നടത്തിയ അന്വേഷണത്തിൽ വിഷ മാലിന്യം നദിയിലേക്കു തള്ളിയതാണു നിറമാറ്റത്തിനു കാരണമെന്നും കണ്ടെത്തിയിട്ടുണ്ടായിരുന്നു.