ഭൂമിക്കടിയില്‍ നിന്നും വെള്ളം തിളയ്ക്കുന്ന ശബ്ദവും മുഴക്കവും. തൃശ്ശൂര്‍ കടവല്ലൂര്‍ പഞ്ചായത്തിലെ തിപ്പിലശ്ശേരിയിലാണ് സംഭവം. ഇന്ന് രാവിലെയോടെയാണ് ശബ്ദം നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്. വെള്ളിയാഴ്ച വൈകുന്നേരം പശുവിനെ കെട്ടാൻ പോയ യുവാവ് ആണ് ആദ്യം ശബ്ദം കേട്ടെങ്കിലും കാര്യമായി എടുത്തില്ല. എന്നാൽ വെള്ളിയാഴ്ച രാവിലെ നടക്കാൻ ഇറങ്ങിയവർ ശക്തമായ ശബ്ദം കേട്ടതിനെ തുടർന്ന് അധികൃതരെ വിവരം അറിയിക്കുകയായിരുന്നു.
ജിയോളജി വകുപ്പിനെ വിവരമറിയിച്ചു. ജിയോളജി വകുപ്പ് അധികൃതര്‍, ദുരന്തനിവാരണ അതോറിറ്റി, തഹസിൽദാർ എന്നിവർ സ്ഥലം സന്ദർശിച്ചു. വിവരമറിഞ്ഞ് നിരവധി ആളുകളാണ് സ്ഥലത്ത് എത്തുന്നത്.
പണ്ട് ഈ ഭാഗത്ത് കുഴൽക്കിണർ ഉണ്ടായിരുന്നതായും അത് മൂടിപ്പോെയന്നും നാട്ടുകാർ വ്യക്തമാക്കിയിരുന്നു. ഇതനുസരിച്ച് കുഴൽക്കിണറിൽ വായുമർദം കൂടിയതുമൂലം ഉണ്ടാകുന്ന ശബ്ദമായിരിക്കുമെന്നാണ് അധികൃതരുടെ അനുമാനം. കൃത്യമായ കാരണം ഇതുവരെ വ്യക്തമല്ല. രാവിലെ 11 മണിക്ക് ശേഷം ശബ്ദം നിലച്ച അവസ്ഥയിലാണ്.
കഴിഞ്ഞയാഴ്ച്ച തൃശൂരില്‍ ഭൂമിക്കടിയില്‍ നിന്നും മുഴക്കം കേട്ടിരുന്നു. വരന്തരപ്പിള്ളി ആമ്പല്ലൂര്‍ മേഖലയിലാണ് മുഴക്കം ഉണ്ടായത്. ഒരാഴ്ചക്കിടെ മൂന്നാം തവണയാണ് തൃശൂരില്‍ മുഴക്കംമുഴക്കം ഉണ്ടാകുന്നത്.
കഴിഞ്ഞ ദിവസം കോട്ടയം ജില്ലകളിലെ ചില പ്രദേശങ്ങളിലും ഇത്തരത്തില്‍ ഭൂമിക്കടിയില്‍ നിന്ന് മുഴക്കം കേട്ടിരുന്നു.