ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ഇടുക്കി പൊന്മുടി അണക്കെട്ടിലെ ജലനിരപ്പ് ക്രമാതീതമായി ഉയർന്നതിനാൽ അണക്കെട്ടിലെ മൂന്ന് ഷട്ടറുകൾ 10 സെന്റീമീറ്റർ വീതം ഉയർത്തി.ഡാമിലെ ജലനിരപ്പ് റെഡ് അലർട്ട് ലെവൽ ആയ 706.50 മീറ്റർ കടന്ന സാഹചര്യത്തിൽ മുൻകരുതൽ എന്ന നിലയിൽ ജലനിരപ്പ് ക്രമീകരിക്കുന്നതിന്റെ ഭാഗമായാണ് നടപടി.
ജലനിരപ്പ് 707.30 മീറ്റർ ആയതോടെ ഷട്ടറുകൾ തുറക്കുന്നതിന് ജില്ലാ കളക്ടർ അനുമതി നൽകിയിരുന്നു. ഇടുക്കി ജില്ലയിൽ ശക്തമായ മഴക്കുള്ള സാധ്യത പരിഗണിച്ച് കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് മഴ ശക്തമായി തുടരുകയാണ്.
ശക്തമായ മഴ ; വിവിധ അണക്കെട്ടുകളിലെ ജലനിരപ്പ് ഉയർന്നു
2023 മാർച്ചിനുശേഷം ആദ്യമായി ഇടുക്കി അണക്കെട്ടിലെ വെള്ളത്തിന്റെ അളവ് സംഭരണശേഷിയുടെ പകുതിയായി.737.134 ദശലക്ഷം ഘനമീറ്റർ വെള്ളമുണ്ട്.ജലനിരപ്പും കൂടിയിട്ടുണ്ട്. ശനിയാഴ്ച 11-ന് 2355.52 അടിയാണ്.
എന്നാൽ, ഇത് കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് 30.76 അടി കുറവാണ്. 3.991 ദശലക്ഷം ഘനമീറ്റർ ജലമാണ് 24 മണിക്കൂറിൽ അണക്കെട്ടിൽ ഒഴുകിയെത്തിയത്. 10.4 മില്ലിമീറ്റർ മഴ ഇടുക്കിയിൽ കഴിഞ്ഞദിവസം ലഭിച്ചു.
അതേസമയം കാലവർഷക്കാലത്ത് നീരൊഴുക്ക് കുറഞ്ഞ ഇടുക്കി ഉൾപ്പെടെയുള്ള ഡാമുകളിലേക്ക് കൂടുതൽ വെള്ളം ഒഴുകിയെത്താൻ ഈ മഴ സഹായകമാകും എന്ന് ഞങ്ങളുടെ നിരീക്ഷകർ പറയുന്നു. വൈദ്യുതി പ്രതിസന്ധിയെ ഒരു പരിധി വരെ പരിഹരിക്കാൻ ഇപ്പോൾ ലഭിക്കുന്ന മഴ സഹായിച്ചേക്കും.
കേരളത്തിൽ തുലാമഴ തുടരും
തെക്കൻ തമിഴ്നാടിന് മുകളിൽ രൂപപ്പെട്ട ചക്രവാത ചുഴി കേരളത്തിന് മുകളിലൂടെ അറബി കടലിലേക്ക് നീങ്ങും.
അതിനാൽ ഇന്നും നാളെയും കേരളത്തിൽ കാലവർഷത്തിന് സമാനമായ പരക്കെയുള്ള മഴക്ക് സാധ്യതയുണ്ട്. ഈ ദിവസങ്ങളിൽ ഇടിയോടുകൂടിയുള്ള മഴ കുറവായിരിക്കും. ചിലയിടങ്ങളിൽ മാത്രമാണ് ഇടിയോടുകൂടിയുള്ള മഴ ഉണ്ടാവുക.