2019 ലെ പ്രളയ ദുരിതാശ്വാസ തുക തിരിച്ചു നൽകാൻ ആവശ്യപ്പെട്ട് ദുരന്തബാധിതർക്ക് റവന്യു വകുപ്പ് നോട്ടീസ് അയച്ചു
2019ലെ ദുരന്തബാധിതർക്ക് പ്രളയ ദുരിതാശ്വാസ തുക തിരിച്ചടക്കാൻ ആവശ്യപ്പെട്ട് നോട്ടീസ്. റവന്യൂവകുപ്പിന്റെ വിചിത്ര നടപടി സാങ്കേതിക പിഴവ് മൂലം 10,000 രൂപ അധികമായി നൽകിയെന്ന് പറഞ്ഞാണ്. അഞ്ച് വർഷത്തിന് ശേഷമാണ് ദുരിതബാധിതർക്ക് റവന്യൂ വകുപ്പ് നോട്ടീസ് അയച്ചത്. മലപ്പുറം തിരൂരങ്ങാടിയിൽ 125 കുടുംബങ്ങൾക്ക് നോട്ടീസ് ലഭിച്ചിട്ടുണ്ട്.
പ്രളയ ബാധിതർക്ക് രണ്ട് തവണയായി ആകെ 20,000 രൂപയാണ് ലഭിച്ചത്. ഇതിൽ നിന്ന് 10,000 രൂപ തിരിച്ചടക്കണം എന്ന നോട്ടീസ് ആണ് അയച്ചിട്ടുള്ളത്. അടച്ചില്ലെങ്കിൽ റവന്യൂ റിക്കവറി പ്രകാരം തുക ഈടാക്കിയേക്കും. സാങ്കേതിക പിഴവ് മൂലമാണ് പണം കൂടുതൽ ലഭിച്ചത് എന്നാണ് വിശദീകരണം. എന്നാൽ ഈ നോട്ടീസ് ലഭിച്ചതോടെ ദുരിതബാധിതർ പ്രതിസന്ധിയിൽ ആയിട്ടുണ്ട്. തുക എഴുതി തള്ളണം എന്ന് ദുരിതബാധിതനും രോഗിയുമായ തിരൂരങ്ങാടി സ്വദേശി ബഷീർ കോട്ടപ്പറമ്പിൽ ട്വന്റിഫോർ ന്യൂസിന് നൽകിയ പ്രതികരണത്തിൽ പറയുന്നു.
നോട്ടീസ് ലഭിച്ച് ഒരാഴ്ചക്കകം പണം തിരിച്ചടക്കണമെന്ന് നോട്ടീസിൽ ആവശ്യപ്പെടുന്നു. താലൂക്ക് ഓഫീസിൽ ഈ പണം അടക്കണമെന്നാണ് നിർദേശം. പണം അധികമായി നൽകിയ കാര്യം ശ്രദ്ധയിൽപ്പെട്ടത് അടുത്ത് നടത്തിയ ഓഡിറ്റിങ്ങിലാണ്. ഉദ്യോഗസ്ഥ പിഴവാണുണ്ടായതെന്നാണ് അധികൃതർ പറയുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് പണം തിരിച്ചുപിടിക്കാൻ റവന്യൂ വകുപ്പ് തീരുമാനിച്ചത്.
2019ൽ ഓദ്യോഗസ്ഥർ എത്തി പരിശോധന നടത്തി തെരഞ്ഞെടുത്ത കുടുംബങ്ങൾക്കായിരുന്നു പണം നൽകിയിരുന്നത്. ഇങ്ങനെ നൽകിയ പണത്തിൽ നിന്നാണ് 10,000 രൂപ തിരികെ അടക്കണമെന്ന് ഇപ്പോൾ നോട്ടീസ് ലഭിച്ചിരിക്കുന്നത്. തിരുവനന്തപുരത്ത് നിന്ന് നേരിട്ടാണ് പണം പ്രളയബാധിതർക്ക് നൽകിയത്. മുസ്ലിം യൂത്ത് ലീഗ് പണം എഴുതി തള്ളണമെന്നാവശ്യപ്പെട്ട് സമരത്തിലേക്ക് കടക്കാൻ തീരുമാനിച്ചിട്ടുണ്ട്.