നിപ വൈറസും കാലാവസ്ഥയും തമ്മിലുള്ള ബന്ധം. വീണ്ടും നിപ കേരളത്തിൽ കോഴിക്കോട് ജില്ലയിൽ ആവർത്തിക്കുമ്പോൾ അറിയാം ചില കാര്യങ്ങൾ.
നിപ്പ വന്ന വഴി
1998 ല്‍ മലേഷ്യയിലും പിന്നീട് സിംഗപ്പൂരിലുമാണ് നിപ വൈറസ് രോഗം ആദ്യമായി പ്രത്യക്ഷപ്പെട്ടത്. എല്‍ നിനോ പ്രതിഭാസം മലേഷ്യന്‍ കാടുകളെ നശിപ്പിച്ചതിനെ തുടര്‍ന്നുണ്ടായ കടുത്ത വരൾച്ചയെ തുടർന്ന് പക്ഷികളും മൃഗങ്ങളും വെള്ളം തേടി നാട്ടിലേക്ക് ചേക്കേറി.
കാട്ടിലെ കായ്കനികള്‍ ഭക്ഷിച്ച് ജീവിച്ചിരുന്ന വവ്വാലില്‍ നിന്നും നിപ്പാ വൈറസ്, പന്നി തുടങ്ങിയ മൃഗങ്ങളിലേക്ക് വ്യാപിച്ചു. പിന്നീട് ജനിതകമാറ്റം വന്ന വൈറസ് മനുഷ്യരിലേക്കും പടര്‍ന്നു. മലേഷ്യയിലെ നിപ (Kampung Baru Sungai Nipah) എന്ന സ്ഥലത്ത് ആദ്യമായി കണ്ടെത്തിയത് കൊണ്ടാണ് നിപ (Nipah) എന്ന പേരില്‍ വൈറസ് അറിയപ്പെട്ടത്. മൃഗങ്ങളില്‍ നിന്നും മൃഗങ്ങളിലേക്ക് മാത്രം പകര്‍ന്നിരുന്ന നിപ വൈറസ് ജനിതകമാറ്റം സംഭവിച്ചത് കൊണ്ടാവണം മനുഷ്യരിലേക്കും പിന്നീട് മനുഷ്യരില്‍ നിന്നും മനുഷ്യരിലേക്കും പടരുന്നത്.
എന്താണ് നിപ്പ വൈറസ്
ഹെന്‍ഡ്രാ വൈറസുകളുമായി അടുത്ത ബന്ധമുള്ള ഹെനിപാവൈറസ് ജനുസിലെ പാരമിക്‌സോ വിറിഡേ (Paramyxoviridae), വിഭാഗത്തില്‍പ്പെട്ട ആര്‍എന്‍എ വൈറസുകളാണ് നിപ വൈറസുകള്‍. പ്രധാനമായും പഴവര്‍ഗ്ഗങ്ങള്‍ ഭക്ഷിച്ച് ജീവിക്കുന്ന റ്റെറോപസ് (Pteropus) ജനുസ്സില്‍പ്പെട്ട വവ്വാലുകളാണ് നിപ വൈറസിന്റെ പ്രകൃതിദത്ത വാഹകര്‍. വവ്വലിന്റെ കാഷ്ഠം, മൂത്രം, ഉമിനീര്, ശുക്ലം എന്നീ സ്രവങ്ങളിലൂടെയാണ് വൈറസ് പുറത്തേക്ക് വ്യാപിക്കുന്നത്.
വവ്വാലുകള്‍ ഭക്ഷിച്ച് ഉപേക്ഷിക്കുന്ന ഫലങ്ങളിലൂടെയും വവ്വാലുള്ള സ്ഥലങ്ങളില്‍ കലങ്ങളില്‍ ശേഖരിക്കുന്ന പാനീയങ്ങളിലൂടെയുമാണ് പ്രധാനമായും രോഗം പടരുന്നത്. മലേഷ്യയില്‍ മാത്രമാണ് പന്നികളില്‍ നിന്നും രോഗം മനുഷ്യരിലേക്ക് പകര്‍ന്നതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.
രോഗലക്ഷണങ്ങൾ
അണുബാധയുണ്ടായാൽ അഞ്ച് മുതൽ 14 ദിവസം കഴിയുമ്പോഴാണ് രോഗ ലക്ഷണങ്ങൾ പ്രകടമാകുക. പനിയും തലവേദനയും തലകറക്കവും ബോധക്ഷയവുമൊക്കെയാണ് ലക്ഷണങ്ങൾ. ചുമ, വയറുവേദന, മനംപിരട്ടൽ, ഛർദി, ക്ഷീണം, കാഴ്ചമങ്ങൽ തുടങ്ങിയ ലക്ഷണങ്ങളും അപൂർവമായി പ്രകടിപ്പിക്കാം. രോഗലക്ഷണങ്ങൾ ആരംഭിച്ച ഒന്നു രണ്ടു ദിവസങ്ങൾക്കകം തന്നെ ബോധക്ഷയം വന്ന് കോമ അവസ്ഥയിലെത്താൻ സാധ്യതയുണ്ട്. തലച്ചോറിനെ ബാധിക്കുന്ന എൻസഫലൈറ്റിസ് ഉണ്ടാവാനും വലിയ സാധ്യതയാണുള്ളത്.
രോഗ സ്ഥിരീകരണം
തൊണ്ടയിൽ നിന്നും മൂക്കിൽ നിന്നുമുള്ള സ്രവം, രക്തം, മൂത്രം, തലച്ചോറിലെ നീരായ സെറിബ്രോ സ്പൈനൽ ഫ്ളൂയിഡ് എന്നിവയിൽ നിന്നും ആർ.ടി.പി.സി.ആർ. (റിയൽ ടൈം പോളിമറേസ് ചെയിൻ റിയാക്ഷൻ) ഉപയോഗിച്ച് വൈറസിനെ വേർതിരിച്ചെടുക്കാൻ സാധിക്കും.
അസുഖം പുരോഗമിക്കുന്ന ഘട്ടത്തിൽ എലൈസ പരിശോധനയിലൂടെയും തിരിച്ചറിയാൻ സാധിക്കും. മരണപ്പെട്ടവരുടെ പോസ്റ്റ്മോർട്ടം പരിശോധനയിൽ കലകളിൽ നിന്നെടുക്കുന്ന സാമ്പിളുകളിൽ ഇമ്യൂണോ ഹിസ്റ്റോകെമിസ്ട്രി പരിശോധന നടത്തിയും അസുഖം സ്ഥിരികരിക്കാൻ സാധിക്കും.
സ്വീകരിക്കേണ്ട മുൻകരുതലുകൾ
അസുഖം വന്നതിനു ശേഷമുള്ള ചികിത്സ അത്ര ഫലപ്രദമല്ല. അതുകൊണ്ടുതന്നെ പ്രതിരോധമാണ് ഏറ്റവും പ്രധാനം. വൈറസ് ബാധയുള്ള വവ്വാലുകളിൽ നിന്നും രോഗം പകരാതിരിക്കാൻ സ്വീകരിക്കേണ്ട മുൻ കരുതലുകൾ. വൈറസ് ബാധയുള്ള വവ്വാലുകളുടെ കാഷ്ഠം മനുഷ്യ ശരീരത്തിന്റെ ഉള്ളിലെത്തിയാൽ അസുഖം ഉണ്ടാകാം.
ഇതിനുള്ള സാഹചര്യങ്ങളെല്ലാം ഒഴിവാക്കുക. ഉദാഹരണമായി വവ്വാലുകൾ ധാരാളമുളള സ്ഥലങ്ങളിൽ നിന്നും തുറന്ന കലങ്ങളിൽ ശേഖരിക്കുന്ന കള്ള് ഒഴിവാക്കുക. വവ്വാലൂകൾ കടിച്ച ചാമ്പങ്ങ, പേരയ്ക്ക, മാങ്ങ പോലുള്ള കായ് ഫലങ്ങൾ ഒഴിവാക്കുക.
രോഗം ബാധിച്ച വ്യക്തിയിൽ നിന്നും രോഗം പകരാതിരിക്കാൻ വേണ്ടി എടുക്കേണ്ട മുൻകരുതലുകൾ
രോഗിയുമായി സമ്പർക്കം ഉണ്ടായതിന് ശേഷം കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച് നന്നായി കഴുകുക. രോഗിയുമായി ഒരു മീറ്റർ എങ്കിലും ദൂരം പാലിക്കുകയും രോഗി കിടക്കുന്ന സ്ഥലത്തു നിന്നും അകലം പാലിക്കുകയും ചെയ്യുക. രോഗിയുടെ വ്യക്തിപരമായ ആവശ്യങ്ങൾക്കുള്ള സാമഗ്രികൾ പ്രത്യേകം സൂക്ഷിക്കുകയും ഉപയോഗിക്കുകയും ചെയ്യുക. വസ്ത്രങ്ങളും മറ്റും പ്രത്യേകം കഴുകുകയും ഉണക്കുകയും ചെയ്യുക.
നിപ്പ വ്യാപനം
ആദ്യമായി വൻതോതിൽ നിപ്പ ഉണ്ടായത് മലേഷ്യയിലും സിംഗപ്പൂരിലും ആണ്. 1998 സെപ്റ്റംബർ മുതൽ 1999 മെയ് വരെയുള്ള കാലഘട്ടത്തില്‍ 276 കേസുകൾ അവിടെ റിപ്പോർട്ട് ചെയ്തു. ഇന്ത്യയിൽ, 2001 ലും 2007ലുമായി പശ്ചിമബംഗാളിൽ നിന്നും അയൽരാജ്യമായ ബംഗ്ലാദേശിൽ നിന്നും ഇതു റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്
പശ്ചിമ ബംഗാളിലെ സിലിഗുരിയിൽ രോഗം പൊട്ടിപ്പുറപ്പെട്ട സമയത്ത്, 33 ആരോഗ്യ പ്രവർത്തകരും ആശുപത്രി സന്ദർശകരും നിപ രോഗികളുമായി സമ്പർക്കം പുലർത്തിയതിനെത്തുടർന്ന് രോഗബാധിതരായി.
കേരളത്തില്‍ നിപ
2018 മേയ് മാസത്തിലാണ് കേരളത്തിൽ നിപാ വൈറസ് ബാധ ഉണ്ടായത്. പേരാമ്പ്രയില്‍ രോഗം പരത്തിയ ആദ്യരോഗിക്ക് ശ്വാസകോശത്തെ ബാധിക്കുന്ന രീതിയിലുള്ള അവസ്ഥയാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 18 പേരാണ് വൈറസ് ബാധയേറ്റ് മരിച്ചത്. 2018-ല്‍ കോഴിക്കോട്ട് 17 പേരുടെ ജീവനെടുത്ത ‘നിപ’ എന്ന മഹാവ്യാധി 2019-ല്‍ എറാണാകുളത്തെ പറവൂരിലേക്ക് എത്തിയപ്പോഴേക്കും നിപ പ്രതിരോധത്തില്‍ പൊതുജനാരോഗ്യ രംഗത്ത് യു.എന്‍. അംഗീകാരംവരെ നേടിക്കൊടുത്ത മോഡലായി കേരളം മാറി.
എന്താണ് ചികിത്സ?
നിപ വൈറസ് അണുബാധയ്ക്ക് പ്രത്യേകമായി മരുന്നുകളോ വാക്സിനുകളോ നിലവിൽ ഇല്ല. അതേസമയം, നിപാ വൈറസിനെ പ്രതിരോധിക്കാൻ വാക്സിൻ വികസിപ്പിച്ച് വരികയാണെന്ന് ലോകാരോഗ്യസംഘടന പറയുന്നുണ്ട്. റെസ്പിററ്റെറി അല്ലെങ്കില്‍, ന്യൂറോളജിക് സങ്കീർണതകൾ ചികിത്സിക്കാൻ തീവ്രമായ സഹായ പരിചരണം മാത്രമേ ശുപാർശ ചെയ്യുന്നുളളൂ. രോഗബാധ തടയുകയാണ് ഏറ്റവും ഫലപ്രദം.