സൗദിയിലെ ജിസാനില്‍ കഴിഞ്ഞ ദിവസം പെയ്തത് 30 വര്‍ഷത്തെ ഏറ്റവും വലിയ മഴ
സൗദി അറേബ്യയിലെ അതിര്‍ത്തി പ്രദേശമായ ജിസാനില്‍ കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തത് കഴിഞ്ഞ 30 വര്‍ഷത്തെ ഏറ്റവും വലിയ മഴ. നാഷനല്‍ സെന്റര്‍ ഫോര്‍ മീറ്റിയോറോളജി (എന്‍.സി.എം) ലെ കാലാവസ്ഥാ ശാസ്ത്രജ്ഞനായ അഖീല്‍ അല്‍ അഖീല്‍ ആണ് ഇക്കാര്യം അറിയിച്ചത്.
ഓഗസ്റ്റില്‍ ഇത്രയും മഴ സൗദിയില്‍ ലഭിക്കുന്നതും റെക്കോഡാണ്. കഴിഞ്ഞ 30 വര്‍ഷത്തെ ഡാറ്റ പരിശോധിച്ചതില്‍ ജിസാനില്‍ ഇത്രയും മഴ മുന്‍പെങ്ങും ലഭിച്ചിട്ടില്ല. ക്യൂമിലോനിംബസ് മേഘങ്ങളുടെ രൂപീകരണമാണ് ഇവിടെ പേമാരിക്ക് ഇടയാക്കിയത്. ഒപ്പം ശക്തമായ കാറ്റും ഉണ്ടായിരുന്നു.
കനത്ത മഴ, പൊടിക്കാറ്റ്, മിന്നല്‍, കാറ്റ് എന്നിവ മഴയോട് അനുബന്ധിച്ചുണ്ടായി. ഓഗസ്റ്റ് ആദ്യവാരം തെക്കുപടിഞ്ഞാറന്‍ സൗദിയിലും യമനിലും കനത്ത മഴ നല്‍കി. ഇതോടൊപ്പം ഒമാനിലും യു.എ.ഇയിലും മഴ റിപ്പോര്‍ട്ട് ചെയ്തു.
മഴ ലഭിച്ചതോടെ അറേബ്യന്‍ ഉപഭൂഖണ്ഡത്തില്‍ ചൂടിനും കുറവുണ്ടായി. അറേബ്യന്‍ ഉപഭൂഖണ്ഡത്തിന് മുകളിലായി രൂപപ്പെട്ട മര്‍ദവ്യതിയാനമാണ് മഴക്ക് കാരണം. യമന്‍, തെക്കുപടിഞ്ഞാറന്‍ സൗദി, പടിഞ്ഞാറന്‍ സൗദി എന്നിവിടങ്ങളില്‍ മഴ തുടര്‍ന്ന് വെള്ളക്കെട്ടുകളുണ്ടായി.
ഓഗസ്റ്റ് രണ്ടാം വാരത്തിലും ഈ മേഖലയില്‍ സാധാരണയേക്കാള്‍ കൂടുതല്‍ മഴ പ്രവചിക്കപ്പെടുന്നു. ഇതൊടൊപ്പം ഒമാനിലും യു.എ.ഇയിലും മഴ ലഭിക്കും. പര്‍വത മേഖലയിലാകും കൂടുതല്‍ മഴ സാധ്യത. മഴ ലഭിക്കാത്തിടങ്ങളില്‍ ചൂട് കൂടും.
അതിനിടെ, ജിസാനിലും പരിസര പ്രദേശങ്ങളിലും സമീപ ഗ്രാമങ്ങളിലും മഴക്കെടുതി തുടരുകയാണ്. ജിസാന്‍, കിങ് അബ്ദുല്ല പ്രാന്തപ്രദേശം, സബ്യ, സംതഹ്, ബീഷ്, അഹദ് അല്‍മസരിഹ, അല്‍ഹാരിത്, അല്‍ അരിദ, അബു ആരിഷ്, അല്‍ദയര്‍ ബാനി മാലിക് ഗവര്‍ണറേറ്റുകള്‍ എന്നിവിടങ്ങളിലും അല്‍ദര്‍ബ്, ഫിഫ, അല്‍ഈദാബി, അല്‍തവ്വല്‍, ദമ്മാദ്, ഹാറൂബ്, അല്‍റൈത്ത് പ്രദേശങ്ങളിലും ചൊവ്വാഴ്ച മുതലുള്ള മഴയില്‍ വെള്ളക്കെട്ടുണ്ടായി.
അല്‍ഹാരിത്ത് ഗവര്‍ണറേറ്റിലെ വാദി ഖലാബില്‍ ഒഴുക്കിനിടെ പിക്കപ്പ് വാനുമായി മറികടക്കാന്‍ ശ്രമിച്ച യുവാവും വണ്ടിയും മലവെള്ളപ്പാച്ചിലില്‍ കുടുങ്ങി. ഒരു കിലോമീറ്റളോളം ദൂരെ ഒഴുകിയ വാഹനത്തില്‍ നിന്നും യുവാവിനെ സാഹസികമായി സിവില്‍ ഡിഫന്‍സ് വിഭാഗം രക്ഷപ്പെടുത്തുകയായിരുന്നു.
അപകടത്തില്‍ പരുക്കുള്ളതിനാല്‍ പ്രാഥമിക ചികിത്സ നല്‍കി ആശുപത്രിയിലെത്തിച്ച യുവാവിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് സിവില്‍ ഡിഫന്‍സ് അറിയിച്ചു. അപകടത്തില്‍പ്പെട്ട വാഹനം തകര്‍ന്നു.
ഇവിടെ പേമാരിയെ തുടര്‍ന്നുള്ള പ്രാദേശിക പ്രളയത്തില്‍ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. താഴ്‌വാരങ്ങളിലും നിരവധി വാഹനങ്ങള്‍ ഒഴുകിപ്പോവുകയും വെള്ളത്തില്‍ മുങ്ങി കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തിട്ടുണ്ടെന്ന് പ്രാദേശിക വാര്‍ത്ത ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.
അതിനിടെ വിവിധ ഗവര്‍ണറേറ്റുകളില്‍ താഴ് വരകളിലെ വാദികളിലുണ്ടായ അപ്രതീക്ഷിത മലവെള്ളപ്പാച്ചില്‍ മുറിച്ചുകടക്കുന്നതിനിടെ വാഹനം കുടുങ്ങി അപകടത്തില്‍പ്പെട്ട നിരവധി പേരെ രക്ഷിച്ചതായി സിവില്‍ ഡിഫന്‍സ് വിഭാഗം അറിയിച്ചു. കനത്ത മഴയില്‍ തോടുകളിലും അരുവികളിലുമൊക്കെ നീരൊഴുക്ക് ഉയര്‍ന്ന സാഹചര്യത്തില്‍ മലവെള്ളപ്പാച്ചിലില്‍ മുറിച്ചുകടക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് 1,000 റിയാല്‍ പിഴ ശിക്ഷ ലഭിക്കുമെന്നും പൊതുസുരക്ഷ വിഭാഗം മുന്നറിയിപ്പ് നല്‍കുന്നുണ്ട്.
നജ്‌റാന്‍, ജിസാന്‍, അസീര്‍ മേഖലകളിലെ കാഴ്ചാപരിധി കുറയ്ക്കുന്ന മഴയും ആലിപ്പഴ വര്‍ഷവും ശക്തമായ ശീതകാറ്റും ചേര്‍ന്നുള്ള കാലവസ്ഥയുണ്ടാകും. അപ്രതീക്ഷിത വെള്ളപ്പൊക്കത്തിന് കാരണമാകുന്ന ഇടത്തരം മുതല്‍ കനത്ത ഇടിമിന്നലോടു കൂടിയ മഴ തുടരുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
സൗദിയിലെ അല്‍ബാഹ, മക്ക, മദീന എന്നിവിടങ്ങളിലും സ്ഥിതി തുടരുമെന്നും ആ പ്രദേശങ്ങളിലെ ഉയര്‍ന്ന പ്രദേശങ്ങളില്‍ മൂടല്‍മഞ്ഞ് രൂപപ്പെടാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
കാലാവസ്ഥ അപ്‌ഡേറ്റായിരിക്കാന്‍ താഴെ കൊടുത്ത ഞങ്ങളുടെ ഗ്രൂപ്പുകളില്‍ ചേരാം.
വാട്‌സ്ആപ്
ടെലഗ്രാം
വാട്‌സ്ആപ്പ് ചാനല്‍
Google News
Facebook Page
Weatherman Kerala Fb Pag