ചൂടു കൂടുന്നു, ഈ വര്‍ഷത്തെ ആദ്യ പൊടി ചുഴലി തൃപ്പൂണിത്തുറയില്‍
ചൂട് കൂടുന്നതിന്റെ സൂചനകളുമായി ഈ വര്‍ഷം ആദ്യത്തെ പൊടിചുഴലി (Dust Devil) പ്രതിഭാസം റിപ്പോര്‍ട്ട് ചെയ്തു. എറണാകുളം ജില്ലയിലെ തൃപ്പൂണിത്തുറയിലാണ് ഇന്നലെ പൊടി ചുഴലി രൂപപ്പെട്ടത്. നടക്കാവ് ഉദയംപേരൂരിലെ പൊടി ചുഴലിയുടെ ദൃശ്യങ്ങള്‍ കാണാം.
തുറസ്സായ സ്ഥലങ്ങളില്‍ പൊടിക്കാറ്റ് ചുഴറ്റി വീശുന്നതാണ് പൊടി ചുഴലി എന്നറിയപ്പെടുന്നത്. കഴിഞ്ഞ വര്‍ഷം തിരുവനന്തപുരത്തും പൂജപ്പുര മൈതാനത്തും ഫെബ്രുവരി 10 ന് ഈ പ്രതിഭാസം ഉണ്ടായിരുന്നു. 2025 ലും ഫെബ്രുവരി 10 നാണ് പ്രതിഭാസം ഉണ്ടായത്.
ഇതാദ്യമല്ല, എല്ലാ വര്‍ഷവും ഉണ്ടാകാറുണ്ട്
അമേരിക്കയിലും മറ്റും കണ്ടുവരുന്ന ടൊര്‍ണാഡോയുടെ ചെറിയ രൂപമാണ് ഇത്. ചൂട് കൂടുന്നതിന്റെ ഭാഗമായി തുറസ്സായ സ്ഥലങ്ങളിലുണ്ടാകുന്ന ഡസ്റ്റ് ഡെവിള്‍ എന്ന പ്രതിഭാസമാണിതെന്നും സംസ്ഥാനത്ത് ചൂട് കൂടുന്നതിന്റെ സൂചനയാണ് ഇതൊന്നും Metbeat Weather പറയുന്നു. 2020 ല്‍ ചങ്ങനാശേരിയിലും സമാന രീതിയില്‍ ഈ പ്രതിഭാസം ഉണ്ടായിരുന്നു. ചങ്ങനാശേരിയിലെ എസ് ബി കോളേജില്‍ ക്രിക്കറ്റ് കളി നടക്കുന്നതിനിടയിലാണ് ആദ്യം ഒരു മിനിറ്റ് ദൈര്‍ഘ്യത്തിലും തൊട്ടുപിറകേ ഒന്നര മിനിറ്റോളം ദൈര്‍ഘ്യത്തിലും Dest devil കാറ്റുണ്ടായത്.
എന്താണ് ഡസ്റ്റ് ഡെവിള്‍ ടൊര്‍ണാഡോ?
സാധാരണയായി മണല്‍ നിറഞ്ഞ പ്രദേശങ്ങളില്‍ കാണപ്പെടുന്ന ഡസ്റ്റ് ഡെവിള്‍ ടൊര്‍ണാഡോ കേരളത്തില്‍ പതിവല്ല. ഭൂമിയുടെ ഉപരിതലത്തോടു ചേര്‍ന്നുണ്ടാകുന്ന ചൂടുള്ള വായു (ground surface hot air) മുകളിലേക്കുയര്‍ന്ന് അതിന് തൊട്ടുമുകളിലുള്ള താരതമ്യേന ചൂടു കുറഞ്ഞ വായുവിലൂടെ സ്തൂപാകൃതിയില്‍ കടന്നുപോകുമ്പോഴാണ് ഇത്തരം പ്രതിഭാസം ഉണ്ടാകുക.
സൂര്യപ്രകാശം മൂലം ഏറ്റവും കൂടുതല്‍ ചൂട് അനുഭവപ്പെടുക ഭൂമിയോട് തൊട്ടുകിടക്കുന്ന ഭാഗത്തെ വായുവിനാണ്. ഭൂമിയില്‍ നിന്ന് ഏതാനും മീറ്ററുകള്‍ മുകളിലേക്ക് പോകുന്തോറും ചൂടിന്റെ ശക്തിയിലും കുറവുണ്ടാകും. ചൂടുപിടിച്ച ഭൂമിയോട് ചേര്‍ന്നു നില്‍ക്കുന്നതിനാണ് ഇങ്ങനെ ഈ ഭാഗത്തെ വായുവിന് ചൂടേറുന്നത്.
ഏതാനും മീറ്ററുകള്‍ മുതല്‍ 1000 മീറ്റര്‍ ഉയരത്തില്‍ പരെ ഡസ്റ്റ് ഡെവിള്‍ പൊടിചുഴലി വീശാറുണ്ട്.
ഇത്തരത്തില്‍ അതിവേഗത്തില്‍ ചലിക്കുന്ന കാറ്റിനൊപ്പം ഭൂമിയുടെ ഉപരിതലത്തിലെ പൊടിയും കലരുന്നു. സാധാരണ ഗതിയില്‍ ഇത്തരം കാറ്റ് കാര്യമായ നാശനഷ്ടങ്ങളുണ്ടാക്കാറില്ല. ഗ്രൗണ്ടിലെ കസേരകളും മറ്റും പറന്നു പോകാറുണ്ട്. പുതപ്പുകളോ തുണികളോ ഇത്തരം കാറ്റില്‍ പെട്ടാല്‍ ഉയര്‍ന്നു പോകും.
ശക്തമായ ടോര്‍ണാഡോകള്‍ വാഹനങ്ങളെ വരെ പൊക്കിയെടുത്ത് കൊണ്ടുപോകാറുണ്ട്. അമേരിക്കയില്‍ കടുത്ത നാശനഷ്ടം വരുത്തുന്നതാണ് ടോര്‍ണാഡോകള്‍.
വേനല്‍ക്കാലത്ത് ചൂടിന്റെ കാഠിന്യം വര്‍ദ്ധിക്കുന്നതോടെ ഇത്തരത്തിലുള്ള പ്രതിഭാസങ്ങള്‍ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ സജീവമാകും. കരയില്‍ മാത്രമല്ല ജലത്തിലും വാട്ടര്‍സ്പൗട്ടുകള്‍ സമാന രീതിയില്‍ സംഭവിക്കാറുണ്ട്.