തിരുവനന്തപുരത്ത് ശക്തമായ തിര തള്ളൽ; ചരിത്രമുറങ്ങുന്ന വലിയതുറ കടൽ പാലം രണ്ടായി വേർപ്പെട്ടു
തിരുവനന്തപുരത്തെ വലിയതുറ കടൽ പാലം ഓർമ്മയാകുന്നു. ശക്തമായ തിര തള്ളലിനെ തുടർന്ന് പാലത്തിന്റെ ഒരു ഭാഗം പൂർണമായും ഇടിഞ്ഞു.1825ൽ നിർമ്മിച്ച പാലം 1947ൽ എംവി പണ്ഡിറ്റ് എന്ന കപ്പലിടിച്ച് തകർന്നിരുന്നു. പിന്നീട് 1959 ൽ പാലം പുനർ നിർമ്മിച്ചു. ശക്തമായ തിരയടിയിൽ രണ്ടുവർഷം മുമ്പ് പാലത്തിന്റെ കവാടം വളഞ്ഞിരുന്നു. ഇതേ തുടർന്ന് സ്ഥലം സന്ദർശിച്ച അന്നത്തെ തുറമുഖ മന്ത്രി വലിയതുറ കടൽപ്പാലം പുനർനിർമ്മിക്കും എന്ന് പറഞ്ഞിരുന്നു. എന്നാൽ നടപടികളൊന്നും ഉണ്ടായില്ല.
ഫോട്ടോ : അരുൾ പ്രസാദ്
ഇന്ന് രാവിലെ 8 മണിയോടെയാണ് പാലം തകർന്നത്. 2017 ലെ ഓഖി ചുഴലിക്കാറ്റിലും പാലത്തിന് കേടുപാടുകൾ സംഭവിച്ചിരുന്നു. രാജ തുറെ പാലം എന്നറിയപ്പെടുന്ന വലിയതുറ കടൽ പാലത്തിലൂടെ ആണ് നാടിന് ആവശ്യമായ ചരക്ക് സാധനങ്ങൾ പുറം നാടുകളിൽ നിന്നും കപ്പലുകൾ വഴി ഇവിടെ എത്തിച്ചിരുന്നത്. അതുപോലെ നമ്മുടെ നാട്ടിലെ കയർ ഉൽപന്നങ്ങളും പലചരക്ക് സാധനങ്ങളും കയറ്റുമതി നടത്തിയിരുന്നതും ഈ പാലം വഴിയായിരുന്നു. തിരുവിതാംകൂറിന്റെ ചരിത്രമുറങ്ങുന്ന വലിയതുറ കടൽ പാലം ഇനി ഓർമ്മകളിൽ മാത്രം.
അതേസമയം ഇന്നലെ കേരളതീരത്ത് ശക്തമായ തിരമാലയ്ക്ക് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിരുന്നു. ആറു മുതൽ 1.4 m വരെ ഉയരത്തിലുള്ള തിരമാലയാണ് ഉയരുക എന്നാണ് മുന്നറിയിപ്പ് നൽകിയത്.