മിന്നൽ ചുഴലിയിൽ വിറച്ച് തലശ്ശേരി : ജനറൽ ആശുപത്രിയിൽ നാശനഷ്ടം
മിന്നൽ ചുഴലിയിൽ വിറച്ച് തലശ്ശേരി. ജനറൽ ആശുപത്രിക്ക് സമീപം കടൽതീരത്താണ് മിന്നൽ ചുഴലി വീശി അടിച്ചത്. മഴയോടൊപ്പം വീശിയ മിന്നൽ ചുഴലിയിൽ ജനറൽ ആശുപത്രിയിൽ നാശനഷ്ടം ഉണ്ടായിട്ടുണ്ട്. ആർക്കും പരിക്കേറ്റിട്ടില്ല. ഇന്നലെ ഉച്ചയ്ക്ക് രണ്ടോടെയാണ് ജനറൽ ആശുപത്രി പരിസരങ്ങളിൽ ചുഴലി വീശിയടിച്ചത്. വെറും 30 സെക്കൻഡ് മാത്രം ആയിരുന്നു കാറ്റ് നീണ്ടു നിന്നത്.
ആശുപത്രിയിലെ മെയിൻ വാർഡ്, ബേബി വാർഡ്, ബ്ലഡ് ബാങ്ക്, ഓപ്പറേഷൻ തിയറ്ററുകൾ, ഡ്രഗ് ബാങ്ക് എന്നീ കെട്ടിടങ്ങളുടെ മുകളിലെ ഷീറ്റുകൾ ഭാഗികമായി കാറ്റിൽ പറന്നുപോയി . കനത്ത മഴയായതിനാൽ ആളുകൾ പുറത്തില്ലാത്തതിനാൽ ആണ് വലിയ അപകടം ഒഴിവായത്. ആശുപത്രിക്ക് പിറകിൽ കടൽത്തീരത്തെ മരങ്ങൾ പൊട്ടി വീണിട്ടുണ്ട്. ഓണാഘോഷത്തിനായി ഓഫിസ് മുറ്റത്ത് കെട്ടിയുയർത്തിയ പന്തലും തകർന്നു പോയി. പേ വാർഡിലെ ഒരു മുറിയുടെ ജനൽചില്ലും ശക്തമായ കാറ്റിൽ തകർന്നിട്ടുണ്ട്.
ചുഴലിക്കാറ്റിൽ ഓപ്പറേഷൻ തിയറ്ററിന്റെ മേൽക്കൂരയിലെ ഷീറ്റ് പറന്നത് രോഗിയുടെ ശസ്ത്രക്രിയ കഴിഞ്ഞശേഷമാണ് . അതല്ലായിരുന്നുവെങ്കിൽ അപകട സാധ്യത കൂടുമായിരുന്നു. ബേബി വാർഡിന്റെയും ബ്ലഡ് ബാങ്കിന്റെയും ഇടനാഴിയിലെ മുറ്റം നിറയെ പൊട്ടിച്ചിതറിയ ആസ്ബസ്റ്റോസ് ഷീറ്റുകളും സിങ്ക് ഷീറ്റുകളും ആയിരുന്നു. പ്രധാനവാർഡിന്റെ മേൽക്കൂരയിലെ ഷീറ്റുകൾ തിരക്കേറിയ റോഡിലാണ് കാറ്റിൽ പതിച്ചത്.
ആശുപത്രി വളപ്പിൽ സൂക്ഷിച്ചിരുന്ന പഴയ ആംബുലൻസ് വാനിന്റെ ഡോർ കാറ്റിൽ തകർന്നിട്ടുണ്ട്. അഗ്നിരക്ഷാ സേനയും പൊലീസും സന്നദ്ധ പ്രവർത്തകരും സ്ഥലത്തെത്തിയിരുന്നു. അപകടാവസ്ഥയിൽ മേൽക്കൂരയിൽ തങ്ങിനിന്ന ഷീറ്റുകൾ എടുത്തുമാറ്റിയിട്ടുണ്ട്. നഗരസഭ അധികൃതർ മേൽക്കൂരകളിൽ താൽക്കാലികമായി ഷീറ്റ് വലിച്ചു കെട്ടി ചോർച്ച തടഞ്ഞു നിർത്തി.
അതേസമയം കടൽത്തീരത്തുണ്ടായിരുന്ന മെഹ്റൂഫും കൂട്ടുകാരും വീശിയടിച്ച കാറ്റിൽനിന്ന് രക്ഷപ്പെട്ടത് പരസ്പരം ചുറ്റിപ്പിടിച്ചുനിന്ന് കൊണ്ടാണ്. കടൽതീരത്തുണ്ടായിരുന്ന ഒരു ചെറുവള്ളത്തെ കാറ്റ് എടുത്തറിയുകയായിരുന്നു. കണ്ണടച്ച് തുറക്കും മുൻപ് കാറ്റ് കടന്നുപോയെന്നും മഹ്റൂഫ് .
കാലാവസ്ഥ അപ്‌ഡേറ്റായിരിക്കാന്‍ താഴെ കൊടുത്ത ഞങ്ങളുടെ ഗ്രൂപ്പുകളില്‍ ചേരാം.
വാട്‌സ്ആപ്
ടെലഗ്രാം
വാട്‌സ്ആപ്പ് ചാനല്‍
Google News
Facebook Page
Weatherman Kerala Fb Page