ടെക്സസിൽ വെള്ളപ്പൊക്കത്തിൽ മരിച്ചവരുടെ എണ്ണം 51 ആയി, ഇതിൽ 15 കുട്ടികളും ഉൾപ്പെടുന്നു; നിരവധി പേരെ കാണാതായി
സെൻട്രൽ ടെക്സസിൽ അപ്രതീക്ഷിതമായി ഉണ്ടായ വെള്ളപ്പൊക്കത്തിൽ 15 കുട്ടികൾ ഉൾപ്പെടെ 51 പേർ മരിച്ചതായി അധികൃതർ ശനിയാഴ്ച സ്ഥിരീകരിച്ചു. സാൻ അന്റോണിയോയിൽ നിന്ന് ഏകദേശം 85 മൈൽ വടക്കുപടിഞ്ഞാറായി ഗ്വാഡലൂപ്പ് നദിക്കടുത്താണ് ദുരന്തം നടന്നത്.
രാത്രിയിൽ വെള്ളം ഉയർന്നതിനെത്തുടർന്ന് മരങ്ങളിലും മേൽക്കൂരകളിലും കുടുങ്ങിയ 850-ലധികം പേരെ അടിയന്തര സേവന പ്രവർത്തകർ രക്ഷപ്പെടുത്തി. ചുരുങ്ങിയ സമയത്തിനുള്ളിൽ 15 ഇഞ്ച് വരെ മഴ പെയ്തതായും നദിയിലെ ജലനിരപ്പ് 29 അടിയായി ഉയർന്നതായും ഉദ്യോഗസ്ഥർ പറഞ്ഞു.
കെർവില്ലെയിലെ പ്രശസ്തമായ ഒരു വേനൽക്കാല ക്യാമ്പായ ക്യാമ്പ് മിസ്റ്റിക്കിൽ നിന്നുള്ള 27 പെൺകുട്ടികളും കാണാതായവരിൽ ഉൾപ്പെടുന്നു. “‘കാണാതായ 27 പേരെ’ ഞങ്ങൾ ട്രാക്ക് ചെയ്യുന്നുണ്ട്, ഇവരെ കൂടാതെ വേറെയും ആളുകൾ ഉണ്ടാകാം. ഞങ്ങൾക്ക് ഇതുവരെ അറിയില്ല,” കെർവില്ലെ സിറ്റി മാനേജർ ഡാൽട്ടൺ റൈസ് പറഞ്ഞു.
മുന്നറിയിപ്പിന് മുമ്പ് വെള്ളപ്പൊക്കം
വെള്ളിയാഴ്ച പുലർച്ചെ ആരംഭിച്ച വെള്ളപ്പൊക്കം പ്രതീക്ഷിച്ചതിലും വേഗത്തിൽ നദിയിൽ ജലനിരപ്പ് ഉയരുന്നതിന് കാരണമായി,” കെർ കൗണ്ടി ജഡ്ജി റോബ് കെല്ലി പറഞ്ഞു. “ഇത് മുൻകൂട്ടി പ്രവചിക്കാൻ സാധിച്ചില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു .”
മൂന്ന് കുട്ടികൾ ഉൾപ്പെടെ മരിച്ചവരിൽ എട്ട് പേരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ലെന്ന് കെർ കൗണ്ടി ഷെരീഫ് ലാറി ലീത സ്ഥിരീകരിച്ചു.
കെർ കൗണ്ടിയിൽ വെള്ളപ്പൊക്ക അടിയന്തരാവസ്ഥ ഇപ്പോൾ ശമിച്ചിട്ടുണ്ടെങ്കിലും, ചുറ്റുമുള്ള പ്രദേശങ്ങളിൽ വെള്ളപ്പൊക്ക നിരീക്ഷണം ഇപ്പോഴും പ്രാബല്യത്തിൽ ഉണ്ട്. പ്രദേശത്തിന്റെ വാർഷിക മഴയുടെ പകുതിയോളം അളവിൽ മഴ ലഭിച്ചിട്ടുണ്ട്. അതേസമയം മഴയുടെ തീവ്രത പ്രവചിക്കാത്തതിന് ദേശീയ കാലാവസ്ഥാ സേവന കേന്ദ്രം വിമർശനം നേരിട്ടു.
നേരത്തെ നൽകിയിരുന്ന “മിതമായ” വെള്ളപ്പൊക്ക മുന്നറിയിപ്പ് അപര്യാപ്തമാണെന്ന് ഹോംലാൻഡ് സെക്യൂരിറ്റി സെക്രട്ടറി ക്രിസ്റ്റി നോയിം സമ്മതിക്കുകയും, പ്രവചന സംവിധാനങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള വഴികൾ ഭരണകൂടം അവലോകനം ചെയ്യുകയാണെന്നും പറഞ്ഞു.
ഗവർണർ ഗ്രെഗ് അബോട്ട് ഒരു ഫെഡറൽ ദുരന്ത പ്രഖ്യാപനം നടത്തി, പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇതിനെ പിന്തുണച്ചു. ട്രംപും പ്രഥമ വനിത മെലാനിയയും സോഷ്യൽ മീഡിയയിൽ അനുശോചനം രേഖപ്പെടുത്തി. അതേസമയം ഇപ്പോൾ ഉണ്ടായ വെള്ളപ്പൊക്ക സാഹചര്യത്തിൽ നാഷണൽ ഓഷ്യാനിക് ആൻഡ് അറ്റ്മോസ്ഫെറിക് അഡ്മിനിസ്ട്രേഷനിൽ (NOAA) അടുത്തിടെ ജീവനക്കാരുടെ എണ്ണം കുറച്ചതിൽ ആശങ്കകൾ വീണ്ടും ഉയർന്നിട്ടുണ്ട്. ഇത് പ്രവചന കൃത്യതയെ തടസ്സപ്പെടുത്തിയിരിക്കാമെന്ന് ചില വിദഗ്ധർ പറയുന്നു.
വെള്ളപ്പൊക്കം ഉണ്ടായപ്പോൾ ക്യാമ്പ് മിസ്റ്റിക്ക് 700 പെൺകുട്ടികൾ സ്ഥലത്തുണ്ടായിരുന്നു. സമീപത്തുള്ള മറ്റൊരു ക്യാമ്പായ ഹാർട്ട് ഒ’ ദി ഹിൽസ്, സഹ ഉടമയായ ജെയ്ൻ റാഗ്സ്ഡെയ്ൽ മരിച്ചുവെന്ന് സ്ഥിരീകരിച്ചു. ആ സമയത്ത് ക്യാമ്പർമാരാരും അവിടെ ഉണ്ടായിരുന്നില്ല.
Tag: Texas flood death toll rises to 51, including 15 children; many missing
Image Source: Reuters