വേനൽചൂടിൽ ടെറസിലെ കൃഷി കരിഞ്ഞു പോകുമെന്ന പേടിയാണോ? എങ്കിൽ ഇങ്ങനെ ചെയ്തു നോക്കൂ
ഈ വർഷം പതിവിലും നേരത്തെ തന്നെ ചൂടു തുടങ്ങി. വേനൽ കടുത്ത് തുടങ്ങിയതോടെ വേനൽക്കാല കൃഷിക്ക് ഗുണവും ദോഷവും ഉണ്ട്. വെള്ളത്തിന്‍റെ ലഭ്യതക്കുറവ് തന്നെയാണ് പ്രധാന പ്രശ്നമായിട്ടുള്ളത്. കൃത്യമായ നനവില്ലെങ്കിൽ മണ്ണാകെ വരണ്ടുണങ്ങുന്ന അവസ്ഥ. ചൂട് കൂടുന്നത് കൃഷികളെ സാരമായി ബാധിക്കുകയും ചെയ്യും.
എന്നാൽ, ചെറിയ തോതിൽ അടുക്കളത്തോട്ടമുണ്ടാക്കാൻ മികച്ച സമയമാണ് വേനൽ കാലം. കുറഞ്ഞ തോതിലുള്ള കൃഷിയായതിനാൽ കൃത്യമായ പരിചരണം അടുക്കളത്തോട്ടത്തിൽ നൽകാൻ കഴിയും എന്നത് തന്നെ പ്രത്യേകത. വീടുകളുടെ ടെറസാ ണ് വേനല്‍ക്കാലത്ത് അടുക്കളത്തോട്ടമൊരുക്കാന്‍ യോജിച്ച ഇടം . നല്ല വെയില്‍ ലഭിക്കുന്നതിനാല്‍ ടെറസില്‍ പച്ചക്കറികള്‍ നല്ല വിളവ് തരുകയും ചെയ്യും. എന്നാൽ, ടെറസിലെ കൃഷിക്ക് നല്ല ശ്രദ്ധ വേണം.

ടെറസിൽ കൃഷി ചെയ്യുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ
വെണ്ട, വഴുതന, പച്ചമുളക്, പയര്‍, തക്കാളി പോലുള്ളവയും പന്തല്‍ വിളകളായ പാവല്‍, പടവലവും ഈ സമയത്ത് ടെറസില്‍ വളര്‍ത്താന്‍ അനുയോജ്യമായ ഇനങ്ങളാണ് . ഇവ വെയില്‍ ഏറെ ഇഷ്ടപ്പെടുന്ന പച്ചക്കറികളാണ് .
ജൈവവളമായി ചാണകപ്പൊടി, ചാരം, എല്ലുപൊടി, മണ്ണിരക്കമ്പോസ്റ്റ്, വേപ്പിന്‍ പിണ്ണാക്ക് എന്നിവ ഉപയോഗിക്കാം. ഗ്രോബാഗ് ഒരുക്കുമ്പോള്‍ ഈ വളങ്ങള്‍ ചേര്‍ക്കാന്‍ ശ്രദ്ധിക്കുക. നല്ല പോലെ നീര്‍വാര്‍ച്ച നല്‍കാന്‍ സഹായിക്കുന്നവ ആണിത്. പച്ചച്ചാണകം ഈ കാലാവസ്ഥയില്‍ ഉപയോഗിക്കാതിരിക്കുകയാണ് കൃഷിക്ക് കൂടുതൽ ഗുണം ചെയ്യുക.
രാസവളങ്ങളും കീടനാശിനികളും ടെറസിലെ കൃഷിക്ക് ഉപയോഗിക്കാതിരിക്കുക. ഇവ കനത്ത ചൂടില്‍ ചെടികള്‍ നശിക്കാൻ കാരണമാകുന്നു.
നന നിര്‍ബന്ധമാണ്, പറ്റുമെങ്കില്‍ രണ്ടു നേരം നനയ്ക്കുക . മട്ടുപ്പാവ് കൃഷിയില്‍ നന എളുപ്പമാക്കുന്ന നിരവധി സാങ്കേതിക വിദ്യകള്‍ ലഭ്യമാണ്. മൊബൈല്‍ വഴി പോലും നന നിയന്ത്രിക്കാൻ കഴിയും. തുള്ളി നന പോലുള്ളവ ഒരുക്കുക. അതിനാല്‍ കുറച്ചു ദിവസം വീട്ടില്‍ നിന്നു മാറിനിന്നാലും നന കിട്ടാത്ത പ്രശ്നം ഉണ്ടാവില്ല .
പന്തല്‍ വിളകള്‍ക്ക് നിര്‍ബന്ധമായും പടര്‍ന്നു കയറാനുള്ള സൗകര്യമൊരുക്കുക. എന്നാല്‍ മാത്രമേ അവയില്‍ നിന്നും വേണ്ടത്ര വിളവ് ലഭ്യമാകും.
ചൂട് പ്രശ്‌നമാകുന്നുണ്ടെങ്കില്‍ ഇടയ്ക്ക് ഷീറ്റ് കെട്ടി തണൽ നൽകാം .
ഈ സമയത്ത് ഉചിതം വളങ്ങള്‍ ദ്രാവക രൂപത്തില്‍ നല്‍കുകയാണ് .
ജൈവമാണെങ്കിലും കീടനാശിനികളുടെ ഉപയോഗം കുറയ്ക്കാന്‍ ശ്രമിക്കണം. കൃത്യമായ ഇടവേളകളില്‍ ടെറസിലെത്തി പരിപാലനം നൽകണം. കീടനാശിനി ഉപയോഗിക്കാതെ നശിപ്പിക്കാന്‍ കഴിയുന്നവയെ അങ്ങനെ ചെയ്യുന്നതാണ് നല്ലത്.
മഴ പെയ്യുന്ന പോലെ സ്‌പ്രേയര്‍ ഉപയോഗിച്ചു നനയ്ക്കുന്നതാവും കൂടുതൽ ഗുണം. ഇലകളില്‍ കൂടി വെള്ളം തട്ടുന്നത് ചെടികള്‍ക്ക് ഗുണം ചെയ്യുന്നതാണ് .
കീടങ്ങളുടെ ആക്രമണം ഈ സമയത്ത് കൂടുതലായിരിക്കുന്നതിനാൽ ചെടികള്‍ക്ക് കരുത്ത് പകരാന്‍ സ്യൂഡോമോണസ്, ബ്യൂവേറിയ, ഫിഷ് അമിനോ ആസിഡ് പോലുള്ളവ ഉപയോഗിക്കുക.