മസിനഗുഡി ആനത്താരയിലെ അനധികൃത റിസോര്‍ട്ടുകള്‍ പൊളിക്കണമെന്ന് സുപ്രിംകോടതി
മുതുമല കടുവാ സങ്കേതത്തില്‍ വിജ്ഞാപനം ചെയ്ത സെഗൂര്‍ ആനത്താരയിലെ അനധികൃതമായി നിര്‍മിച്ച 35 റിസോര്‍ട്ടുകള്‍ പൊളിക്കാന്‍ നോട്ടിസ് നല്‍കിയതായി നീലഗിരി ജില്ലാ ഭരണകൂടം. റിസോര്‍ട്ടുകള്‍ പൊളിച്ചുമാറ്റാന്‍ സുപ്രിംകോടതിയാണ് ഉത്തരവിട്ടത്.
ഇതിനു പിന്നാലെ ഉത്തരവ് കാണിച്ച് ജില്ലാഭരണകൂടം നോട്ടിസ് നല്‍കുകയായിരുന്നു. കെട്ടിടങ്ങള്‍ പൊളിക്കാന്‍ റിസോര്‍ട്ട് ഉടമകള്‍ക്ക് 15 ദിവസത്തെ സമയം അനുവദിച്ചിട്ടുണ്ട്. ആ സമയത്തിനുള്ളില്‍ പൊളിച്ചില്ലെങ്കില്‍ തദ്ദേശസ്ഥാപനങ്ങള്‍ കെട്ടിടം പൊളിക്കും. ചൊക്കനല്ലി, ചെമ്മന്തം, മാവനല്ല, വാഴത്തോട്ടം, ബൊക്കാപുരം, ശിങ്കാര ഭാഗങ്ങളിലുള്ള 35 റിസോര്‍ട്ടുകള്‍ക്കാണ് അന്ത്യശാസനം നല്‍കിയത്.
2009ല്‍ പരിസ്ഥിതി പ്രവര്‍ത്തകന്‍ ആന രാജേന്ദ്രന്‍ ഹൈക്കോടതിയില്‍ നല്‍കിയ കേസില്‍ 2011ല്‍ വിധി വന്നിരുന്നു.
ഈ റിസോര്‍ട്ടുകള്‍ അടച്ചുപൂട്ടാനായിരുന്നു ഉത്തരവ്. എന്നാല്‍ ഉത്തരവിനെതിരെ ഉടമകള്‍ സുപ്രീംകോടതിയില്‍ ഹരജി സമര്‍പ്പിച്ചിരുന്നു. 2018ല്‍ സുപ്രീംകോടതിയും ഹൈക്കോടതി വിധി ശരിവച്ചിരുന്നു. ഇതൊടെ റിസോര്‍ട്ടുകളെല്ലാം അടച്ചുപൂട്ടുകയും ചെയ്തു.
എന്നാല്‍ ചിലത് വീണ്ടും പ്രവര്‍ത്തിക്കാന്‍ തുടങ്ങിയിരുന്നു. ഇത് ചിലര്‍ ശ്രദ്ധയില്‍പ്പെടുത്തിയതോടെ പരിശോധിക്കാനായി വിരമിച്ച മൂന്ന് ജഡ്ജിമാരടങ്ങിയ കമ്മീഷനെ കോടതി നിയമിച്ചിരുന്നു. ഇവര്‍ കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതോടെയാണ് സുപ്രീംകോടതി ഉത്തരവ് നല്‍കിയത്.
പശ്ചിമ, പൂര്‍വഘട്ടങ്ങള്‍ക്കിടയില്‍ ആനകളുടെ ജനിതക വ്യാപനം ഉറപ്പാക്കുന്ന ഏഷ്യന്‍ ആനകളുടെ കുടിയേറ്റത്തിനുള്ള നിര്‍ണായക പാതയാണ് സെഗൂര്‍ ആന ഇടനാഴിയെന്ന് പരിസ്ഥിതി ശാസ്ത്രജ്ഞര്‍ പറഞ്ഞിരുന്നു. ഇത്തരം ശാസ്ത്രീയ വിവരങ്ങളും കോടതി പരിഗണിച്ചു.