സക്ഷൻ കം ജെറ്റിങ് മെഷീൻ വരുന്നു; തിരുവനന്തപുരത്ത് വെള്ളക്കെട്ടിന് പരിഹാരമാകും

സക്ഷൻ കം ജെറ്റിങ് മെഷീൻ വരുന്നു; തിരുവനന്തപുരത്ത് വെള്ളക്കെട്ടിന് പരിഹാരമാകും

തിരുവനന്തപുരം നഗരത്തിലെ വെള്ളക്കെട്ടിന് പരിഹാരം കണ്ടെത്താനുള്ള നടപടികളുമായി സർക്കാരും നഗരസഭയും. തദ്ദേശ മന്ത്രിയുടെ നിർദേശപ്രകാരം നഗരത്തിലെ എല്ലാ ഓടകളും വൃത്തിയാക്കാനാവുന്ന സക്ഷൻ കം ജെറ്റിങ് മെഷീൻ വാങ്ങാനുള്ള നടപടികള്‍ അവസാന ഘട്ടത്തിലാണ് . വെള്ളക്കെട്ട് രൂക്ഷമായിരുന്ന കൊച്ചിയിൽ സക്ഷൻ കം ജെറ്റർ പരീക്ഷിക്കുകയും, വെള്ളക്കെട്ടിന് പരിഹാരം കാണുന്നതിൽ വിജയിക്കുകയും ചെയ്തതിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം.

തിരുവനന്തപുരത്ത് ഇത് വാങ്ങാനുള്ള ടെൻഡർ നടപടികള്‍ പുരോഗമിക്കുന്നു. ജൂൺ അവസാനത്തോടെയോ, ജൂലൈ ആദ്യമോ മെഷീൻ ലഭ്യമാവുമെന്നാണ് കരുതുന്നത്. സ്ലാബുകള്‍ തുറക്കാതെ അകലെ നിന്നുപോലും ചെളിയും മണ്ണും വലിച്ചെടുത്ത് നീക്കം ചെയ്യാൻ ഈ ഈ മെഷീൻ ഉപയോഗിച്ച് സാധ്യമാകും . മെഷീൻ ലഭ്യമാവുന്നതുവരെ നെടുമ്പാശേരി വിമാനത്താവളത്തിലെ പകരം സംവിധാനം ഉപയോഗിക്കാനും ധാരണയിൽ.

തദ്ദേശ മന്ത്രി സിയാൽ എം.ഡിയുമായി നടത്തിയ ചർച്ചയിലാണ് ഇതുസംബന്ധിച്ച തീരുമാനമായത്. മേയറുടെ നേതൃത്വത്തിൽ തുടർ ചർച്ചകളും പൂർത്തിയാക്കി. ഓടകളിലെ വെള്ളം തോടുകളും ആറുകളും വഴി ഒഴുകിപ്പോകുന്നതിന് തടസം നിൽക്കുന്ന മാലിന്യവും മണ്ണും ചെളിയും നീക്കം ചെയ്യാനുള്ള രണ്ട് മെഷീനുകളാണ് തിരുവനന്തപുരത്ത് എത്തിക്കുക. സ്ലിറ്റ് പുഷർ, സ്ലോട്ട് ട്രാപ്പർ എന്നീ യന്ത്രങ്ങൾ ഉടൻ എത്തും . ഇതുപയോഗിച്ച് അടിഞ്ഞു കൂടുന്ന മാലിന്യവും മണ്ണും ചെളിയും ഒഴിവാക്കാൻ കഴിയും. ഇങ്ങനെ നഗരത്തില്‍ ഉണ്ടാകുന്ന വെള്ളക്കെട്ടിന് പരിഹാരമാകും.

ആമയിഴഞ്ചാന്‍ തോട്, കരിയില്‍ തോട്, പട്ടം തോട്, കരമനയാര്‍, തെറ്റിയാര്‍ എന്നിവിടങ്ങളില്‍ അടിഞ്ഞു കൂടുന്ന മണ്ണും ചെളിയും മാലിന്യവും മാറ്റി നീരൊഴുക്ക് സുഗമമാക്കുന്നതിന് ഇവ ഉപയോഗിക്കാൻ പറ്റും എന്നാണ് കരുതുന്നത് . മണ്ണും ചെളിയും മാലിന്യവും തള്ളിമാറ്റി രണ്ട് കരകളിലും ശേഖരിക്കുന്ന പ്രവർത്തനമാണ് സ്ലിറ്റ് പുഷർ ഉപയോഗിച്ച് ചെയ്യുക . ഇത് ജെ.സി.ബി ഉപയോഗിച്ച് കോരി മാറ്റുകയും ചെയ്യണം. സ്ലോട്ട് ട്രാപ്പർ മാലിന്യവും കുളവാഴ ഉള്‍പ്പെടെയുള്ളവയും ജലനിരപ്പിൽ നിന്ന് വലിച്ചെടുത്ത് നീക്കം ചെയ്യാനാവുന്ന സംവിധാനമാണ് .

തോടുകളും ആറുകളും സജ്ജമാവുന്നതോടെ നഗരത്തിലെ ഓടകളിലെ വെള്ളം സുഗമമായി ഒഴുക്കി വിടുന്ന സംവിധാനം ഒരുക്കാനും അതുവഴി വെള്ളക്കെട്ടിനെ നിയന്ത്രിക്കാനും സാധിക്കും. സക്ഷൻ കം ജെറ്റിംഗ് മെഷീൻ കൂടി എത്തുന്നതോടെ ഓടകള്‍ കൂടി യന്ത്രസഹായത്തോടെ വൃത്തിയാക്കി വെള്ളക്കെട്ടിന് പരിഹാരം കാണാനാവുമെന്നാണ് കരുതുന്നത്. തിരുവനന്തപുരം നഗരത്തിലെ വെള്ളക്കെട്ട് ഈ വർഷം തന്നെ പരിഹരിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മന്ത്രി എം ബി രാജേഷ്.

ശുചീകരണ തൊഴിലാളിയായ മുരുകൻ സെക്രട്ടേറിയറ്റിന് മുന്നിലെ ഓടയിലിറങ്ങി വെള്ളത്തിന്റെ ഒഴുക്കിന് തടസമായി നിന്ന മാലിന്യം നീക്കുന്ന ചിത്രം മന്ത്രിയുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു. തുടർന്ന് കരിമഠം കോളനിയിലെ മുരുകന്റെ വീട്ടിലെത്തുകയും, ഓടയിലിറങ്ങി വൃത്തിയാക്കേണ്ടിവരുന്ന അവസ്ഥ പരിഹരിക്കാനുള്ള നടപടിയുണ്ടാകുമെന്നും മന്ത്രി ഉറപ്പുനൽകിയിട്ടുണ്ടായിരുന്നു. ഓടകളെ യന്ത്രസഹായത്തോടെ വൃത്തിയാക്കുന്ന സക്ഷൻ കം ജെറ്റിംഗ് മെഷീൻ വാങ്ങാനുള്ള നിർദേശം മന്ത്രി കോർപറേഷന് നൽകിയിരുന്നു. അന്തിമഘട്ടത്തിലെത്തിനിൽക്കുന്നത് ഈ പ്രക്രിയയാണ്.

കൊച്ചിയിൽ കഴിഞ്ഞ വർഷം മുൻ വർഷങ്ങളെ അപേക്ഷിച്ച് വെള്ളക്കെട്ടില്ലാത്ത മഴക്കാലമായിരുന്നു. തദ്ദേശ സ്വയം ഭരണ വകുപ്പിന്‍റെയും കോർപറേഷന്റെയും നേതൃത്വത്തിൽ നടത്തിയ വൈവിധ്യങ്ങളായ പദ്ധതികളാണ് ഇതിന് കാരണം. സക്ഷൻ കം ജെറ്റിങ് മെഷീൻ ഉള്‍പ്പെടെയുള്ള ആധുനിക സംവിധാനങ്ങള്‍ കൊച്ചിയിൽ സഹായമായി . വെള്ളക്കെട്ടില്ലാതാക്കാൻ സർക്കാരും കോർപറേഷനും നടത്തിയ ഇടപെടലുകളെ ഹൈക്കോടതി തന്നെ അഭിനന്ദിച്ചിട്ടുണ്ട് . സമാനമായ പ്രവർത്തനങ്ങളും പദ്ധതികളും തിരുവനന്തപുരത്തും നടത്താനാണ് ശ്രമം. ജനകീയ സഹകരണത്തോടെ ഈ ലക്ഷ്യം കൈവരിക്കുമെന്നും മന്ത്രി .

സക്ഷൻ കം ജെറ്റിംഗ് മെഷീൻ

തിരുവനന്തപുരം നഗരസഭ സ്മാർട്ട് സിറ്റി പദ്ധതിയിൽ ഉള്‍പ്പെടുത്തിയാണ് സക്ഷൻ കം ജെറ്റിംഗ് മെഷീൻ വാങ്ങുക. പദ്ധതി ടെൻഡർ ഘട്ടത്തിലാണ് നിലവിലുള്ളത്. 11000 ലിറ്റർ ശേഷിയുള്ള ജെറ്റിംഗ് കം സക്ഷൻ മെഷീനാണ് ലഭ്യമാക്കുന്നത് . ഈ വാഹനത്തിന്റെ വില അഞ്ചു കോടിയോളം രൂപയാണ് . 30 മീറ്ററോളം നീളത്തിലുള്ള ഹോസ് ഉപയോഗിച്ച് ഓടകള്‍ക്ക് ഉള്ളിലേക്ക് ഉന്നത മർദത്തിൽ വെള്ളം അടിച്ച് വൃത്തിയാക്കുന്ന ജെറ്റിങ് സംവിധാനമാണ് ഇത്‌.

മണ്ണ്, ചെളി ഉള്‍പ്പെടെയുള്ളവ ഓടയിലിറങ്ങാതെയും സ്ലാബുകള്‍ നീക്കാതെയും ഇങ്ങനെ എളുപ്പത്തിൽ നീക്കാൻ സാധിക്കും. ഇതിനായി 2000 ലിറ്റർ ജലം വാഹനത്തിൽ ശേഖരിക്കാൻ കഴിയും. ഓടയിൽ മാലിന്യവും ജീർണാവശിഷ്ടങ്ങളുമുണ്ടെങ്കിൽ ഉന്നത മർദമുപയോഗിച്ച് വലിച്ചെടുക്കുന്ന സക്ഷൻ സംവിധാനമാണ് മറ്റൊരു രീതി . സക്ഷൻ ഹോസിന് 12 മീറ്ററാണ് നീളം. 9000 ലിറ്റർ വരെ മാലിന്യം ഇങ്ങനെ ശേഖരിച്ച് വാഹനത്തിൽ സൂക്ഷിക്കാൻ കഴിയും . ആവശ്യമെങ്കിൽ അതാത് സമയത്ത് മറ്റൊരു ലോറിയിലേക്ക് ഈ മാലിന്യം മാറ്റാനും പറ്റും.

സക്ഷൻ കം ജെറ്റിംഗ് മെഷീൻ കൊച്ചിയിൽ

കൊച്ചിയിലെ വെള്ളക്കെട്ട് പരിഹരിക്കുന്നതിൽ സക്ഷൻ കം ജെറ്റിംഗ് മെഷീൻ വഹിച്ച പങ്ക് വലുതായിരുന്നു. 13000 ലിറ്റർ ശേഷിയുള്ള വാഹനമാണ് കൊച്ചിയിൽ ഉപയോഗിച്ചിരുന്നത്. കഴിഞ്ഞ വർഷം ജൂൺ അഞ്ച് മുതൽ എം.ജി റോഡ് ഉള്‍പ്പെടെയുള്ള കൊച്ചിയിലെ പ്രധാന റോഡുകളുടെ സമീപത്തുള്ള ഓടകളിലെല്ലാം ഈ മെഷീൻ ഉപയോഗിച്ചുള്ള പ്രവർത്തനം നടത്തിയിട്ടുണ്ട് . കൊച്ചി കോർപറേഷനു വേണ്ടി കൊച്ചിൻ സ്മാർട്ട് സിറ്റി മിഷൻ ലിമിറ്റഡാണ് ഈ മെഷീൻ നൽകിയത്.

metbeat news

കാലാവസ്ഥ അപ്ഡേറ്റുകൾക്ക്

FOLLOW US ON GOOGLE NEWS

Share this post

Weather Journalist at metbeatnews.com. Graduated in English from Calicut University, and holds a Diploma in Electronics and Communication from Thiruvananthapuram Press Club and master of communication and journalism (MCJ) from Bharatiyar University with 6 years of experience in print and online media.

Leave a Comment