കേരളത്തിലെ കാടുകളില്‍ ജല ലഭ്യത കുറയുന്നുവെന്ന് പഠനം
കാലാവസ്ഥാ വ്യതിയാനം കേരളത്തിലെ മഴ ദിനങ്ങള്‍ കുറച്ചെന്ന് ദേശീയ സെമിനാര്‍. പീച്ചിയില്‍ കേരള ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ലോക ജലദിനത്തോട് അനുബന്ധിച്ച് നടത്തിയ സെമിനാറിലാണ് ഇക്കാര്യം പറയുന്നത്. വരും വര്‍ഷങ്ങളില്‍ ജലക്ഷാമം രാജ്യത്ത് പ്രതിസന്ധി സൃഷ്ടിക്കുമെന്ന് സെമിനാര്‍ നിരീക്ഷിച്ചു.
സമാധാനത്തിനും സമൃദ്ധിക്കും വെള്ളത്തിനും വനം എന്നതായിരുന്നു വിഷയം. വിവിധ മേഖലകളില്‍ നിന്നുള്ള വിദഗ്ധര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. കാലാവസ്ഥാ വ്യതിയാനം ഹിമാലയത്തെയും പശ്ചിമഘട്ടത്തെയും രാജ്യത്തെ തീരദേശ ബെല്‍റ്റിനെയും പ്രതികൂലമായി ബാധിച്ചു. ഇത് ചൂട് കൂട്ടുകയും ജലക്ഷാമം രൂക്ഷമാക്കുകയും ചെയ്യും. വനങ്ങളിലെ ജൈവ സമ്പത്തിനെയും ആവാസവ്യവസ്ഥയെയും കാലാവസ്ഥാ വ്യതിയാനം പ്രതികൂലമായി ബാധിക്കുമെന്നും സെമിനാര്‍ വിലയിരുത്തി.
കേരളത്തില്‍ ആകെ മഴയുടെ അളവ് കുറഞ്ഞിട്ടില്ല. എന്നാല്‍ മഴ ദിനങ്ങളുടെ എണ്ണം കുറഞ്ഞു. ഇതാണ് കിണറുകളിലെയും പുഴകളിലെയും വെള്ളത്തിന്റെ അളവിനെ ബാധിക്കുന്നത്. ഈ പ്രശ്‌നം പരിഹരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ജാഗ്രതയോടെ നടപടികള്‍ സ്വീകരിക്കണമെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടി.
വനത്തില്‍ വെള്ളത്തിന്റെ ലഭ്യത കുറയുന്നുവെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. കാട്ടില്‍ ചെറിയ കുളങ്ങള്‍ നിര്‍മിക്കാനുള്ള പദ്ധതികള്‍ വേണം. കേരളത്തില കാടുകളില്‍ മറ്റു സംസ്ഥാനങ്ങളുടെ കാടുകളേക്കാള്‍ ജല ലഭ്യത കൂടുതലാണ്. അതിനാല്‍ മറ്റു സംസ്ഥാനങ്ങളിലെ കാടുകളില്‍ നിന്ന് മൃഗങ്ങള്‍ കേരളത്തിലെ വനത്തിലേക്ക് എത്തുന്നുണ്ടെന്നും വിദഗ്ധര്‍ പറഞ്ഞു.
ഈ മൃഗങ്ങള്‍ കേരള വനത്തില്‍ വെള്ളത്തിന്റെ ലഭ്യത കുറയുമ്പോള്‍ നാട്ടിലിറങ്ങാനും തുടര്‍ന്ന് മനുഷ്യരും മൃഗങ്ങളും തമ്മിലുള്ള സംഘര്‍ഷം കൂട്ടാനും കാരണമാകും. തമിഴ്‌നാട് വനംവകുപ്പ് മുന്‍ പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ ഡോ. എന്‍ കൃഷ്ണകുമാര്‍ ആണ് സെമിനാര്‍ ഉദ്ഘാടനം ചെയ്തത്.