സ്‌കോളര്‍ഷിപ്പോടെ എം.ടെക് പഠിക്കാം; കോഴ്‌സ് കഴിഞ്ഞാല്‍ പ്രമുഖ സ്ഥാപനങ്ങളിൽ ജോലി
കണ്‍സ്ട്രക്ഷന്‍ ടെക്‌നോളജി ആന്‍ഡ് മാനേജ്‌മെന്റില്‍ ലാര്‍സന്‍ ആന്‍ഡ് ട്യൂബ്രോ (എല്‍.ആന്‍.ടി) കണ്‍സ്ട്രക്ഷന്‍ കമ്പനിയുടെ ബില്‍ഡ് ഇന്ത്യ സ്‌കോളര്‍ഷിപ്പോടെ രാജ്യത്തെ പ്രമുഖ സ്ഥാപനങ്ങളില്‍ എം.ടെക് പഠിക്കാം. രണ്ട് വര്‍ഷത്തെ റഗുലര്‍ കോഴ്‌സ് 2024 ജൂലൈയില്‍ ആരംഭിക്കും. വിദ്യാര്‍ഥികള്‍ ഫീസൊന്നും നല്‍കേണ്ടതില്ല.
ഇന്ത്യയിലെ അംഗീകൃത സര്‍വകലാശാല/ സ്ഥാപനങ്ങളില്‍ പഠിക്കുന്ന അവസാന വര്‍ഷ ബി.ഇ/ ബി.ടെക് (സിവില്‍/ ഇലക്ട്രിക്കല്‍ എഞ്ചിനീയറിങ്) വിദ്യാര്‍ഥികള്‍ക്കാണ് അവസരം. 2024ല്‍ മൊത്തം 70 ശതമാനം മാര്‍ക്കില്‍/ 7.0 സി.ജി.പി.എയില്‍ കുറയാതെ വിജയിക്കുമെന്ന് പ്രതീക്ഷയുള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രായം- 01.07.2024ല്‍ 23 വയസ് കവിയാന്‍ പാടില്ല.
എഴുത്ത് പരീക്ഷ (ടെക്‌നിക്കല്‍ ആന്‍ഡ് ആപ്റ്റിറ്റിയൂഡ്), വ്യക്തിഗത അഭിമുഖം, മെഡിക്കല്‍ ഫിറ്റ്‌നസ് എന്നിവയുടെ അടിസ്ഥാനത്തിലാണ് സെലക്ഷന്‍.
മദ്രാസ്, ഡല്‍ഹി ഐ.ഐ.ടികളിലും തിരുച്ചിറപ്പള്ളി, സൂറത്കല്‍ എന്‍.ഐ.ടികളിലുമാണ് പഠനാവസരം. എല്‍.ആന്‍ഡ്.ടിയുടെ സഹകരണത്തോടെ സെലക്ഷന്‍ നടപടികള്‍ സ്വീകരിക്കുന്നത് ഇതേ സ്ഥാപനങ്ങള്‍ തന്നെയാണ്. നിശ്ചിത ശതമാനം മാര്‍ക്കോടെ എഞ്ചിനീയറിങ് ബിരുദം കരസ്ഥമാക്കുന്നവരെയാണ് അന്തിമമായി തിരഞ്ഞെടുക്കുക. പഠിതാക്കള്‍ക്ക് പ്രതിമാസം 13,400 രൂപ വീതം സ്‌കോളര്‍ഷിപ്പ് ലഭിക്കും.
സ്‌പോണ്‍സര്‍ഷിപ്പ് ഫീസും, ട്യൂഷന്‍ ഫീസും ബന്ധപ്പെട്ട ഐ.ഐ.ടി/ എന്‍.ഐ.ടികള്‍ക്ക് എല്‍ ആന്‍ഡ് ടി കമ്പനി നേരിട്ട് നല്‍കുന്നതാണ്. വിജയകരമായി എം.ടെക് കോഴ്‌സ് പൂര്‍ത്തിയാക്കുന്നവരെ കണ്‍സ്ട്രക്ഷന്‍ കമ്പനിയുടെ പ്രോജക്ട് മാനേജ്‌മെന്റ് ആന്‍ഡ് എക്‌സിക്യൂഷന്‍ വിഭാഗത്തില്‍ ആകര്‍ഷകമായ ശമ്പളത്തില്‍ എഞ്ചിനീയര്‍മാരായി നിയമിക്കും.
വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം www.lntecc.com/careers ല്‍ ബില്‍ഡ് ഇന്ത്യ സ്‌കോളര്‍ഷിപ്പ് ലിങ്കില്‍ ലഭിക്കും. ഓണ്‍ലൈനായി മാര്‍ച്ച് ആറ് വരെ അപേക്ഷിക്കാം. തെരഞ്ഞെടുപ്പിനായുള്ള എഴുത്ത് പരീക്ഷ മാര്‍ച്ച് 31ന് നടത്തും. അഭിമുഖം ഏപ്രിലിലുണ്ടാവും. റിക്രൂട്ട്‌മെന്റിന്റെ ഒരു ഘട്ടത്തിലും ഫീസ് ഈടാക്കുന്നതല്ല. അന്വേഷണങ്ങള്‍ക്ക് [email protected] എന്ന ഇ-മെയിലില്‍ ബന്ധപ്പെടാം.