പശ്ചിമ വാതം (western disturbance) ശക്തിപ്പെട്ടതിനെ തുടര്‍ന്ന് ഹിമാചല്‍ പ്രദേശിലെ പേമാരിയെ തുടര്‍ന്ന് പ്രളയം. കഴിഞ്ഞ ദിവസം കനത്ത മഞ്ഞു വീഴ്ച ഉത്തരാഖണ്ഡിലുണ്ടായതിനും കാരണം പശ്ചിമവാതമാണ്. പാകിസ്ഥാനിലടക്കം കനത്ത മഴ നല്‍കിയാണ് ഇത്തവണ പശ്ചിമവാതം ഇന്ത്യയിലെത്തിയത്.
എന്താണ് പശ്ചിമവാതം
മധ്യധരണ്യാഴി (Mediterranean Sea) യില്‍ നിന്നുള്ള ശൈത്യക്കാറ്റാണിത്. മണ്‍സൂണ്‍ സിസ്റ്റമല്ലാതെയുള്ള ഒരു ന്യൂനമര്‍ദമാണ് ഇതിന് കാരണം. മധ്യ അക്ഷാംശ മേഖലകളിലൂടെയാണ് ഈ കാറ്റ് പ്രവഹിക്കുന്നത്. ശൈത്യകാല മഴയുടെ കാരണം പശ്ചിമവാതമാണ്. മധ്യധരണ്യാഴിയില്‍ നിന്ന് ഇറാന്, തുര്‍ക്കി, അഫ്ഗാനിസ്ഥാന് പാകിസ്ഥാന് വഴി ഇന്ത്യയിലെത്തുകയാണ് പതിവ്. ഇന്ത്യയില്‍ പഞ്ചാബ്, ഹരിയാന, പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, ഹിമാചല്‍ പ്രദേശ് എന്നിവിടങ്ങളിലാണ് ഇതിന്റെ ആഘാതമുണ്ടാകുന്നത്.
മഞ്ഞുവീഴ്ച ഓറഞ്ച് അലര്‍ട്ട്
വടക്കന്‍ സംസ്ഥാനങ്ങളായ ഉത്തരാഖണ്ഡ്, ഹിമാചല്‍ പ്രദേശ്, പഞ്ചാബ് എന്നിവിടങ്ങളില്‍ പശ്ചിമവാതത്തെ തുടര്‍ന്നുള്ള മഴ മുന്നറിയിപ്പുണ്ട്. പലയിടങ്ങളിലും റോഡുകള്‍ അടച്ചു. ഈ സംസ്ഥാനങ്ങളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ജമ്മു കശ്മിരില്‍ താപനില താഴും. രണ്ടു ദിവസമായി ഇവിടെ കനത്ത മഞ്ഞുവീഴ്ചയാണ്. Pawadha-Karnah and Bandipora-Gurez road അടച്ചു. ഇതോടെ നിരവധി പ്രദേശങ്ങള്‍ ഒറ്റപ്പെട്ടു. കനത്ത മഞ്ഞുവീഴ്ച തുടരുമെന്നാണ് മുന്നറിയിപ്പ്.
മഴയും പ്രളയവും
ഹിമാചല്‍ പ്രദേശില്‍ കുളു ഉള്‍പ്പെടെയുള്ള താഴ്ന്ന ജില്ലകളില്‍ തുടര്‍ച്ചയായി മഴ പെയ്തതു കാരണം വ്യാപക നാശനഷ്ടമുണ്ടായതായി റിപ്പോര്‍ട്ടുണ്ട്. നിരവധി വാഹനങ്ങള്‍ ഒഴുകിപ്പോയി. മഴയും മഞ്ഞുവീഴ്ചയും കാരണം സംസ്ഥാനത്തെ അഞ്ച് ദേശീയ പാതകളിലുള്‍പ്പെടെ ഗതാഗതം തടസ്സപ്പെട്ട നിലയിലാണെന്ന് പൊലിസ് അറിയിച്ചു. മലയാളി സഞ്ചാരികളടക്കം വിവിധയിടങ്ങളിലായി കുടുങ്ങി.
റോഡുകളിലെ വെള്ളക്കെട്ടുകളില്‍ കുടുങ്ങിയും ഒഴുകിപ്പോയും നിരവധി വാഹനങ്ങള്‍ക്ക് കേടുപാട് സംഭവിച്ചു. കുളു, മണാലി ഉള്‍പ്പെടെയുള്ള മേഖലകളില്‍ ശക്തമായ മഴയും മഞ്ഞുവീഴ്ചയുമാണ് രണ്ടു ദിവസമായി തുടരുന്നത്.
റോഡുകള്‍ മഞ്ഞു മൂടി, ഒറ്റപ്പെട്ട് ഗ്രാമങ്ങള്‍
മണാലിയില്‍ ഒരടി ഉയരത്തില്‍ മഞ്ഞുവീഴ്ചയുണ്ടായതായി പ്രദേശവാസികള്‍ പറയുന്നു. റോഡുകള്‍ ഇതോടെ മഞ്ഞുമൂടി. കനത്ത മഴയും മഞ്ഞുവീഴ്ചയും കാരണം സംസ്ഥാനത്തെ 583 ഓളം റോഡുകളിലെ ഗതാഗതം ഭാഗികമായോ പൂര്‍ണമായോ തടസ്സപ്പെട്ടതായി പൊതുമരാമത്ത് വകുപ്പ് അറിയിച്ചു. വൈദ്യുതി വിതരണം താറുമാറായി. സംസ്ഥാനത്തെ 279 ജലവിതരണ പദ്ധതികളെയും വെള്ളപ്പൊക്കം ബാധിച്ചു. ലാഹൗള്‍, സ്പിതി, കിന്നൗര്‍ എന്നീ മേഖലകളില്‍ ശക്തമായ മഞ്ഞുവീഴ്ച കാരണം ആളുകള്‍ക്ക് പുറത്തിറങ്ങാന്‍ കഴിയുന്നില്ല. സംസ്ഥാനത്തെ ചമ്പ, കാംഗ്ര, കുളു, മണ്ഡി ജില്ലകളില്‍ കനത്ത മഴയും മഞ്ഞുവീഴ്ചയും തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നത്. മഴ തുടരുന്ന സാഹചര്യത്തില്‍ ആളുകള്‍ പുറത്തിറങ്ങരുതെന്ന് മുഖ്യമന്ത്രി പുഷ്കര്‍ സിങ് ധാമി അറിയിച്ചു.
ഇന്ന് വീണ്ടും ശൈത്യക്കാറ്റ്
മാര്‍ച്ച് 2 ന് വീണ്ടും പശ്ചിമവാതം സജീവമാകുമെന്നാണ് കാലാവസ്ഥാ മുന്നറിയിപ്പ്. മാര്‍ച്ച് 3 ന് മഞ്ഞുവീഴ്ചയും ശൈത്യമഴയും ശക്തമാകും. കാംഗ്ര, ചംബ, ലഹോള്‍ സ്പ്തി എന്നിവിടങ്ങളില്‍ ശക്തമോ, അതിശക്തമോ ആയ മഞ്ഞുവീഴ്ചയുണ്ടാകും. കുളു, മാണ്ഡി എന്നിവിടങ്ങളില്‍ കനത്ത മഴ സാധ്യത. മാര്‍ച്ച് 5 ന് ശേഷമേ ഈ മേഖലകളില്‍ കാലാവസ്ഥ മെച്ചപ്പെടുകയുള്ളൂ.