ജപ്പാനില്‍ ശക്തമായ ഭൂചലനം; സുനാമി മുന്നറിയിപ്പ്
തെക്കുപടിഞ്ഞാറന്‍ ജപ്പാനില്‍ ശക്തമായ ഭൂചലനത്തെ തുടര്‍ന്ന് സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചു. തെക്കുപടിഞ്ഞാറന്‍ ജപ്പാനിലെ ക്യുഷു മേഖലയിലാണ് പ്രാദേശിക സമയം രാത്രി 9.19 ഓടെ ഭൂചലനമുണ്ടായത്. മിയാസാക്കിയില്‍ 36 കി.മി താഴ്ചയിലാണ് ഭൂചലന പ്രഭവ കേന്ദ്രമെന്ന് യു.എസ് ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു.
യു.എസ് ജിയോളജിക്കല്‍ സര്‍വേയുടെ പ്രാഥമിക റിപ്പോര്‍ട്ട് അനുസരിച്ച് ഭൂചലന തീവ്രത 6.9 ആയിരുന്നു. പിന്നീട് 6.8 ആയി നിജപ്പെടുത്തി. ഭൂചലനത്തിന് പിന്നാലെ ജപ്പാന്‍ മീറ്റിയോറോളജിക്കല്‍ ഏജന്‍സി (ജെ.എം.എ) സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചു. തിരമാലകള്‍ക്ക് മൂന്നു മീറ്ററിലധികം ഉയരമുണ്ടാകുമെന്ന് കാലാവസ്ഥാ ഏജന്‍സി അറിയിച്ചു.
യൂറോപ്യന്‍ മെഡിറ്ററേനിയന്‍ സീസ്‌മോളജിക്കല്‍ സെന്ററിന്റെ റിപ്പോര്‍ട്ട് പ്രകാരം 37 കി.മി താഴ്ചയിലാണ് ഭൂചലന പ്രഭവ കേന്ദ്രം. ഹ്യൂഗ- നാഡ കടലിലാണ് ഭൂചലനമുണ്ടായത്. അതിനാലാണ് സമീപത്തെ തീരങ്ങളില്‍ സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചത്. നാശനഷ്ടമോ ആളപായമോ ജപ്പാന്‍ പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
ഭൂചലന മേഖലയായ ജപ്പാനില്‍ കഴിഞ്ഞ വര്‍ഷം തെക്കുപടിഞ്ഞാറന്‍ ദ്വീപുകളില്‍ 6.9, 7.1 തീവ്രതയുള്ള ഭൂചലനങ്ങള്‍ രേഖപ്പെടുത്തിയിരുന്നു. ജനുവരി 7 നാണ് ചൈനയിലെ ടിബറ്റില്‍ 7.1 തീവ്രതയുള്ള ഭൂചലനത്തില്‍ 126 പേര്‍ മരിച്ചത്.