ഭക്ഷണം പാഴാക്കാതിരിക്കു, കാലാവസ്ഥാ വ്യതിയാനം തടയാം, 15.3 കോടി പേരുടെ വിശപ്പകറ്റാം
നാം പാഴാക്കുന്ന ഭക്ഷണം കുറയ്ച്ചാല്‍ കാലാവസ്ഥാ വ്യതിയാനവും കുറയ്ക്കാം. ഭക്ഷ്യമാലിന്യങ്ങള്‍ പകുതിയായി കുറയ്ക്കുന്നതിലൂടെ കാലാവസ്ഥാ വ്യതിയാനം കുറയ്ക്കാനാകുമെന്നും ആഗോള തലത്തില്‍ 15.3 കോടി പേര്‍ക്ക് വിശപ്പകറ്റാന്‍ സഹായിക്കുമെന്നും പഠനം. എക്‌ണോമിക് കോര്‍പറേഷന്‍ ആന്റ് ഡവലപ്‌മെന്റ് (ഒ.ഇ.സി.ഡി)യും യു.എന്‍ ഫുഡ് ഏജന്‍സിയും തയാറാക്കിയ സംയുക്ത റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്.
കാലാവസ്ഥാ വ്യതിയാനത്തെ തുടര്‍ന്ന് പട്ടിണി വര്‍ധിക്കുന്ന സാഹചര്യത്തിലാണിത്. കാലാവസ്ഥാ വ്യതിയാനം ഭക്ഷ്യോത്പാദനങ്ങളുടെ ക്ഷാമത്തിന് ഇടയാക്കും. വന്‍തോതില്‍ കൃഷിനാശം നടക്കുന്നത് ലോകത്തെ ഭക്ഷ്യപ്രതിസന്ധിയിലെത്തിക്കും. ഈ സാഹചര്യത്തിലാണ് പാഴാക്കുന്ന ഭക്ഷണത്തിന്റെ അളവിനെ കുറിച്ച് പഠനം നടന്നത്. 2030 ഓടെ ലോകത്ത് പട്ടിണിയില്‍ കഴിയുന്നവരുടെ എണ്ണത്തില്‍ വര്‍ധനവുണ്ടാകുമെന്നും പഠനം പറയുന്നു.
മനുഷ്യ ഉപയോഗത്തിനായി ഉല്‍പാദിപ്പിക്കപ്പെടുന്ന ഭക്ഷണത്തിന്റെ മൂന്നിലൊന്നും ആഗോളതലത്തില്‍ പാഴാക്കപ്പെടുകയോ നഷ്ടപ്പെടുത്തുകയോ ചെയ്യുന്നുവെന്നാണ് ഫുഡ് ആന്റ് അഗ്രികള്‍ച്ചര്‍ ഓര്‍ഗനൈസേഷന്‍ പറയുന്നത്. 2033 ആകുമ്പോഴേക്കും പാഴാകുന്ന കലോറി ഉത്പാദനത്തിന്റെ അളവ് താഴ്ന്ന വരുമാനക്കാരായ രാജ്യങ്ങളില്‍ ഒരു വര്‍ഷം ഉപയോഗിക്കുന്ന കലോറിയുടെ ഇരട്ടിയിലധികമാകും.
2033 ആകുമ്പോഴേക്കും കൃഷിയിടങ്ങളില്‍ നിന്നും കടകളിലും വീടുകളിലും എത്തുന്ന ഭക്ഷ്യോത്പന്നങ്ങളുടെ കലോറിയുടെ അളവ് താഴ്ന്ന വരുമാനമുള്ള രാജ്യങ്ങളില്‍ ഒരു വര്‍ഷം ഉപയോഗിക്കുന്ന കലോറിയുടെ ഇരട്ടിയിലധികമാകുമെന്ന് റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നു.
കൃഷിയിടത്തില്‍ നിന്ന് വയറ്റിലേക്കുള്ള ഭക്ഷണം പാഴാക്കുന്നതിന്റെ അളവ് പകുതിയായി കുറയ്ക്കുന്നത് ‘ആഗോള കാര്‍ഷിക ഹരിതഗൃഹ വാതക പുറന്തള്ളല്‍ നാല് ശതമാനവും പോഷകാഹാരക്കുറവുള്ളവരുടെ എണ്ണം 2030 ഓടെ 15.3 കോടിയും കുറയ്ക്കാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
ഉപഭോക്താക്കളും ഭക്ഷ്യ ഉത്പാദകരും ശ്രദ്ധിച്ചാല്‍ ഇത് നടപ്പാക്കാനാകും. കൃഷി, വനം, മറ്റ് ഭൂവിനിയോഗം എന്നിവയാണ് ആഗോള ഹരിതഗൃഹ വാതക പുറന്തള്ളലിന്റെ അഞ്ചിലൊന്ന്.
സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ ഭാഗമായി 2030 ഓടെ ആളോഹരി ഭക്ഷ്യ മാലിന്യങ്ങള്‍ 50 ശതമാനം കുറയ്ക്കാന്‍ യു.എന്‍ അംഗ രാജ്യങ്ങള്‍ പ്രതിജ്ഞാബദ്ധമാണെങ്കിലും ഉല്‍പാദന വിതരണ ശൃംഖലയില്‍ ഭക്ഷ്യനഷ്ടം കുറയ്ക്കുന്നതിന് ആഗോള ലക്ഷ്യമില്ല.
2021 നും 2023 നും ഇടയില്‍, നഷ്ടപ്പെട്ടതും പാഴാക്കിയതുമായ ഭക്ഷണത്തിന്റെ പകുതിയിലധികം പഴങ്ങളും പച്ചക്കറികളുമാണ്, അവയുടെ വളരെ നശിക്കുന്ന സ്വഭാവവും താരതമ്യേന കുറഞ്ഞ ഷെല്‍ഫ് ആയുസ്സും ആണ് ഇതിനു പ്രധാന കാരണം.
2030 ഓടെ ഏകദേശം 60 കോടി പേര്‍ പട്ടിണി നേരിടേണ്ടിവരുമെന്ന് എഫ്.എ.ഒ കണക്കാക്കുന്നു.
‘ഭക്ഷ്യനഷ്ടവും മാലിന്യവും കുറയ്ക്കുന്നതിനുള്ള നടപടികള്‍ കൂടുതല്‍ ഭക്ഷണം ലഭ്യമാക്കുകയും വില കുറയ്ക്കുകയും ചെയ്യുന്നതിനാല്‍ ലോകമെമ്പാടുമുള്ള ഭക്ഷണ ഉപഭോഗം ഗണ്യമായി വര്‍ദ്ധിപ്പിക്കുകയും താഴ്ന്ന വരുമാനക്കാര്‍ക്ക് കൂടുതല്‍ ഭക്ഷണ ലഭ്യത ഉറപ്പാക്കുകയും ചെയ്യുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
കാലാവസ്ഥ അപ്‌ഡേറ്റായിരിക്കാന്‍ താഴെ കൊടുത്ത ഞങ്ങളുടെ ഗ്രൂപ്പുകളില്‍ ചേരാം.