വടക്കൻ കേരളത്തിലെ ആദ്യ എക്സ്ബാന്‍റ് റഡാർ വയനാട്ടിൽ; ധാരണാപത്രം ഒപ്പുവച്ചു
വടക്കൻ കേരളത്തിലെ ആദ്യ എക്സ്ബാന്‍റ് റഡാർ വയനാട്ടിൽ വരും. കാലാവസ്ഥ നിരീക്ഷണത്തിനായുള്ള എക്സ്ബാൻഡ് റഡാർ സ്ഥാപിക്കാൻ ഏറെ പരിശോധനകള്‍ക്ക് ശേഷമാണ് വയനാട്ടിലെ പഴശ്ശിരാജ കോളേജ് ക്യാപസ് ഐ.എം.ഡി കണ്ടെത്തിയിട്ടുള്ളത്. റഡാർ സ്ഥാപിക്കാനായി മുപ്പത് സെന്‍റ് സ്ഥലം മുപ്പത് വർഷത്തേക്ക് കോളേജ് സർക്കാരിന് നൽകും.
റഡാർ സ്ഥാപിക്കുന്നതിനുള്ള ധാരണാപത്രം മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തിൽ ബത്തേരി രൂപത വികാരി ജനറൽ ഫാദർ സെബാസ്റ്റ്യൻ കീപ്പള്ളി, തിരുവനന്തപുരം കാലാവസ്ഥാ കേന്ദ്രം മേധാവി ഡോ. നീതാ ഗോപാൽ, സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മെംബർ സെക്രട്ടറി ഡോ. ശേഖർ എൽ. കുര്യാക്കോസ് എന്നിവർ ഒപ്പുവച്ചു.
റവന്യൂ വകുപ്പ് മന്ത്രി കെ. രാജൻ, ധനകാര്യ വകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ, ചീഫ് സെക്രട്ടറി ഡോ എ ജയതിലക്, മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവ് എം.സി. ദത്തൻ, ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൌൺസിൽ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ഡോ. കെ.പി സുധീർ, സുൽത്താൻ ബത്തേരി ശ്രേയസ് ഡയറക്ടർ ഫാദർ ഡേവിഡ് ആലുങ്കൽ തുടങ്ങിയവർ പങ്കെടുത്തു.
മുണ്ടക്കൈ ചൂരല്‍മല ഉരുൾപ്പൊട്ടൽ ദുരന്തത്തിന് ശേഷമാണ് കാലാവസ്ഥ നിരീക്ഷണത്തിനായി എക്സ്ബാന്‍റ് റഡാർ സ്ഥാപിക്കാനുള്ള തീരുമാനം കാലാവസ്ഥ വകുപ്പ് എടുത്തത്. 2010 മുതല്‍ വടക്കൻ കേരളത്തിൽ ഒരു റഡാർ വേണമെന്ന ആവശ്യം ഉയരുന്നുണ്ടായിരുന്നു. നിലവില്‍ കൊച്ചിയില്‍ ഒരു എസ് ബാന്‍റ് റഡാറും തിരുവന്തപുരത്ത് ഐഎസ്ആർഒയുടെ സി ബാന്‍റ് റഡാറും ആണുള്ളത്. ഈ റഡാർ വരുന്നതോടുകൂടെ വടക്കൻ കേരളത്തെ കൂടാതെ തമിഴ്നാട് കർണാടക സംസ്ഥാനങ്ങള്‍ക്കും കൂടി ഗുണം ലഭിക്കുന്ന രീതിയിലാണ് പുല്‍പ്പള്ളി പഴശ്ശി രാജ കോളേജില്‍ സ്ഥാപിക്കുന്ന എക്സ് ബാന്‍റ് റഡാറിന്‍റെ പ്രവർത്തനം.
വടക്കൻ ജില്ലകളിൽ കേരളത്തിൽ നിലവിലുള്ള റഡാറിന്റെ സേവനം ലഭ്യമല്ല. വളരെ പരിമിതമായ വിവരങ്ങൾ മാത്രമാണ് ഈ റഡാറുകളിൽ നിന്ന് കിട്ടുന്നത്. അതിനാൽ ഈ കുറവ് പരിഹരിക്കാൻ വേണ്ടിയാണ് വയനാട്ടിൽ പുതിയ റഡാർ സ്ഥാപിക്കാൻ തീരുമാനമെടുത്തത്. വയനാട്ടിൽ ഈ റഡാർ വരുന്നതോടുകൂടി വടക്കൻ ജില്ലകളിലെ കാലാവസ്ഥ നിരീക്ഷണം കൂടുതൽ കാര്യക്ഷമം ആകും എന്നും പ്രവചനങ്ങൾ കൂടുതൽ കൃത്യമായി നൽകാൻ കഴിയുമെന്നും ഐ.എം.ഡി ഡയറക്ടർ നിത കെ. ഗോപാൽ പറഞ്ഞു.
ബീം ബ്ലോക്കേജ് ടെസ്റ്റിലൂടെ റഡാർ സ്ഥാപിക്കാൻ ഏറ്റവും അനുയോജ്യമെന്ന് കണ്ടെത്തിയ സ്ഥലം പഴശ്ശിരാജ കോളേജിന്‍റെ ക്യാമ്പസ് ആണെന്ന് ഐ.എം.ഡി പറഞ്ഞു. സ്ഥലം നല്‍കുന്നതിന് കോളേജ് അധികൃതരും സന്നദ്ധത അറിയിച്ചു. പഴശ്ശിരാജ കോളേജില്‍ സ്ഥാപിക്കുന്ന എക്സ് ബാന്‍റ് റഡാർ കഴിഞ്ഞ വർഷം ഉത്തരാഖണ്ഡിലും സ്ഥാപിച്ചിരുന്നു . വയനാട്ടിലേക്ക് ഉള്ള റഡാർ ബെഗളൂരുവിലെ ഭെല്ലിലാണ് നിർമ്മിക്കുക.
Tag :South India’s first X-band radar in Wayanad; MoU signed