രാത്രി മഞ്ഞും പകല്‍ പൊള്ളുന്ന ചൂടും, ഇലകരിയല്‍ രോഗം ബാധിച്ച് നെല്‍കൃഷി കരിയുന്നു
ജനുവരിയിലെ കനത്ത മഴക്ക് പിന്നാലെ രാത്രി മഞ്ഞും പകല്‍ പൊള്ളുന്ന ചൂടും കാരണം കോള്‍പാടത്ത് നെല്ലിന് ഇലകരിച്ചില്‍ രോഗം. മലപ്പുറം തൃശൂര്‍ ജില്ലകളിലെ പുന്നിയൂര്‍കുളം, എരമംഗലം, പൊന്നാനി മേഖലകളിലെ പാടങ്ങളില്‍ ആയിരത്തോളം ഏക്കര്‍ പാടശേഖരത്തിലാണ് ഇലകരിച്ചില്‍ രോഗം ശ്രദ്ധയില്‍പ്പെട്ടത്. ഈയിടെ നടീല്‍ പൂര്‍ത്തിയാക്കിയ പാടങ്ങളിലാണ് രോഗം പടരുന്നത്. വൈറസാണ് രോഗാണുവെന്നും ഇത് പടരാന്‍ കാലാവസ്ഥാ മാറ്റം അനുകൂലമാകുകയാണെന്നും കര്‍ഷകര്‍ പറയുന്നു.
രോഗം പടരുന്നതോടെ കടമെടുത്തും ബാങ്ക് വായ്പയെടുത്തും ലക്ഷങ്ങള്‍ മുടക്കി വിത്തിറക്കിയ കര്‍ഷകര്‍ പ്രതിസന്ധിയിലായി. പരമ്പരാഗത കാര്‍ഷിക കലണ്ടര്‍പ്രകാരമാണ് ഇപ്പോഴും നാട്ടില്‍ കര്‍ഷകര്‍ കൃഷിയിറക്കുന്നത്. കാലാവസ്ഥാ വ്യതിയാന കാലത്ത് പ്രതീക്ഷിച്ചതുപോലെ അന്തരീക്ഷം അനുകൂലമാകുന്നില്ല. ഇതാണ് രോഗബാധക്കും വിളനാശത്തിനും കാരണമാകുന്നതെന്നാണ് കാലാവസ്ഥാ വിദഗ്ധര്‍ പറയുന്നത്.
മലപ്പുറം, തൃശൂര്‍ ജില്ലകളിലെ പൊന്നാനിയില്‍ കൃഷിയിറക്കി 10 ദിവസത്തിനകം തന്നെ രോഗബാധയുണ്ടായി. നെല്‍ച്ചെടിയുടെ ഇലകള്‍ ഉണങ്ങുന്നതാണ് ലക്ഷണം. നടീല്‍ നടത്തിയ പാടങ്ങളില്‍ നെല്‍ച്ചെടികളുടെ കുറ്റികള്‍ മാത്രമാണ് അവശേഷിക്കുന്നത്.
പെരുമ്പടപ്പ്, എടപ്പാള്‍, പോര്‍ക്കുളം, പുന്നയൂര്‍ക്കുളം പഞ്ചായത്തുകളിലായി ആയിരത്തിന് മുകളില്‍ പാടശേഖരത്ത് ഇലകരിച്ചിലുണ്ടായന്നാണ് കൃഷി വകുപ്പിന്റെ പ്രാഥമിക കണക്ക്. കാലാവസ്ഥ മോശമായി തുടര്‍ന്നാല്‍ വിളനാശം രൂക്ഷമാകാനാണ് സാധ്യത. ഈയിടെ നടീല്‍ പൂര്‍ത്തിയാക്കിയ പാടശേഖരങ്ങളിലേക്കും രോഗം ബാധിക്കുമോയെന്നാണ് ആശങ്ക. രോഗം ബാധിച്ച സ്ഥലങ്ങളില്‍ നടീല്‍ നടത്തിയവ ഒഴിവാക്കി പുതിയ ഞാറുകള്‍ നടേണ്ടി വരും. പ്രതികൂല കാലവസ്ഥയ്ക്കു പുറമേ കോള്‍ മേഖലയിലെ ജലത്തിലൂടെയും വൈറസ് ബാധിക്കുന്നുണ്ട്. ഇതാണ് രോഗം വേഗത്തില്‍ പടര്‍ന്നു പിടിക്കാന്‍ കാരണമായെന്നാണ് അധികൃതരുടെ വിശദീകരണം.
രോഗം കണ്ടുതുടങ്ങിയ പാടശേഖരങ്ങളില്‍ കൃഷി വകുപ്പ് നിര്‍ദേശിക്കുന്ന രീതിയില്‍ കുമ്മായവും ബ്ലീച്ചിങ് പൗഡറും ഉപയോഗിക്കണമെന്ന് കൃഷി വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചിട്ടുണ്ട്.