2050 ആകുമ്പോഴേക്കും രണ്ട് ഇന്ത്യൻ നഗരങ്ങൾ ഉൾപ്പെടെ വിവിധ നഗരങ്ങൾ വെള്ളത്തിനടിയിലാകും

2050 ആകുമ്പോഴേക്കും രണ്ട് ഇന്ത്യൻ നഗരങ്ങൾ ഉൾപ്പെടെ വിവിധ നഗരങ്ങൾ വെള്ളത്തിനടിയിലാകും

ഭൂമിയുടെ 71 ശതമാനം ഭാഗവും വെള്ളത്താല്‍ മൂടപ്പെട്ട് കിടക്കുന്നുവെന്ന് കണക്കുകള്‍. അതായത് ഭൂമിയുടെ മൂന്നില്‍ രണ്ട് ഭാഗത്തിലേറെയും വെള്ളമാണെന്നാണ് കണക്കുകൾ. ഈ കണക്കുകള്‍ വര്‍ധിച്ച് വരുന്നു. കടല്‍ കൂടുതല്‍ പ്രദേശത്തേക്ക് കയറി കരയുടെ അളവ് കുറഞ്ഞു വരികയാണ് . സമുദ്രനിരപ്പ് പ്രതിവര്‍ഷം കണക്കാക്കിയതിനേക്കാള്‍ വേഗത്തിലാണ് ഇപ്പോള്‍ ഉയർന്നുകൊണ്ടിരിക്കുന്നത്. സമുദ്രനിരപ്പ് ഉയരുന്നതോടെ ഇന്നത്തെ പല തീരദേശ നഗരങ്ങളും വെള്ളത്തിനിടയിലാകുമെന്ന് നേരത്തെ കാലാവസ്ഥ വിദഗ്ദര്‍ മുന്നറിയിപ്പ് നൽകിയിട്ടുള്ളതാണ് . 2050 ഓടെ കടലിലാകുമെന്ന് പ്രവചിക്കപ്പെടുന്ന നഗരങ്ങളില്‍ ലോകത്തിലെ വമ്പന്‍ നഗരങ്ങള്‍ വരെ ഉണ്ട്. ബാങ്കോക്കും ലണ്ടനും മുതല്‍ നമ്മുടെ മുംബൈയും കൊല്‍ക്കത്തയും വരെ വെള്ളത്തിനടിയിലാകുന്ന നഗരങ്ങളുടെ ലിസ്റ്റില്‍ ഉൾപ്പെടുന്നു. ഒരു ഭാഗം പൂര്‍ണമായും കടലിനോട് ചേര്‍ന്ന് കിടക്കുന്ന കേരളത്തിന്റെ കാര്യവും ഇതില്‍ പരിഗണിക്കേണ്ട കാര്യമാണ്. കൊല്ലം ജില്ലയിലെ ആലപ്പാട് പോലുള്ള പ്രദേശങ്ങള്‍ വെള്ളത്തിനടിയിലാകാന്‍ തുടങ്ങിയിട്ട് കുറെ നാളായി .

2024 ല്‍ ലോകമെമ്പാടും പ്രതീക്ഷിച്ചതിലും വേഗത്തില്‍ സമുദ്രനിരപ്പ് ഉയര്‍ന്നു എന്ന് അമേരിക്കയുടെ നാസ ബഹിരാകാശ ഏജന്‍സിയുടെ പുതിയ കണ്ടെത്തലുകള്‍ പറയുന്നുണ്ട്. സമുദ്രങ്ങളുടെ ചൂടും ഹിമാനികള്‍ ഉരുകുന്നതും ഇതിന് കാരണമായി നാസ ചൂണ്ടി കാണിക്കുന്നു. 2024 ഭൂമിയിലെ ഏറ്റവും ചൂടേറിയ വര്‍ഷമായിരുന്നു എന്നും നാസ. സെന്റിനല്‍6 മൈക്കല്‍ ഫ്രീലിച്ച് ഉപഗ്രഹം വഴി ലഭിച്ച വിവരങ്ങളെ അടിസ്ഥാനമാക്കി നാസ നടത്തിയ പഠനമനുസരിച്ച്, കഴിഞ്ഞ വര്‍ഷം സമുദ്രനിരപ്പ് ഉയരുന്നതിന്റെ നിരക്ക് പ്രതിവര്‍ഷം 0.59രാ (0.23 ഇഞ്ച്) ആണ്. ഇത് ഓരോ വര്‍ഷത്തെയും പ്രാരംഭ പ്രതീക്ഷിത കണക്കായ 0.43രാ (0.17 ഇഞ്ച്) നേക്കാള്‍ കൂടുതലായി വരു.

ഇതുവരെ രേഖപ്പെടുത്തിയതില്‍ വച്ച് ഏറ്റവും ചൂടേറിയ വർഷമായി 2024 മാറി, ഭൂമിയുടെ സമുദ്രങ്ങള്‍ വികസിക്കുന്നത് മൂന്ന് പതിറ്റാണ്ടിനിടയിലെ ഏറ്റവും ഉയര്‍ന്ന നിലയിലെത്തിയെന്ന് നാസയുടെ ഭൗതിക സമുദ്രശാസ്ത്ര പരിപാടികളുടെയും സംയോജിത ഭൂമി സിസ്റ്റം ഒബ്‌സര്‍വേറ്ററിയുടെയും തലവനായ നാദ്യ വിനോഗ്രഡോവ ഷിഫര്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം ലോക സമുദ്രങ്ങളിലെ വെള്ളത്തിന്റെ ഉയര്‍ച്ച പ്രതീക്ഷിച്ചതിലും കൂടുതലാണ് എന്ന് നാസയിലെ സമുദ്രനിരപ്പ് ഗവേഷകനായ ജോഷ് വില്ലിസ് കൂട്ടിച്ചേർത്തു. കൂടാതെ ഓരോ വര്‍ഷവും മാറ്റങ്ങള്‍ സംഭവിക്കുന്നുണ്ടെങ്കിലും, ഉയര്‍ച്ചയുടെ നിരക്ക് കൂടുതല്‍ വേഗത്തിലാകുന്നു എന്നത് ആശങ്കയുള്ള കാര്യമാണെന്നും അദ്ദേഹം.

1993 ലാണ് സമുദ്രനിരപ്പിന്റെ ഉയരം സംബന്ധിച്ച ഉപഗ്രഹ റെക്കോര്‍ഡിംഗുകള്‍ നടത്തുന്നത് ആരംഭിച്ചത്. ഈ കണക്ക് പ്രകാരം 2023 വരെയുള്ള മൂന്ന് ദശകങ്ങളില്‍, സമുദ്രനിരപ്പ് ഉയരുന്നതിന്റെ നിരക്ക് ഇരട്ടിയിലധികമായി വർദ്ധിച്ചിട്ടുണ്ട്. ഇക്കാലയളവില്‍ ലോകമെമ്പാടുമുള്ള ശരാശരി സമുദ്രനിരപ്പ് മൊത്തത്തില്‍ 10 സെന്റീമീറ്റര്‍ (3.93 ഇഞ്ച്) വര്‍ധിച്ചതായി നാസയുടെ കണ്ടെത്തൽ . സമുദ്രനിരപ്പ് ഉയരുന്നത് മനുഷ്യ പ്രേരിത കാലാവസ്ഥാ വ്യതിയാനത്തിന്റെ അനന്തരഫലങ്ങളില്‍ ഒന്നായാണ് കണക്കാക്കുക. കടല്‍ നിരപ്പ് ഉയരുന്നത് ഹരിതഗൃഹ വാതക ഉദ്‌വമനം മൂലമുണ്ടാകുന്ന മാറ്റങ്ങളില്‍ പ്രധാനമാണ്. ഭൂമിയുടെ ശരാശരി ഉപരിതല താപനിലയിലെ വര്‍ധനയാണ് കടല്‍ ജലം വര്‍ധിക്കുന്നതിലേക്ക് എത്തുന്നത്. സ്വാഭാവികമായും കടലില്‍ ജലം ഉയരുന്നതോടെ അത് കരയിലേക്ക് കയറുകയും നിലവിലെ നിര്‍മിതികള്‍ ഉള്‍പ്പെടെ തകർന്നു പോവുകയും ചെയ്യും .

മഞ്ഞുപാളികളും ഹിമാനികളും ഉരുകുന്നത് മൂലം കരയില്‍ നിന്നുള്ള അധിക ജലമാണ് സമുദ്രനിരപ്പ് ഉയരുന്നതിന്റെ മൂന്നില്‍ രണ്ട് ഭാഗത്തിനും കാരണമെന്നാണ് നാസ പറയുന്നത്. അന്റാര്‍ട്ടിക്, ഗ്രീലാന്‍ഡ് തുടങ്ങി ഹിമാലയന്‍ പര്‍വതങ്ങള്‍ വരെ ഇത്തരത്തില്‍ ജലനിരപ്പ് ഉയരുന്നതിന് കാരണമാകുന്നുണ്ട് . ഇത്തരം സംഭവങ്ങള്‍ക്ക് പ്രകൃതി ചൂഷണം തന്നെയാണ് പ്രധാന കാരണമായി വിദഗ്ദര്‍ പറയുന്നത്. മഞ്ഞുരുകല്‍ വഴിയാണ് പ്രധാനമായും എല്ലാതവണയും ജലനിരപ്പ് വര്‍ധിക്കുന്നത് എങ്കിലും 2024ല്‍ സമുദ്രനിരപ്പിലെ വര്‍ദ്ധനവിന് പ്രധാന കാരണം ജലത്തിന്റെ താപ വികാസമാണ്. സമുദ്രജലം ചൂടാകുമ്പോള്‍ അല്ലെങ്കില്‍ വികസിക്കുക വഴി ഇത് വര്‍ധനവിന്റെ മൂന്നില്‍ രണ്ട് ഭാഗത്തിനും കാരണമായിട്ടുണ്ട് .

സമുദ്രനിരപ്പ് ഉയരുന്നത് മൂലം ദ്വീപുകളിലോ തീരപ്രദേശങ്ങളിലോ താമസിക്കുന്ന നിരവധി ആളുകള്‍ക്ക് ഭീഷണിയുണ്ടെന്ന് ഐക്യരാഷ്ട്രസഭ മുന്നറിയിപ്പ് നൽകുകയും ചെയ്തിട്ടുണ്ട് . ഇന്ത്യ, ബംഗ്ലാദേശ്, ചൈന, നെതര്‍ലാന്‍ഡ്‌സ് എന്നിവയുടെ താഴ്ന്ന തീരപ്രദേശങ്ങളും പസഫിക്, ഇന്ത്യന്‍ മഹാസമുദ്രങ്ങളിലെ ദ്വീപ് രാഷ്ട്രങ്ങളും പ്രത്യേക ആശങ്കാജനകമായ മേഖലകളായി അടയാളപ്പെടുത്തിയതാണ് .

2050 ന് മുന്‍പ് കടലിനടിയിലാകാന്‍ സാധ്യതയുള്ള നഗരങ്ങള്‍

അടുത്ത മൂന്ന് പതിറ്റാണ്ടിനുള്ളില്‍ സമുദ്രജലം ഉയരുന്നത് നിരവധി തീരദേശ കര പ്രദേശങ്ങളെ പൂര്‍ണ്ണമായും വെള്ളത്തില്‍ മുക്കും. കാര്യമായ പരിഹാര നടപടികള്‍ ഉടന്‍ സ്വീകരിച്ചില്ലെങ്കില്‍, 2050 ആകുമ്പോഴേക്കും ലോകമെമ്പാടും ചില അവിശ്വസനീയമായ സ്ഥലങ്ങള്‍ വെള്ളത്തിൽ മുങ്ങിയേക്കാം. ലോകത്തിലെ ഏറ്റവും വലിയ ചില നഗരങ്ങള്‍ക്ക് ഈ നൂറ്റാണ്ടിന്റെ അവസാനത്തോടെ അറ്റ്‌ലാന്റിസിന് സംഭവിച്ച അതേ വിധി നേരിടേണ്ടി വന്നേക്കാം എന്നും പഠനങ്ങള്‍ പറയുന്നുണ്ട്.

ഇതിനകം തന്നെ ലോകത്തിലെ ഏറ്റവും ജനസാന്ദ്രതയുള്ള ചില തീരപ്രദേശങ്ങള്‍ കടല്‍ വിഴുങ്ങിക്കൊണ്ടിരിക്കുകയാണ്. മറ്റേതൊരു തരത്തിലുള്ള പ്രകൃതി ദുരന്തത്തേക്കാളും കൂടുതല്‍ ആളുകളെ ബാധിക്കുന്ന വെള്ളപ്പൊക്കങ്ങള്‍ കൂടുതല്‍ പതിവായി മാറുകയും ശതകോടിക്കണക്കിന് ഡോളറിന്റെ നാശനഷ്ടങ്ങള്‍ വരുത്തിവയ്ക്കുകയും അധികൃതർ .

സമുദ്രനിരപ്പ് ഉയരുന്നത് മൂലം നിലവില്‍ ഭീഷണി നേരിടുന്ന ചില പ്രധാന പ്രദേശങ്ങള്‍

ലണ്ടന്‍, യുകെ

തെംസ് നദീതീരത്ത് കൂടുതല്‍ വെള്ളപ്പൊക്കമുണ്ടാകുന്നതിനാല്‍, മറ്റ് പ്രധാന നഗരങ്ങളോടൊപ്പം ലണ്ടനും മുങ്ങിപ്പോകാനുള്ള സാധ്യതയുണ്ടെന്ന് ക്ലൈമറ്റ് സെന്‍ട്രല്‍ റിപ്പോര്‍ട്ട്. സമൂലമായ തീരദേശ ശക്തിപ്പെടുത്തല്‍ തന്ത്രങ്ങള്‍ ഇല്ലെങ്കില്‍, ഉയര്‍ച്ച മൂലം തലസ്ഥാനത്തിന്റെ വലിയൊരു ഭാഗം വെള്ളത്തിനടിയിലായേക്കും

ബാങ്കോക്ക്, തായ്‌ലന്‍ഡ്

ഏകദേശം 11 ദശലക്ഷം ആളുകള്‍ താമസിക്കുന്ന തായ്‌ലന്‍ഡിന്റെ വിശാലമായ തലസ്ഥാനം മുങ്ങിക്കൊണ്ടിരിക്കുന്നു, ക്ലൈമറ്റ് സെന്‍ട്രലിന്റെ ഡാറ്റ പ്രകാരം സമുദ്രനിരപ്പ് ഉയരുന്നത് ഏറ്റവും കൂടുതല്‍ ബാധിക്കപ്പെടുന്ന നഗരങ്ങളില്‍ ഒന്നാമതാണ് ബാങ്കോക്ക് നഗരം.

ജക്കാര്‍ത്ത, ഇന്തോനേഷ്യ

ജക്കാര്‍ത്ത ഇന്തോനേഷ്യയുടെ തലസ്ഥാനവും ഏറ്റവും വലിയ നഗരവുമാണ്. 2024 ല്‍ ഇവിടെ ജനസംഖ്യ 11.4 ദശലക്ഷമായി. ജാവ ദ്വീപിന്റെ വടക്കന്‍ തീരത്ത് സ്ഥിതി ചെയ്യുന്ന ഇത് തെക്കുകിഴക്കന്‍ ഏഷ്യയുടെ ഒരു പ്രധാന സാമ്പത്തിക കേന്ദ്രവുമാണ്. ലോകത്തിലെ ഏറ്റവും വേഗത്തില്‍ മുങ്ങിക്കൊണ്ടിരിക്കുന്ന നഗരങ്ങളിലൊന്നായും ജക്കാര്‍ത്ത അറിയപ്പെടുന്നുണ്ട്. ഈ പ്രശ്‌നം വളരെ രൂക്ഷമായതിനാല്‍ ഇന്തോനേഷ്യന്‍ സര്‍ക്കാര്‍ രാജ്യതലസ്ഥാനം ജക്കാര്‍ത്തയില്‍ നിന്ന് മാറ്റാന്‍ തീരുമാനിച്ചു.

മുംബൈ, ഇന്ത്യ

ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനവും ലോകത്തിലെ ഏറ്റവും വലിയ നഗരങ്ങളിലൊന്നുമായ മുംബൈ വലിയതോതില്‍ തുടച്ചുനീക്കപ്പെടാനുള്ള സാധ്യതയുണ്ടെന്ന് കാലാവസ്ഥാ പ്രവചനങ്ങള്‍ സൂചന നൽകുന്നു. മുംബൈ തുറമുഖ തീരത്തിന് അഭിമുഖമായി സ്ഥിതി ചെയ്യുന്ന ഇന്ത്യയുടെ കവാടമായ ഗേറ്റ്‌വേ ഓഫ് ഇന്ത്യ, എലിഫന്റ ദ്വീപിലെ പാറയില്‍ കൊത്തിയെടുത്ത ഗുഹകളുടെ ഒരു പുരാതന സമുച്ചയം എന്നിവ അറബിക്കടലില്‍ മുങ്ങി പോകാൻ സാധ്യത ഏറെയാണ്. രാജ്യത്തെ പ്രമുഖ കോടീശ്വരന്മാര്‍, ക്രിക്കറ്റ് താരങ്ങള്‍, മുതല്‍ ബോളിവുഡ് താരങ്ങള്‍ വരെ ഈ പ്രദേശത്തുണ്ട്. ഇന്ത്യയിലെ ഏറ്റവും വലിയ ചേരിയായ ധാരാവി കൂടി ഉള്‍പ്പെട്ട പ്രദേശമാണ് ഇത്.

കൊല്‍ക്കത്ത

2050 ആകുമ്പോഴേക്കും പൂര്‍ണ്ണമായും വെള്ളത്തിനടിയിലേക്ക് മുങ്ങാന്‍ സാധ്യതയുള്ള ഇന്ത്യയിലെ മറ്റൊരു ജനസാന്ദ്രതയുള്ള, തീരദേശ നഗരമാണ് ഇത്. ബംഗാള്‍ ഉള്‍ക്കടലിലേക്ക് ഒഴുകുന്ന (അറബിക്കടലിനേക്കാള്‍ മൂന്നര മടങ്ങ് വേഗത്തില്‍ ജലനിരപ്പ് ഉയരുമെന്ന് കരുതപ്പെടുന്ന) ഹൂഗ്ലി നദിയുടെ കിഴക്കന്‍ കരയിലാണ് ഈ നഗരം. അതിനാല്‍ അപകടഭീഷണി മുംബൈയെക്കാള്‍ കൂടുതല്‍ ഉള്ള നഗരം കൂടിയാണ് കൊല്‍ക്കത്ത. ഇന്ത്യയുടെ സാംസ്‌കാരിക തലസ്ഥാനം എന്നറിയപ്പെടുന്ന കൊല്‍ക്കത്ത കൊളോണിയല്‍ കാലഘട്ടത്തിലെ ഗംഭീരമായ കൊട്ടാരസൗധങ്ങള്‍, രാജ്യത്തെ ഏക ചൈനാടൗണ്‍, മദര്‍ തെരേസ താമസിച്ച് അടക്കം ചെയ്ത മദര്‍ ഹൗസ് എന്നിവയുള്‍പ്പെടെയുള്ള പൈതൃക സ്ഥലങ്ങള്‍ക്ക് പ്രശസ്തമായ ഇടമാണ് .

പനാമ സിറ്റി,

പനാമ നഗരത്തിലെ കാസ്‌കോ വീജോയും അതിന്റെ പ്രത്യേക കോസ്റ്റ ഡെല്‍ എസ്റ്റെ പരിസരവും 2050 ആകുമ്പോഴേക്കും വെള്ളത്തിനടിയിലാകാന്‍ സാധ്യത. 1519ല്‍ സ്പാനിഷ് ജേതാവായ പെഡ്രോ ഏരിയാസ് ഡി അവില സ്ഥാപിച്ച ഈ നഗരം, പസഫിക് തീരങ്ങളിലെ ആദ്യത്തെ യൂറോപ്യന്‍ വാസസ്ഥലങ്ങളില്‍ ഒന്നാണ് ഇത്.

യുണൈറ്റഡ് അറബ് എമിറേറ്റ്‌സ്

ആഗോളതലത്തില്‍ സമുദ്രനിരപ്പ് ഉയരുന്ന തോത് കണക്കിലെടുക്കുമ്പോള്‍, 2050 ആകുമ്പോഴേക്കും യുഎഇയില്‍ ഭാഗികമായി പല പ്രദേശങ്ങളും വെള്ളത്തിനടിയിലാകും. എന്നാല്‍ വെള്ളപ്പൊക്കത്തെ നേരിടാന്‍ തക്കവണ്ണം പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതില്‍ മുന്‍പന്തിയിലാണ് യുഎഇ എന്നതും ശ്രദ്ധേയമാണ്.
ദുബൈ, അബുദബി എന്നിവിടങ്ങളിലാകും ഗള്‍ഫ് കടല്‍ കയറുക എന്നാണ് വിദഗ്ധർ പറയുന്നത്. റാസല്‍ ഖൈമയ്ക്ക് പ്രധാനപ്പെട്ട കണ്ടല്‍ക്കാടുകള്‍, പഴയ മുത്തുകള്‍ ശേഖരിക്കുന്ന ഗ്രാമങ്ങള്‍, ആഡംബര റിസോര്‍ട്ടുകള്‍ എന്നിവ നഷ്ടമാകാൻ സാധ്യത.

മനില, ഫിലിപ്പീന്‍സ്

സമുദ്രനിരപ്പ് ഉയരുന്നതിനാല്‍ അപകട സാധ്യതയുള്ള മറ്റൊരു ഏഷ്യന്‍ മഹാനഗരം ഫിലിപ്പീന്‍സിലെ മനില ആണ്. ഏകദേശം 15 ദശലക്ഷം ആളുകള്‍ ഇവിടെ താമസിക്കുന്നുണ്ട്. ഭൂപടം അനുസരിച്ച്, തലസ്ഥാനത്തിന്റെ തീരത്തിനും തുറമുഖത്തിനും ചുറ്റുമുള്ള പ്രദേശങ്ങള്‍ 2050 ആകുമ്പോഴേക്കും പസഫിക് സമുദ്രത്തിലെ ദ്വീപസമൂഹത്തിന്റെ മറ്റ് ഭാഗങ്ങള്‍ക്കൊപ്പം വെള്ളത്തിനടിയിൽ ആവാൻ സാധ്യതയുണ്ട്.

ഹോ ചി മിന്‍ സിറ്റി, വിയറ്റ്‌നാം

സമുദ്രനിരപ്പ് ഇതേപോലെ ഉയര്‍ന്നാല്‍, വിയറ്റ്‌നാമിന്റെ സാമ്പത്തിക കേന്ദ്രമായ ഹോ ചി മിന്‍ സിറ്റിയുടെ ഭൂരിഭാഗവും നഗരത്തിന് തെക്കുള്ള ജനസാന്ദ്രതയുള്ളതും നിരപ്പായതുമായ തീരപ്രദേശങ്ങള്‍ക്കൊപ്പം വെള്ളത്തിനടിയിലായേക്കും .

അലക്‌സാണ്ട്രിയ, ഈജിപ്ത്

ഈജിപ്തിലെ പുരാതന തുറമുഖമായ അലക്‌സാണ്ട്രിയയില്‍ കൂടുതല്‍ സാംസ്‌കാരിക പൈതൃക സ്ഥലങ്ങള്‍ അപകടനിഴലിലാണ്. ബിസി 330ല്‍ മഹാനായ അലക്‌സാണ്ട്ര സ്ഥാപിച്ച ഈ ആധുനിക മഹാനഗരം 2050ഓടെ ജലപ്രവാഹം മൂലം നശിച്ചുപോയേക്കാം .

പോര്‍ട്ട് ഡഗ്ലസ്, ക്വീന്‍സ്‌ലാന്‍ഡ്, ഓസ്‌ട്രേലിയ

ഓസ്‌ട്രേലിയയുടെ തീരദേശത്തെ അടിസ്ഥാന സൗകര്യങ്ങള്‍ക്ക് വലിയ ഭീഷണി നേരിടുന്നുണ്ട്. പഠനമനുസരിച്ച്, കിഴക്കന്‍ തീരത്ത് സമുദ്രനിരപ്പ് ഉയരാനുള്ള സാധ്യത കൂടുതലാണ്, ഇത് ക്വീന്‍സ്‌ലാന്‍ഡിന്റെ ഏറ്റവും പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രങ്ങളെ ബാധിച്ചേക്കും.

ഷാങ്ഹായ്, ചൈന

ഷാങ്ഹായ് എന്നാല്‍ ‘കടലിന് മുകളിലുള്ള നഗരം’ എന്നാണ് അര്‍ത്ഥമാക്കുന്നത്, എന്നാല്‍ കാലാവസ്ഥാ നിയന്ത്രണത്തില്‍ നിന്നുള്ള ഡാറ്റ പ്രകാരം ഈ മെഗാസിറ്റി ഉടന്‍ കടലെടുത്തേക്കാം . വാസ്തവത്തില്‍, ഇത് ചൈനയിലെ ഏറ്റവും ഭീഷണി നേരിടുന്ന നഗരങ്ങളില്‍ ഒന്നുകൂടിയാണ്.

സെന്റ് അഗസ്റ്റിന്‍, ഫ്‌ലോറിഡ, യുഎസ്എ

അമേരിക്കയിലെ ഏറ്റവും പഴക്കം ചെന്ന നഗരമായ സെന്റ് അഗസ്റ്റിനെ വെള്ളപ്പൊക്കം വളരെക്കാലമായി ബാധിച്ചിട്ടുണ്ട്. കിഴക്കന്‍ തീരത്ത് ഏറ്റവും കൂടുതല്‍ ഭീഷണി നേരിടുന്ന സ്ഥലങ്ങളില്‍ ഒന്നായി ഈ നഗരത്തെ കണക്കാക്കുന്നു.

സാന്‍ ഫ്രാന്‍സിസ്‌കോ ബേ ഏരിയ, യുഎസ്എ

യുഎസ്എയുടെ പടിഞ്ഞാറന്‍ തീരത്ത്, സമുദ്രനിരപ്പ് ഉയരുന്നത് മൂലമുള്ള വലിയ വെള്ളപ്പൊക്കത്തില്‍ ഏറ്റവും കൂടുതല്‍ അപകടസാധ്യതയുള്ളത് സാന്‍ ഫ്രാന്‍സിസ്‌കോ ഉള്‍ക്കടല്‍ പ്രദേശമാണെന്ന് റിപ്പോര്‍ട്ടുകള്‍. ചുറ്റുമുള്ള സ്ഥലങ്ങളില്‍ തീവ്രമായ വെള്ളപ്പൊക്കമുണ്ടാകുമെന്നും 2050 ആകുമ്പോഴേക്കും സാന്‍ ഫ്രാന്‍സിസ്‌കോ, ഫ്രീമോണ്ട്, ഫോസ്റ്റര്‍ സിറ്റി എന്നിവയുടെ ചില ഭാഗങ്ങള്‍ വെള്ളത്തിനടിയിലാകുമെന്നും ആണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

ന്യൂയോര്‍ക്ക് സിറ്റി, ന്യൂയോര്‍ക്ക്, യുഎസ്എ

ലോകത്തിലെ മറ്റൊരു പ്രധാന നഗരമാണ് ന്യൂയോര്‍ക്ക് നഗരം. ന്യൂയോര്‍ക്ക് സംസ്ഥാനത്തിന്റെ ചില ഭാഗങ്ങളും അയല്‍ സ്റ്റേറ്റ് ആയ ന്യൂജേഴ്‌സിയും വെള്ളത്തിലേക്കാണ് നീ കൊണ്ടിരിക്കുന്നത്. ഇവിടെ വെള്ളപ്പൊക്കം ഉണ്ടാകാനുള്ള സാധ്യത 68% ആണെന്ന് വിദഗ്ധർ.

ബ്രൂഗസ്, ബെല്‍ജിയം

താഴ്ന്ന പ്രദേശമായ വടക്കന്‍ കടലിന്റെ തീരപ്രദേശത്തിന്റെ ഭൂരിഭാഗവും, ബെല്‍ജിയത്തിന്റെ തീരപ്രദേശവും അതിലെ മനോഹരമായ കടല്‍ത്തീര പട്ടണങ്ങളും സമുദ്രനിരപ്പ് ഉയരുന്നതിന് പ്രദേശങ്ങളാണ്. രാജ്യത്തിന്റെ വടക്കുപടിഞ്ഞാറന്‍ ഭാഗത്തുള്ള മനോഹരമായ ബ്രൂഗസ് നഗരവും ഈ ഭീഷണിനേരിടുന്നുണ്ട് .

സുനാമി വീശിയടിച്ച് 20 വര്‍ഷങ്ങള്‍

ലോകത്തെ മുഴുവന്‍ ബാധിച്ച സുനാമി കടലില്‍ നിന്നും വീശിയടിച്ച് നിരവധി ജീവനും കൊണ്ട് തിരിച്ചിറങ്ങിയിട്ട് 2024 ല്‍ 20 വര്‍ഷം പൂർത്തിയായി . 2004 ഡിസംബര്‍ 26 ന് ഇന്തോനേഷ്യന്‍ പ്രവിശ്യയായ ആഷെയുടെ പടിഞ്ഞാറന്‍ തീരത്ത് വടക്കന്‍ സുമാത്രയില്‍ 9.2 മുതല്‍ 9.3 വരെ തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടാവുകയും തുടര്‍ന്നുണ്ടായ സുനാമിയില്‍ 14 രാജ്യങ്ങളിലായി 227,898 പേര്‍ കൊല്ലപ്പെടുകയോ കാണാതാവുകയോ ചെയ്തിരുന്നു.

ഇന്തോനേഷ്യയാണ് ഏറ്റവും കൂടുതല്‍ നാശനഷ്ടങ്ങള്‍ നേരിട്ടത്, തൊട്ടുപിന്നാലെ ശ്രീലങ്കയും തായ്‌ലന്‍ഡുമാണ്, അതേസമയം പ്രഭവകേന്ദ്രത്തില്‍ നിന്ന് ഏറ്റവും കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് ദക്ഷിണാഫ്രിക്കന്‍ നഗരമായ പോര്‍ട്ട് എലിസബത്തിൽ ആണ്. 131,000 പേര്‍ കൊല്ലപ്പെട്ടെങ്കിലും, ഫിലിപ്പീന്‍സിന് ശേഷം ലോകത്തിലെ ഏറ്റവും കൂടുതല്‍ ദുരന്തസാധ്യതയുള്ള രണ്ടാമത്തെ രാജ്യമായ ഇന്തോനേഷ്യയുടെ ചരിത്രത്തിലെ ഏറ്റവും മാരകമായ പ്രകൃതി ദുരന്തമായി ഇത് കണക്കാക്കുന്നു.

ഇന്ത്യന്‍ മഹാസമുദ്ര ദുരന്തത്തിനു ശേഷമുള്ള രണ്ട് പതിറ്റാണ്ടുകളില്‍ സുനാമി ഗവേഷണം, കടല്‍ പ്രതിരോധം, നേരത്തെയുള്ള മുന്നറിയിപ്പ് സംവിധാനങ്ങളുടെ വികസനം എന്നിവയില്‍ വലിയ പുരോഗതി ഉണ്ടായിട്ടുണ്ടെങ്കിലും, 2004 ലെ നാശത്തിന്റെ വ്യാപ്തിയെക്കുറിച്ചുള്ള ഓര്‍മ്മകള്‍ കുറയുന്നതും കടലുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ വലിയ ശ്രദ്ധ നല്‍കാത്തതും അപകടമാണെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. സുനാമിയുടെ 20ാം വാര്‍ഷികത്തോടനുബന്ധിച്ച് ഡിസംബര്‍ 6ന് ലണ്ടനില്‍ നടന്ന ഒരു സിമ്പോസിയത്തില്‍ ലോകത്തിലെ പ്രമുഖ സുനാമി എഞ്ചിനീയറിംഗ് വിദഗ്ധര്‍ ഒത്തുകൂടിയപ്പോള്‍, ഗവേഷണത്തിന്റെ നിലവിലെ അവസ്ഥ വിലയിരുത്തുന്നതിലുള്ള അലംഭാവത്തെക്കുറിച്ചുള്ള ആശങ്കകള്‍ പങ്കുവെച്ചിട്ടുണ്ടായിരുന്നു.

സുനാമി ഒരു അപൂര്‍വ പ്രതിഭാസമാണെന്ന തെറ്റിദ്ധാരണ കാരണം, സുനാമി ഗവേഷണത്തിനുള്ള രാജ്യങ്ങളുടെ ധനസഹായത്തിന്റെ അഭാവത്തിനെതിരെ എപ്പോഴും കാലാവസ്ഥ വിദഗ്ദര്‍ പോരാട്ടം നടത്തുന്നുണ്ട്. കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടാകുന്ന സമുദ്രനിരപ്പ് ഉയരുന്നത് ഈ പ്രശ്‌നം കൂടുതല്‍ വഷളാക്കുകയേയുള്ളൂ എന്നതിനാല്‍, വരും ദശകങ്ങളില്‍ സുനാമികള്‍ ഉയര്‍ത്തുന്ന അപകടസാധ്യത ഉയര്‍ന്നിട്ടുണ്ടെങ്കിലും പൊതുവെ പല രാജ്യങ്ങളും ഈ വിഷയത്തില്‍ നിസ്സംഗത തുടർന്നു പോവുകയാണ്.

Discover how 71% of the Earth’s surface is covered by water, with rising sea levels reducing land areas. Explore the implications of these statistics.

metbeat news

Share this post
WhatsApp Group Join Now
Telegram Group Join Now
Instagram Group Join Now

Weather Journalist at metbeatnews.com. Graduated in English from Calicut University, and holds a Diploma in Electronics and Communication from Thiruvananthapuram Press Club and master of communication and journalism (MCJ) from Bharatiyar University with 6 years of experience in print and online media.